സോയൂസ് ക്യാപ്‌സ്യൂളിലെ ചോർച്ച: റഷ്യയുടെ ബഹിരാകാശസഞ്ചാരികളെ തിരികെയെത്തിച്ചേക്കും

സോയൂസ് ക്യാപ്‌സ്യൂളിലെ ചോർച്ച: റഷ്യയുടെ ബഹിരാകാശസഞ്ചാരികളെ തിരികെയെത്തിച്ചേക്കും

മോസ്കോ: സോയൂസ് ക്യാപ്‌സ്യൂളിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ രണ്ട് സഞ്ചാരികളെയും ഒരു ജീവനക്കാരനെയും തിരികെ കൊണ്ടുവരാനുള്ള രക്ഷാദൗത്യം റഷ്യ പരിഗണിക്കുന്നു. ക്യാപ്‌സ്യൂളിൽ ചോർച്ചയുണ്ടെങ്കിലും ഐഎസ്എസിലെ എല്ലാവരും സുരക്ഷിതരാണെന്ന് നാസ അറിയിച്ചു.

ഇവരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു അൺ-ക്രൂഡ് ക്യാപ്‌സ്യൂൾ അയച്ചേക്കുമെന്ന് ഒരു റഷ്യൻ ബഹിരാകാശ ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രൂ അംഗങ്ങളെ പ്രതീക്ഷിച്ചതിലും നേരത്തെ തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു രക്ഷാപ്രവർത്തന പദ്ധതി പരിഗണിക്കുകയാണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് ആണ് വ്യക്തമാക്കിയത്.


ഈ ദൗത്യത്തിലൂടെ ബഹിരാകാശ സഞ്ചാരികളായ സെർജി പ്രൊക്കോപ്പീവ്, ദിമിത്രി പെറ്റലിൻ എന്നിവരെയും നാസ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോയെയും തിരികെ എത്തിക്കുമെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഐഎസ്‌എസിൽ ഡോക്ക് ചെയ്‌തിരിക്കുന്ന സോയൂസിന്റെ എക്സ്റ്റേണൽ റേഡിയേറ്റർ കൂളിംഗ് ലൂപ്പാണ് ചോർച്ചയുടെ ഉറവിടമെന്നും എന്നാൽ ജീവനക്കാർ അപകടത്തിൽപ്പെട്ടിട്ടില്ലെന്നും നാസ അറിയിച്ചു.

പ്രതിസന്ധിയെ തുടർന്ന് റഷ്യൻ യാത്രികരുടെ ബഹിരാകാശ നടത്തം മാറ്റിവെച്ചിരുന്നു. നാസയുടെ അഭിപ്രായത്തിൽ ഡിസംബർ 14 ന് യാത്രികർ ബഹിരാകാശ നടത്തത്തിന് തയ്യാറെടുക്കുമ്പോഴാണ് ചോർച്ച കണ്ടെത്തിയത്. ബഹിരാകാശ നടത്തത്തിനായി എയർലോക്കിൽ നിന്ന് പുറപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പായിരുന്നു അജ്ഞാത പദാർത്ഥങ്ങൾ ചോരുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

നിലവിൽ ഐ‌എസ്‌എസിൽ ഡോക്ക് ചെയ്‌തിരിക്കുന്ന സോയൂസിൽ തന്നെ അവരെ തിരികെ ഭൂമിയിലെത്തിക്കാൻ കഴിയുമോയെന്നും നാസയും റോസ്‌കോസ്‌മോസും ശ്രമിക്കുന്നുണ്ടെന്ന് റോസ്‌കോസ്‌മോസിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സെർജി ക്രികലേവ് വ്യക്തമാക്കി.

ഫെബ്രുവരിയിൽ ഒരു അൺ-ക്രൂഡ് സോയൂസ് ക്യാപ്‌സ്യൂൾ അയയ്ക്കാൻ കഴിയുമെന്ന് നാസയുടെ ഐ‌എസ്‌എസ് പ്രോഗ്രാം മാനേജർ ജോയൽ മൊണ്ടാൽബാനോ പറഞ്ഞു. ഇത് സഞ്ചാരികളുടെ ബഹിരാകാശ യാത്ര ഒരു മാസത്തേക്ക് ചുരുക്കി. ദൗത്യം പൂർത്തിയാക്കി മൂവരുമായി വരുന്ന മാർച്ചിൽ സോയൂസിനെ ഭൂമിയിലേക്ക് മടക്കിയെത്തിക്കാനായിരുന്നു പദ്ധതി.


അതേസമയം ക്യാപ്‌സ്യൂളിന്റെ എക്‌സ്‌റ്റേണൽ റേഡിയേറ്ററിന്റെ കൂളന്റ് ലൈൻ എങ്ങനെയാണ് തകരാറിലായതെന്ന് അന്വേഷിക്കുകയാണെന്ന് നാസയും റോസ്‌കോസ്‌മോസ് അധികൃതരും പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

സോയൂസ് എം.എസ് 22 പേടകത്തിലെ ശീതികരണസംവിധാനത്തിലുണ്ടായ ചോർച്ചയെ തുടർന്ന് ക്യാപ്‌സൂളിലെ താപനില 30 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. സെപ്റ്റംബർ 21 നാണ് സോയൂസ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.