ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം; അപകടം ചന്ദ്രബാബു നായ്ഡു നയിച്ച റാലിക്കിടെ

ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം; അപകടം ചന്ദ്രബാബു നായ്ഡു നയിച്ച റാലിക്കിടെ

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. നെല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെയാണ് സംഭവം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്.

കന്‍ഡുക്കൂരില്‍ ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുസമ്മേളനത്തിനിടെയാണ് ദുരന്തമുണ്ടായത്. പൊതുസമ്മേളനത്തില്‍ ആയിരക്കണക്കിന് ടിഡിപി പ്രവര്‍ത്തകരും പൊതുജനങ്ങളുമാണ് പങ്കെടുത്തത്. 

ചന്ദ്രബാബു നായിഡു സമ്മേളന നഗരിയിലേക്ക് എത്തിയപ്പോള്‍ ആളുകള്‍ പരസ്പരം തിക്കി തിരക്കി. ഇതാണ് ദുരന്തത്തിന് വഴിവച്ചതെന്ന് ആന്ധ്രാ പൊലീസ് പറഞ്ഞു. 

തിരക്കില്‍പ്പെട്ട് ഞെരുങ്ങിയപ്പോള്‍ ചിലര്‍ ഓടയിലേക്ക് ഉള്‍പ്പെടെ വീഴുന്ന സ്ഥിതിയുണ്ടായി. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത് സംഘാടകരെ വലച്ചിരുന്നു. 

ഇതിനിടെ ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലും ചില തര്‍ക്കങ്ങളുണ്ടായി. തര്‍ക്കങ്ങള്‍ക്കിടയില്‍ പെട്ട് പൊതുജനങ്ങള്‍ ഓടുന്നതിനിടെയാണ് ചിലര്‍ ഓടയിലേക്ക് വീഴുന്ന നിലയുണ്ടായത്. 

ഗുരുതരമായി പരുക്കേറ്റ 10 പേരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ആളുകളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.