കോവിഡ് ജാഗ്രത: ഇന്ന് രാജ്യ വ്യാപക മോക്ക് ഡ്രില്‍; ആശുപത്രികളിലെ ചികിത്സാ സൗകര്യം വിലയിരുത്തും

കോവിഡ് ജാഗ്രത: ഇന്ന് രാജ്യ വ്യാപക മോക്ക് ഡ്രില്‍; ആശുപത്രികളിലെ ചികിത്സാ സൗകര്യം വിലയിരുത്തും

ന്യൂഡൽഹി: ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനതലത്തിൽ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. രാജ്യത്ത് പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാൻ കൂടിയാണ് മോക്ക് ഡ്രിൽ നടത്തുന്നത്. 

ജില്ലാതലത്തിൽ ആരോഗ്യസംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ച സഫ്ദർജംഗിലെ കേന്ദ്ര സർക്കാർ ആശുപത്രിയിൽ നേരിട്ട് ഹാജരാകും.

അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ മോക്ഡ്രിലിന് മേൽനോട്ടം വഹിക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചു. ഓക്‌സിജൻ പ്ലാന്റ്, വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

അത്യാഹിതവിഭാഗങ്ങളിലുൾപ്പെടെ കിടക്കകൾ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ആംബുലൻസുകൾ തുടങ്ങിയവയുടെ എണ്ണം, ആർടിപിസിആർ-ആർഎടി പരിശോധനക്കിറ്റുകൾ, പിപിഇ കിറ്റുകൾ, എൻ-95 മാസ്കുകൾ, മെഡിക്കൽ ഓക്സിജൻ ലഭ്യത, ടെലിമെഡിസിൻ സർവീസിന്റെ പ്രവർത്തനം എന്നിവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രനിർദേശം. ഇത് സംബന്ധിച്ച റിപ്പോർട്ട് വൈകീട്ടുതന്നെ കോവിഡ് ഇന്ത്യ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. 

ഇന്ത്യയിൽ കോവിഡ് വാക്സിന് ആവശ്യക്കാർ ഏറുന്നതായി റിപ്പോർട്ട്. വാക്സിനെടുക്കുന്നവരുടെ എണ്ണം രണ്ടുശതമാനം കൂടി. ആവശ്യക്കാർ കൂടിയതോടെ വാക്സിൻ സ്റ്റോക്കില്ലെന്നും അധിക ഡോസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. 

തിങ്കളാഴ്ച രാജ്യത്ത് 196 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സജീവ രോഗികളുടെ എണ്ണം 3,428 ആയി. അനാവശ്യ കോവിഡ് ഭീതി ജനങ്ങളിലുണ്ടാക്കും വിധം നടക്കുന്ന വ്യാജപ്രചാരണങ്ങൾ തടയാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.