ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്ക് വേണ്ടി റോമിൽ ഇന്ന് പ്രത്യേക ബലിയർപ്പണം

ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്ക് വേണ്ടി റോമിൽ ഇന്ന് പ്രത്യേക ബലിയർപ്പണം

വത്തിക്കാൻ സിറ്റി: എമിരറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ആരോഗ്യം നിയോഗമായി സമർപ്പിച്ച് റോം രൂപത ഇന്ന് പ്രത്യേക ബലിയർപ്പണം നടത്തും. ഡിസംബര്‍ 30 ന് വൈകിട്ട് 5:30 ന് സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് റോം രൂപതയുടെ വികാരിയായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.

2005- 2013 കാലയളവില്‍ തിരുസഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് മാർപ്പാപ്പയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം. റോം രൂപതയിലെ മുഴുവന്‍ ഇടവക സമൂഹങ്ങളെയും ബെനഡിക്ട് പതിനാറാമന് വേണ്ടിയുള്ള വിശുദ്ധ കുർബാനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കുവാന്‍ കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് ക്ഷണിച്ചു.

ഇന്നത്തേയും വരും ദിവസങ്ങളിലേയും വിശുദ്ധ കുര്‍ബാനകളില്‍ നമ്മുടെ പ്രിയപ്പെട്ട മുൻ മാർപ്പാപ്പയുടെ സഹനങ്ങളിലും കഷ്ടതകളിലും നമുക്കും അദ്ദേഹത്തെ അനുഗമിക്കാമെന്നു കര്‍ദ്ദിനാള്‍ ഡൊണാറ്റിസിന്റെ പ്രസ്താവനയിൽ പറയുന്നു. റോം രൂപതയുടെ ഫേസ്ബുക്ക് പേജിൽ ബലിയർപ്പണം ലൈവായി സ്ട്രീം ചെയ്യും.

റോമിന്റെ കത്തീഡ്രലും റോം മെത്രാൻ കൂടിയായ ഫ്രാന്‍സിസ് പാപ്പയുടെ ഭദ്രാസനവും കൂടിയാണ് സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസിലിക്ക. ഇക്കഴിഞ്ഞ ബുധനാഴ്ചത്തേ തന്റെ പതിവനുസരിച്ചുള്ള പൊതു അഭിസംബോധനക്കിടെ ഫ്രാന്‍സിസ് പാപ്പ, രോഗബാധിതനും ക്ഷീണിതനുമായ ബെനഡിക്ട് പാപ്പക്ക് വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

നിശബ്ദമായി സഭയെ നിലനിര്‍ത്തിവരുന്ന ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു പാപ്പ അഭ്യര്‍ത്ഥിച്ചത്. ഇതിന് പിന്നാലെ ബെനഡിക്ട് പാപ്പയ്ക്ക് വേണ്ടിയുള്ള ഒരു പ്രാർത്ഥനയും വത്തിക്കാന്‍ പുറത്തിറക്കി. പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ ഇപ്രകാരമാണ്.

"സർവ്വശക്തനും നിത്യനുമായ ദൈവമേ, അങ്ങയില്‍ വിശ്വസിക്കുന്നവരുടെ നിത്യ ആരോഗ്യമാണല്ലോ അങ്ങ്. രോഗിയായ അങ്ങയുടെ പ്രിയ ദാസൻ ബെനഡിക്ട് പാപ്പയ്ക്കു വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ അദ്ദേഹത്തിന് വേണ്ടി അങ്ങയുടെ കരുണാര്‍ദ്രമായ സഹായം അഭ്യർത്ഥിക്കുന്നു. ആമേൻ."

അതേസമയം ഇന്നലെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച പുതിയ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രാത്രിയില്‍ ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു നല്ലവണ്ണം വിശ്രമിക്കുവാന്‍ കഴിഞ്ഞുവെന്നും ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കൂടുതൽ വായനയ്ക്ക്...

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാന്‍; പ്രാര്‍ത്ഥനയോടെ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം

ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയുമായി ഫ്രാൻസിസ് പാപ്പ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.