പോപ്പുലര്‍ ഫ്രണ്ടിനെ വിടാതെ പിന്തുടര്‍ന്ന് എന്‍ഐഎ; നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ വീണ്ടും വ്യാപക റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ടിനെ വിടാതെ പിന്തുടര്‍ന്ന് എന്‍ഐഎ; നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ വീണ്ടും വ്യാപക റെയ്ഡ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ ഭാരവാഹികളുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. 

സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതൽ എറണാകുളം റൂറലിലാണ്. 12 കേന്ദ്രങ്ങളിൽ. ഡൽഹിയിൽ നിന്നുളള എൻഐഎ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തിൽ എത്തിയിട്ടുണ്ട്. പിഎഫ്ഐ നിരോധനത്തിന്റെ തുടർച്ചയാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻഐഎ ഉദ്യോഗസ്ഥർ മടങ്ങി. 

മാസങ്ങൾക്ക് മുൻപ് രാജ്യവ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎഫ്ഐ നിരോധിക്കുന്നത്. എന്നാൽ പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. 

നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന. കേരള പൊലീസിൻ്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്. 

പിഎഫ്ഐ നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് യോഗം ചേര്‍ന്നെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. നിരോധന നീക്കങ്ങള്‍ക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന സംഘം എറണാകുളത്ത് പെരിയാര്‍ വാലിയിൽ യോഗം ചേർന്നതു കണ്ടെത്തി. മറ്റു ജില്ലകളില്‍ പിഎഫ്ഐ ശക്തികേന്ദ്രങ്ങളിലായിരുന്നു യോഗം നടന്നതെന്ന് എൻഐഎ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ. എന്നിവിടങ്ങളിലാണ് റെയ്ഡ്. പിഎഫ്ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡൻ്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അം​ഗം സുൽഫി വിതുര, പിഎഫ്ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്ത് എൻഐഎ ഡിവൈഎസ്പി ആർ.കെ.പാണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധന.

കൊല്ലം ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടലാണ് പരിശോധന.

പത്തനംതിട്ടയിൽ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടക്കുകയാണ്. പിഎഫ്ഐ നേതാവ് സജീവിൻ്റെ വീട്ടിലാണ് പരിശോധന. 

കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻഐഎ റെയ്ഡ് നടക്കുകയാണ്. സുനീർ മൗലവിയുടെ കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഈരാറ്റുപേട്ടയിലും എൻഐഎയുടെ പരിശോധന നടക്കുകയാണ്. 

മൂവാറ്റുപുഴയിൽ പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ. അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ  രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളിൽ റെയ്ഡ് അവസാനിച്ചു. നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിൻ്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു. 

മലപ്പുറത്തും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന. മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡൻ്റ് ഒ.എം.എ. സലാമിൻ്റെ സഹോദരൻ്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുകയാണ്. 

മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ പരിശോധന നടക്കുകയാണ്. നാസർ മൗലവി എന്നയാളുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറം സോണൽ പ്രസിഡന്റ്‌ ആയിരുന്നു നാസർ മൗലവി. ഇദ്ദേഹം നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം. 

കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പിഎഫ്ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. പാലേരിയിലും എൻഐഎ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. 

പിഎഫ്ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണു റെയ്ഡെന്നാണു സൂചന. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.