ജയരാജ ബലാബലം: ഇ.പിക്കെതിരായ പി.ജെയുടെ ആരോപണം ചര്‍ച്ച ചെയ്യാന്‍ പി.ബി തീരുമാനം

ജയരാജ ബലാബലം: ഇ.പിക്കെതിരായ പി.ജെയുടെ ആരോപണം ചര്‍ച്ച ചെയ്യാന്‍ പി.ബി തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ സിപിഎം കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി.ബി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിട്ടില്ല. എങ്കിലും പാര്‍ട്ടിയെ ബാധിക്കുന്ന ഗുതരമായ ഒരു ആരോപണം എന്നനിലയിലാവും ഇത് ചര്‍ച്ച ചെയ്യുക എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇ.പിക്കെതിരെ പി.ജയരാജന്‍ കടുത്ത സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും നേരത്തേ താന്‍ ഈ ആരോപണമുന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്നും ജയരാജന്‍ കമ്മിറ്റിയോഗത്തില്‍ പറഞ്ഞു.

'സമകാലിക രാഷ്ട്രീയ സംഭവങ്ങളും സംഘടനാ രംഗത്തെ അടിയന്തര കടമയും' എന്ന തെറ്റ് തിരുത്തല്‍ രേഖയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ആരോപണം. ഏറെ നാളായി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് നില്‍ക്കുന്ന ഇ.പി യോഗത്തിലുണ്ടായിരുന്നില്ല.

പി. ജയരാജന്‍ വാര്‍ത്ത ശരി വച്ചില്ലെങ്കിലും ആരോപണം നിഷേധിക്കാന്‍ തയ്യാറായില്ല. സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ആധികാരികമായും ഉത്തമ ബോധ്യത്തോടെയുമാണ് താനിത് ഉന്നയിക്കുന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ ജയരാജന്‍ പറഞ്ഞു. നേരത്തേ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും പി. ജയരാജന്‍ ആരോപണമുന്നയിച്ചിരുന്നു.

2014 ലാണ് കണ്ണൂര്‍ അരോളിയില്‍ ഇ.പി ജയരാജന്റെ വീടിനോട് ചേര്‍ന്ന കടമുറി കെട്ടിടത്തിന്റെ വിലാസത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപീകരിക്കുന്നത്. മൂന്നു കോടി മൂലധനത്തില്‍ രജിസ്റ്റര്‍ ചെയ്തു

ഫിദ രമേശ്, ഇ.പി ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മകന്‍ ജയ്‌സണ്‍, നജീബ്, സുഭാഷിണി, ചൈതന്യ ഗണേഷ്, സുജാതന്‍, സുധാകരന്‍, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് ഡയറക്ടര്‍മാര്‍. ഇ.പിയുടെ മകനാണ് ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടര്‍.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വീടിനടുത്ത് മൊറാഴയിലെ വെള്ളിക്കീലിലാണ് കമ്പനിയുടെ കീഴിലുള്ള വൈദേകം റിസോര്‍ട്ട്. 30 കോടിയോളം ചെലവിട്ട് കുന്നിന്റെ മുകളിലാണ് നിര്‍മ്മാണം. റവന്യു, ജിയോളജി, പഞ്ചായത്ത് വകുപ്പുകളുടെ അനുമതിയില്ലാതെയാണ് കുന്ന് ഇടിച്ചു നിരപ്പാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.