ഓസ്‌ട്രേലിയയില്‍ ചീര കഴിച്ചവര്‍ക്ക് മതിഭ്രമം; വില്ലന്‍ ചീരയ്‌ക്കൊപ്പം വളര്‍ന്ന വിഷച്ചെടി

ഓസ്‌ട്രേലിയയില്‍ ചീര കഴിച്ചവര്‍ക്ക് മതിഭ്രമം; വില്ലന്‍ ചീരയ്‌ക്കൊപ്പം വളര്‍ന്ന വിഷച്ചെടി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചീര (സ്പിനാച്ച്) കഴിച്ച് ഇരുന്നൂറിലധികം പേര്‍ക്ക് മതിഭ്രമവും കാഴ്ച്ച മങ്ങലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ട സംഭവത്തില്‍ വില്ലനെ കണ്ടെത്തി. ചീരയിലെ വിഷാംശമാകാം കാരണം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമായ യഥാര്‍ത്ഥ വില്ലനെ തിരിച്ചറിഞ്ഞത്.

സംഭവം ഓസ്‌ട്രേലിയയില്‍ വലിയ വാര്‍ത്തയായതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയത്. റിവിയേര ഫാംസ് എന്ന ബ്രാന്‍ഡിലുള്ള സ്പിനാച്ച് കഴിച്ചവര്‍ക്കാണ് പ്രശ്‌നമുണ്ടായത്. തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ വൂള്‍വര്‍ത്ത്‌സ്, കോള്‍സ്, ആല്‍ഡി എന്നിവയൊക്കെ തങ്ങളുടെ ചില സസ്യ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചിരുന്നു.

ചീരയ്‌ക്കൊപ്പം ഉമ്മം എന്ന വിഷച്ചെടി കൂടി കലര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. ത്രോണ്‍ആപ്പിള്‍ എന്നറിയപ്പെടുന്ന ചെടിയാണ് ചീരയ്‌ക്കൊപ്പം വളര്‍ന്നത്. ജിംസണ്‍വീഡ് എന്നറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം ദത്തൂര സ്ത്രമോണിയം (Datura stramonium) എന്നാണ്.

മതിഭ്രമം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കണ്ണുകള്‍ ചുവക്കുക, മങ്ങിയ കാഴ്ച, പനി, കുഴഞ്ഞ സംസാരം, ഓക്കാനം, ഛര്‍ദ്ദി, വായയും ചര്‍മവും വരണ്ടതായി അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളായിരുന്നു രോഗികള്‍ക്ക് പ്രകടമായത്. ചീര കഴിച്ചതിന് പിന്നാലെയാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതും. ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം 88 പേരോളം ഇതേ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ഇതില്‍ 33 പേര്‍ ഡോക്ടര്‍മാരെ സമീപിക്കുകയും ചെയ്തു.

ചീരയ്‌ക്കൊപ്പം എങ്ങനെയാണ് വിഷച്ചെടിയും വളര്‍ന്നത് എന്ന കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഓസ്‌ട്രേലിയയിലെ റിവിയേര ഫാമില്‍ നിന്നുള്ള ചീരയാണ് രാജ്യത്തുടനീളം ആശങ്ക പരത്തിയത്. ഇവിടെ നിന്നും ചീര വാങ്ങി കഴിച്ചവര്‍ക്ക് അസ്വസ്ഥതയുണ്ടായെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ഫാം അധികൃതരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചു. വിക്ടോറിയയിലെ ഫാമിലാണ് ചീര കൃഷി ചെയ്യുന്നത്. ഇവിടെനിന്നു മറ്റ് ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് പതിവ്.

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ക്വീന്‍സ് ലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26