ദുബായ്: എമിറേറ്റിന്‍റെ വിവിധ ഇടങ്ങളില്‍ വാടകനിരക്കില്‍ വർദ്ധനവുണ്ടാകുമെന്ന് വിലയിരുത്തല്‍. കോവിഡ് പശ്ചാത്തലത്തില്‍ കുറഞ്ഞ വാടകയാണ് 2022 മുതല്‍ നേരിയ തോതില്‍ ഉയരുന്നത്. 2023 ലും ഇതേ പ്രവണത തുടരുമെന്നാണ് പ്രവചനം. തൊഴില്‍ വിപണിയിലെ ഉണർവ്വും വിദേശ രാജ്യങ്ങളില്‍ നിന്നുളളവരുടെ ഒഴുക്കും വർദ്ധിച്ചു. അതുകൊണ്ടുതന്നെ 2023 ലും വാടക ഉയർന്ന് തന്നെയായിരിക്കുമെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി മേഖലയിലെ പ്രമുഖരായ ഡേവിഡ് അബൂഡ് വിലയിരുത്തുന്നു.
എമിറേറ്റ്സ് ഹില്‍സ്, പാം ജുമൈറ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ ആഢംബര വില്ലകളെല്ലാം അടുത്തവർഷം വാടകയുടെ കാര്യത്തില്‍ മുന്‍പന്തിയിലെത്തും. ബീച്ച് ഫ്രണ്ട് പ്രോപ്പർട്ടികൾ, സ്കൈലൈൻ കാഴ്ചകൾ, തുടങ്ങിയവയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ വാടക ഉയരും. എന്നാല്‍ വാടക ഉയർന്നുനില്‍ക്കുന്ന ഈ സാഹചര്യത്തിലും 2014ലെ നിരക്കിന് താഴെയാണ് ഇതെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു.
ദുബായ് മറീനയിൽ, ശരാശരി വാടക 121,000 ദിർഹമാണ്. എന്നാല്‍ 2014 ലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ ഒമ്പത് ശതമാനം താഴെയാണ് ഈ നിരക്ക്. 2014 നെ അപേക്ഷിച്ച് ജെഎല്‍റ്റി, സ്പോർട്സ് സിറ്റി വാടകനിരക്കുകളും ശരാശരി 30 ശതമാനവും 40 ശതമാനവും കുറവാണ്. അറേബ്യൻ റേഞ്ചുകളിലെ ശരാശരി വാടക നിലവിൽ 217,000 ദിർഹമാണ്, 2014ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ആറ് ശതമാനം കുറവാണിത്.
ജുമൈറ വില്ലേജ് സർക്കിൾ, ദി സ്പ്രിംഗ്‌സ് ആൻഡ് മെഡോസ്, ഡിസ്കവറി ഗാർഡൻസ്, ദുബായ് സ്‌പോർട്‌സ് സിറ്റി, ജുമൈറ വില്ലേജ് സർക്കിൾ, ജെഎൽടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം 2014 ലേതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇപ്പോഴും വാടക നിരക്കുളളത്. എന്നാല്‍ 2014 നേക്കാള്‍ സൗകര്യങ്ങളും അപാർട്മെന്‍റുകളും കൂടിയെന്നുളളതും ഇതിനൊരുഘടകമാണെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.