'ദൈവത്തെ കളിയാക്കരുത്': മരുന്ന് കുറിപ്പടിയില്‍ പരിഹാസ വാചകം; ഡോക്ടര്‍ക്കെതിരെ അന്വേഷണം

'ദൈവത്തെ കളിയാക്കരുത്': മരുന്ന് കുറിപ്പടിയില്‍ പരിഹാസ വാചകം; ഡോക്ടര്‍ക്കെതിരെ അന്വേഷണം

ആലപ്പുഴ: രോഗികളുടെ മരുന്നു കുറിപ്പടിയില്‍ പരിഹാസ മറുപടി എഴുതിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തും. ഒപിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ കുറിപ്പടിയില്‍ മരുന്നുകളുടെ വിവരങ്ങള്‍ അവ്യക്തമായി കുറിക്കുകയും സംശയം ചോദിക്കുന്ന ജീവനക്കാരെ പരിഹസിക്കുന്ന വിധം കുറിപ്പുകള്‍ എഴുതുകയുമായിരുന്നു ഇയാള്‍.

രോഗീപരിചരണത്തില്‍ നിന്ന് ഡോക്ടറെ വിലക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍ രാജന്‍ അറിയിച്ചു. വിഷയം വിശദമായി അന്വേഷിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സൂപ്രണ്ടിനോട് ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നിന്റെ കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധം ജനറിക് പേരുകള്‍ എഴുതണമെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ ഡോക്ടര്‍ ഇത് ലംഘിക്കുകയായിരുന്നു.

കുറിപ്പടിയിലെ മരുന്ന് ഏതെന്ന് കൃത്യമായി വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതോടെ വനിതാ ജീവനക്കാരി ഡോക്ടറെ സമീപിച്ചു. മരുന്നുകള്‍ ഏതെന്ന സൂചനകള്‍ക്കൊപ്പം 'ദൈവത്തെ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത്' എന്ന് കൂടി ഡോക്ടര്‍ എഴുതി നല്‍കുകയായിരുന്നു.

മറ്റൊരു കുറിപ്പടിയിലെ മരുന്ന് മനസിലാക്കാനാകാതെ ഡോക്ടറെ സമീപിച്ച സ്റ്റാഫ് നേഴ്സിനും ഫാര്‍മസിസ്റ്റിനും മലയാളത്തില്‍ മരുന്നിന്റെ പേര് എഴുതി നല്‍കി. 'ഡെറിഫിലിന്‍' എന്ന് മലയാളത്തില്‍ രണ്ടാമത് കുറിച്ചത് പരിഹാസ രൂപേണയാണെന്നാണ് ആക്ഷേപം. സംഭവത്തില്‍ ജീവനക്കാര്‍ സൂപ്രണ്ടിനോടു പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് പ്രാഥമിക അന്വേഷണം നടത്തി ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.