വത്തിക്കാൻ സിറ്റി: ദുരിതമനുഭവിക്കുന്ന ജനതയ്ക്കുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ സഹായവുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാട് ക്രയേവ്സ്കിയുടെ യാത്ര ഉക്രെയ്‌നിൽ തുടരുന്നു. ഈ ദിവസങ്ങളിൽ മാർപ്പാപ്പയിൽ നിന്ന് തനിക്ക് ലഭിച്ച പ്രോത്സാഹന സന്ദേശത്തെക്കുറിച്ച് പേപ്പൽ അൽമോണർ വെളിപ്പെടുത്തി.
ഡിസംബർ 19 ന് വൈദ്യുത ജനറേറ്ററുകളും തെർമൽ ജമ്പറുകളും ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിനായി പടിഞ്ഞാറൻ ഉക്രെയ്‌നിയൻ നഗരമായ ലിവിവിൽ കർദ്ദിനാൾ കൊൺറാട് ക്രയേവ്സ്കി എത്തിയിരുന്നു. അതിനുശേഷം താൻ എവിടെയായിരുന്നുവെന്നും എന്താണ് ചെയ്യുന്നതെന്നും വിശദീകരിച്ചുകൊണ്ട് പാപ്പയ്ക്ക് ഒരു ശബ്ദ സന്ദേശം അയച്ചുവെന്ന് പോളിഷ് കർദിനാൾ പറഞ്ഞു.
ഉക്രെയ്നിലെ സഹായ വിതരണത്തിൽ കർദ്ദിനാൾ ക്രയേവ്സ്കിയെ സന്നദ്ധപ്രവർത്തകർ സഹായിക്കുന്നു
ഉടൻ തന്നെ തന്റെ ദൗത്യത്തെ അത്യധികം പ്രോത്സാഹിപ്പിക്കുന്ന വളരെ നീണ്ട സന്ദേശം ഫ്രാൻസിസ് മാർപ്പാപ്പ തിരികെ അയച്ചു. സന്ദേശത്തിൽ ഉക്രെയ്നിനെയോർത്ത് തന്റെ ഹൃദയം വളരെയധികം ക്ലേശിക്കുന്നുവെന്ന് മാർപ്പാപ്പ കൂട്ടിച്ചേർത്തതായി കർദ്ദിനാൾ ക്രയേവ്സ്കി വ്യക്തമാക്കി.
ക്രിസ്ത്യൻ സാന്നിധ്യം
താൻ ക്ഷീണിതനാണെന്ന് വത്തിക്കാൻ ന്യൂസുമായുള്ള ടെലിഫോൺ അഭിമുഖത്തിനിടെ കർദ്ദിനാൾ പറഞ്ഞു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് ബുദ്ധിമുട്ടുള്ള ദിവസങ്ങൾ ചെലവഴിച്ചതിന്റെ ക്ഷീണം. എന്നാൽ അതേസമയം ധാരാളം ജനങ്ങൾ ഈ ദിവസങ്ങളിൽ സഹായത്തിനായി അഭ്യർത്ഥിക്കുന്നുമുണ്ടായിരുന്നു.
അതുകൊണ്ട് നഗരങ്ങൾക്കിടയിൽ വളരെ ദൂരം യാത്ര ചെയ്യുകയും 25 കിലോമീറ്റർ വരെ നീളമുള്ള അതിർത്തി ക്യൂവിൽ കുടുങ്ങുകയും ചെയ്തിരുന്നു. അത് മാത്രമല്ല വൈദ്യുതിയില്ലാത്തതിനാൽ തണുപ്പിന്റെയും ഇരുട്ടിന്റെയും ഇടയിൽ ബുദ്ധിമുട്ടുന്നവരുമായി ഇടപെട്ട് ഉണ്ടായ വൈകാരിക ആഘാതം മൂലമുണ്ടാകുന്ന ക്ഷീണം കൂടിയാണിത്.
യുദ്ധത്തിനിടെയിൽ സമാധാനത്തിനായുള്ള "ഒരു ക്രിസ്ത്യൻ സാന്നിധ്യമാണ്" ഇതെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചതായി കർദ്ദിനാൾ പറയുന്നു. "ഇതാണ് യേശുവും ചെയ്തിരുന്നത്, എപ്പോഴും രോഗികളുടെയും കഷ്ടപ്പെടുന്നവരുടെയും പാദുകത്തിൽ തന്നെത്തന്നെ വയ്ക്കുക" കർദ്ദിനാൾ ക്രയേവ്സ്കി കൂട്ടിച്ചേർത്തു.
സഭ ഉക്രെയ്നിലേക്കെത്തിച്ച സാധനസാമഗ്രികൾ
ലിവിവിൽ കുറച്ച് ദിവസങ്ങൾ ചെലവഴിച്ച ശേഷം, വെള്ളിയാഴ്ച പാപ്പൽ ചാരിറ്റീസ് ഓഫീസിന്റെ തലവൻ കീവിലേക്ക് പോയി. ഈ യാത്ര വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് കർദ്ദിനാൾ പറയുന്നു. നഗരത്തിൽ നിന്ന് പുറത്തുകടക്കാൻ തന്നെ ഒന്നര മണിക്കൂർ എടുത്തതായും അദ്ദേഹം വിശദീകരിച്ചു.
എപ്പേലാ (Eppela) എന്ന ഇന്റർനെറ്റ് പേജുവഴി ഉക്രെയ്ൻ ജനതയ്ക്ക് വേണ്ടി 1,11,000 യൂറോയാണ് സമാഹരിച്ചത്. നിരവധി ആളുകളുടെ ഈ ഔദാര്യത്തിന് നന്ദി പറഞ്ഞ കർദ്ദിനാൾ കൊൺറാട് ക്രയേവ്സ്കി ഇതുപയോഗിച്ച് വാങ്ങിയ തെർമൽ ജമ്പറുകൾ വിതരണം ചെയ്യുന്നതിനായി യുദ്ധമേഖലകളിലൂടെ കടന്ന് പോകുന്ന വാനിൽ പുലർച്ചെ 5 മണിക്ക് താൻ കയറിയതാനെന്നും വിശദീകരിച്ചു.
സമുദ്രത്തിലെ ഒരു തുള്ളി
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ദൗത്യം അനുസ്മരിച്ചുകൊണ്ട് "എനിക്ക് സന്തോഷമുണ്ട്" എന്ന് കർദ്ദിനാൾ പറയുന്നു. "ഈ ദിവസങ്ങളിൽ നിരവധി ജനറേറ്ററുകളും അവശ്യസാധനങ്ങളും വെളിച്ചമില്ലാത്ത, വൈദ്യുതിയില്ലാത്ത, വെള്ളമില്ലാത്ത ഉക്രെയ്നിലെ ജനതയ്ക്ക് എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു"വെന്നും കർദ്ദിനാൾ ക്രയേവ്സ്കി വ്യക്തമാക്കി.
“ഇതൊരു തുള്ളിയാണ് പക്ഷേ ആ തുള്ളി നദിയിലേക്കും നദിയിൽ നിന്ന് കടലിലേക്കും പോകുന്നു. സുവിശേഷത്തിന്റെ യുക്തിക്കനുസരിച്ച് നാം ന്യായവാദം ചെയ്യണം. ഞങ്ങൾ ചെറിയ പ്രവൃത്തികൾ ചെയ്യുന്നു, വലിയവ കർത്താവിനുള്ളതാണ്" കർദ്ദിനാൾ കൂട്ടിച്ചേർത്തു.
പാപമുള്ളിടത്ത് ധാരാളം കൃപ നിറഞ്ഞവരും ഉണ്ട്
യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ ആഴ്ച മുതൽ ഇതിനകം നിരവധി തവണ സന്ദർശിച്ച ഉക്രെയ്നിലേക്കുള്ള ഈ പുതിയ യാത്രയുടെ വൈകാരിക സ്വാധീനത്തെക്കുറിച്ചും കർദ്ദിനാൾ ക്രയേവ്സ്കി സംസാരിക്കുന്നു.
"ഈ യാത്ര എളുപ്പമല്ല, ആളുകൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്" അദ്ദേഹം പറയുന്നു. യുദ്ധത്തെക്കുറിച്ചുള്ള വേദനയ്‌ക്കൊപ്പം, ഇതുവരെ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിൽ നിന്ന് പിന്തിരിയാത്ത നിരവധി ആളുകളെ കാണുന്നതിന്റെ ആശ്വാസമുണ്ടെന്ന് കർദ്ദിനാൾ ഊന്നിപ്പറയുന്നു.
"ഞാൻ എല്ലാ ദിവസവും സന്നദ്ധപ്രവർത്തകരെ കാണാറുണ്ട്. അവർ അസാധാരണരും വിസ്മയിപ്പിക്കുന്നവരുമാണ്. ഒപ്പം പിന്നെ ഞാൻ ഗോഡൗണിൽ എത്തിയാലുടൻ വാതിൽ തുറക്കുന്നവരെയും പ്രത്യേകം ഓർക്കുന്നു. പിന്നെ ലോഡ് കയറ്റാൻ വരുന്ന ഫയർഫോഴ്സ്, അവർ മൂന്നാമത്തെയോ നാലാമത്തെയോ തവണയായാലും അതൊന്നും കാര്യമാക്കാതെ കഠിനാധ്വാനം ചെയ്യുന്നു.”
"സത്യമായും ഞാൻ പറയുന്നു, പാപമുള്ളിടത്ത് ധാരാളം കൃപ നിറഞ്ഞവരും ഉണ്ട്" എന്നും കർദ്ദിനാൾ കൊൺറാട് ക്രയേവ്സ്കി കൂട്ടിച്ചേർത്തു.
ശൈത്യത്തിൽ ആശ്വാസമായി ഒരു വണ്ടി നിറയെ വൈദ്യുതിയുല്പാദന യന്ത്രങ്ങളായ ജനറേറ്ററുകൾ ചൂടുവസ്ത്രങ്ങൾ തുടങ്ങിയവയുമായി നവംബർ 17 നാണ് കർദ്ദിനാൾ ക്രയേവ്സ്കി ഉക്രെയ്‌നിലെത്തിയത്.
സപ്പൊറിഷ്യ, ഓഡീസ, കിയേവ്, തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ കർദ്ദിനാൾ ക്രയേവ്സ്കിയുടെ നേതൃത്വത്തിൽ ഈ സഹായം എത്തിക്കുന്നുണ്ട്. യുദ്ധം വിതച്ചുകൊണ്ടിരിക്കുന്ന യാതനകളനുഭവിക്കുന്ന ജനതയോടുള്ള ഫ്രാൻസിസ് പാപ്പയുടെ സവിശേഷ സാമീപ്യത്തിൻറെ അടയാളമാണ് ഈ സഹായം.
റഷ്യയുടെ അധിനിവേശത്തെ തുടർന്ന് ഉക്രെയ്‌നിലെ നാൽപതു ശതമാനത്തോളം ഊർജ്ജോത്പാദകകേന്ദ്രങ്ങൾ തകർക്കപ്പെട്ടിരുന്നു. അതിശൈത്യം മൂലമുള്ള അടിയന്തിരാവസ്ഥ തുടരുന്നതിനാലും, യുദ്ധത്തിന് അറുതിവരാത്തതിനാലും രാജ്യത്ത് സാധാരണ ജനജീവിതം ദുരിതപൂർണ്ണമായതുകൊണ്ടാണ് വത്തിക്കാൻ ഇത്തരമൊരു സേവനവുമായി മുന്നോട്ടിറങ്ങിയത്.
കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.