പ്രാര്‍ത്ഥനാ നിര്‍ഭരമായി വത്തിക്കാന്‍; അധികാരത്തിനുള്ള മല്‍സരത്തില്‍ ബലിയാടാകുന്നത് ദുര്‍ബലര്‍; ക്രിസ്മസ് സന്ദേശത്തില്‍ മാര്‍പ്പാപ്പ

പ്രാര്‍ത്ഥനാ നിര്‍ഭരമായി വത്തിക്കാന്‍; അധികാരത്തിനുള്ള മല്‍സരത്തില്‍ ബലിയാടാകുന്നത് ദുര്‍ബലര്‍; ക്രിസ്മസ് സന്ദേശത്തില്‍ മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ഉണ്ണിയേശുവിന്റെ തിരുപ്പിറവി നിറവില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി വത്തിക്കാന്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കി.

ഉക്രെയ്നിലെ യുദ്ധത്തെയും മറ്റ് സംഘര്‍ഷങ്ങളെയും കുറിച്ച് പറഞ്ഞ മാര്‍പ്പാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരെപ്പോലും വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണെന്ന് ആശങ്കപ്പെട്ടു.

സമ്പത്തിനും അധികാരത്തിനുമുള്ള മല്‍സരത്തില്‍ എന്നും ബലിയാടാകേണ്ടി വരുന്നത് ദുര്‍ബലരും കുട്ടികളുമാണെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. മനുഷ്യന്റെ അന്തസിനും സ്വാതന്ത്ര്യത്തിനും വില കൊടുക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ലോകത്ത് പലയിടത്തും നടക്കുന്നത്.

എത്ര യുദ്ധങ്ങള്‍ നമ്മള്‍ കണ്ടു. എല്ലാത്തിനും ദുര്‍ബലരാണ് ഇരകളാകുന്നത്. യുദ്ധം കൊണ്ടും ദാരിദ്ര്യം കൊണ്ടും അനീതികള്‍ മൂലവും ദുരതമനുഭവിക്കുന്ന കുട്ടികളെക്കുറിച്ചാണ് താന്‍ വ്യാകുലപ്പെടുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ലോകത്തിന് സമാധാനമാണ് ആവശ്യം, എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും സമാധാനം വന്നുചേരണം, ഇതിനായി സുമനസുള്ള എല്ലാ സ്ത്രീയും പുരുഷനും പ്രവര്‍ത്തിക്കണമെന്ന് സമാധാനം ആരംഭിക്കുന്നത് വ്യക്തികളില്‍ നിന്നാണ്. ദുര്‍ബലരെയും കുട്ടികളെയും സംരക്ഷിക്കുന്ന ലോകമാണ് ഈ നാടിനാവശ്യമെന്നും മാര്‍പാപ്പ പറഞ്ഞു.

കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം അതേപടി പുനരാവിഷ്‌കരണമാണ് വത്തിക്കാനില്‍ കണ്ടത്. തെരഞ്ഞെടുക്കപ്പെട്ട ശേഷം പാപ്പയുടെ പത്താമത് ക്രിസ്തുമസ് സന്ദേശമായിരുന്നു ഇത്തവണത്തേത്.

ക്രിസ്തുമസ് കുര്‍ബാനയില്‍ ഏഴായിരത്തോളം പേര്‍ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മണികള്‍ മുഴങ്ങിയപ്പോള്‍ അള്‍ത്താരയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉണ്ണിയേശുവിന്റെ രൂപം അനാച്ഛാദനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.