കീവ്: ക്രിസ്തുമസ് ദിനത്തില്‍ പോലും യുദ്ധത്തിന് അവധി കൊടുക്കാന്‍ റഷ്യ തയാറായിരുന്നില്ല. അന്നേ ദിവസവും ഉക്രെയ്‌നിലുടനീളം വ്യോമാക്രമണ സൈറണുകള്‍ നിരന്തരം മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. എങ്കിലും ഭൂഗര്‍ഭ അറകളില്‍ ഒത്തുകൂടി കരോള്‍ ഗീതങ്ങള്‍ പാടി ഉക്രെയ്ന്‍ ജനത ക്രിസ്തുമസ് ആഘോഷിച്ചു.
ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ബോംബ് ഷെല്‍ട്ടറായി മാറിയ മെട്രോ സ്റ്റേഷനിലായിരുന്നു ക്രിസ്തുമസ് ദിനത്തില്‍ നിരവധി പേര്‍ ഒത്തുകൂടിയത്. കുട്ടികളും സ്ത്രീകളും പ്രായമായവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വര്‍ണാഭമായ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച ഉക്രെയ്ന്‍കാര്‍ കരോള്‍ ഗീതങ്ങള്‍ ആലപിച്ചു. നല്ല നാളേയ്ക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് അല്‍പനേരമെങ്കിലും അവര്‍ യുദ്ധത്തിന്റെ വേദനകള്‍ മറന്നു.
ഉക്രെയ്‌നിലെ ക്രൈസ്തവര്‍ സാധാരണയായി ജനുവരി ആദ്യമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാല്‍ ഇക്കുറി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ഭിന്നതയെതുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുടരുന്ന ഡിസംബര്‍ 25 നാണ് ഉക്രെയ്ന്‍കാര്‍ ക്രിസ്തുമസ് ആഘോഷിച്ചത്.
'യുദ്ധക്കെടുതികളെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചും ഓര്‍ത്ത് ഞങ്ങള്‍ വിലപിച്ചുകൊണ്ടിരിക്കണം എന്നായിരിക്കും ശത്രുക്കള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സങ്കടങ്ങള്‍ക്കിടയിലും ഞങ്ങള്‍ സ്തുതിഗീതങ്ങള്‍ ആലപിക്കുക തന്നെ ചെയ്യും - മെട്രോ സ്റ്റേഷനില്‍ തടിച്ചുകൂടിയ ആളുകളെ അഭിസംബോധന ചെയ്ത് കീവ് കോലിയാഡ കമ്മ്യൂണിറ്റിയുടെ കോര്‍ഡിനേറ്റര്‍ ഒക്‌സാന സോബ്‌കോ പറഞ്ഞു.
ഈ ഒത്തുചേരല്‍ തങ്ങള്‍ക്ക് അവിശ്വസനീയമായിരുന്നുവെന്നും ഈ അനുഭവം വാക്കുകളാല്‍ വിവരിക്കുക അസാധ്യമാണെന്നും കീവ് നിവാസിയായ യാരോസ്ലാവ് മെല്‍നിചുക്ക് പറഞ്ഞു.
ഞായറാഴ്ചയും കീവ് ഉള്‍പ്പെടെ എല്ലാ ഉക്രെയ്ന്‍ പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ നിരന്തരം മുഴങ്ങി.
യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പുടിന്‍ പറഞ്ഞതിനു പിന്നാലെ ക്രിസ്മസ് ദിനത്തില്‍ റഷ്യന്‍ സൈന്യം ഉക്രെയ്‌നില്‍ നാല്‍പതിലധികം റോക്കറ്റ് ആക്രമണങ്ങളാണു നടത്തിയത്. 24 മണിക്കൂറിനുള്ളില്‍ ലുഹാന്‍സ്‌ക്, ഡോണെറ്റ്സ്‌ക്, ഖാര്‍കീവ്, ഖേഴ്‌സണ്‍, സെപൊറീഷ്യ മേഖലകളിലെ ഡസന്‍ കണക്കിന് പട്ടണങ്ങളില്‍ റഷ്യ ഷെല്ലാക്രമണം നടത്തിയതായി ഉക്രെയ്ന്‍ സൈന്യം ആരോപിച്ചു.
ഉക്രെയ്‌നിലെ ഊര്‍ജ നിലയങ്ങള്‍ക്കു നേരെയുള്ള റഷ്യന്‍ ആക്രമണം മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് വൈദ്യുതി ഇല്ലാതായത്. കൊടും ശൈത്യത്തില്‍ 2022-ലെ ഉക്രെയ്‌ന്റെ അവസാന നാളുകള്‍ ഇരുണ്ടതും ബുദ്ധിമുട്ടുള്ളതുമാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.