പെര്‍ത്ത്: തലകീഴായി മറിഞ്ഞ കാറിനുള്ളില്‍ 55 മണിക്കൂര്‍, അരികില്‍ മാതാപിതാക്കളുടെ മൃതദേഹം, ക്രിസ്തുമസ് ദിനത്തിലുണ്ടായ വാഹനാപകടത്തില്‍നിന്നുള്ള മൂന്നു പിഞ്ചുകുട്ടികളുടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വാര്‍ത്തയാണ് പശ്ചിമ ഓസ്‌ട്രേലിയയില്‍നിന്നു പുറത്തുവരുന്നത്. അഞ്ചു വയസുകാരിയുടെ അസാധാരണമായ ധൈര്യമാണ് ഒന്നും രണ്ടും വയസുള്ള സഹോദരങ്ങള്‍ക്കു രക്ഷയായത്.
30 ഡിഗ്രി താപനിലയില്‍ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ക്കൊപ്പം രണ്ടു ദിവസത്തില്‍ കൂടുതല്‍ ചെലവഴിച്ചതിനു ശേഷമാണ് മൂവരും അത്ഭുതകരമാംവിധം രക്ഷപ്പെട്ടത്.
ജേക്ക് ഡേ, സിന്‍ഡി ബ്രാഡോക്ക് എന്നിവര്‍ കുട്ടികള്‍ക്കൊപ്പം (സ്വകാര്യത മാനിച്ച് കുട്ടികളുടെ മുഖം മറച്ചിരിക്കുന്നു)
പശ്ചിമ ഓസ്‌ട്രേലിയയുടെ വിദൂര മേഖലയില്‍ ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിലേക്കു നയിച്ച സാഹചര്യം വ്യക്തമായിട്ടില്ലെങ്കിലും ജേക്ക് ഡേ (28), സിന്‍ഡി ബ്രാഡോക്ക് (25) എന്നിവരാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു. ഇവര്‍ക്കൊപ്പം മൂന്നു പിഞ്ചു മക്കളുമുണ്ടായിരുന്നു.
വിജനമായ മേഖലയിലൂടെ പോകുമ്പോഴാണ് അഞ്ചംഗ കുടുംബം അപകടത്തില്‍പെട്ടത്. കുടുംബം സഞ്ചരിച്ച ലാന്‍ഡ് റോവര്‍ പല തവണ തകിടം മറിഞ്ഞു. കുട്ടികളുടെ മാതാപിതാക്കള്‍ വാഹനത്തിനുള്ളില്‍ വച്ചുതന്നെ തല്‍ക്ഷണം മരിച്ചു. പ്രധാന നിരത്തില്‍നിന്നു മാറിയായതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല
വാഹനാപകടത്തിന്റെ ദൃശ്യം
അഞ്ചു വയസുകാരിയും ഒന്നും രണ്ടും വയസുള്ള സഹോദരങ്ങളും കാറിനുള്ളില്‍ ജീവനോടെ അവശേഷിച്ചു. അഞ്ചു വയസുകാരിയായ മൂത്ത പെണ്‍കുട്ടി തന്റെ ഒരു വയസുള്ള സഹോദരന്റെ സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റിയതാണ് രക്ഷയായത്. തുര്‍ന്ന് രണ്ടു വയസുള്ള സഹോദരന്റെ സീറ്റ് ബെല്‍റ്റും അഴിച്ചുമാറ്റി. തലതിരിഞ്ഞ വാഹനത്തിനുള്ളിലായിരുന്നു മൂന്നു കുട്ടികളുടെയും അതിജീവനം.
പെര്‍ത്തില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെ നോര്‍ഥാമില്‍ നിന്നാണ് കുടുംബം യാത്ര പുറപ്പെട്ടത്.
സ്വന്തം പട്ടണമായ കോണ്ടിനിനില്‍ മുത്തശ്ശിയെ കാണാനുള്ള യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.
200 കിലോമീറ്ററോളം വാഹനമോടിച്ച് ലക്ഷ്യസ്ഥാനത്തിന് 10 കിലോമീറ്റര്‍ മുന്‍പ് വീറ്റ്‌ബെല്‍റ്റിലാണ് അപകടമുണ്ടായത്. ഞായറാഴ്ച്ചയുണ്ടായ അപകടത്തിനു ശേഷം ചൊവാഴ്ച്ച മാത്രമാണു കുട്ടികളെ രക്ഷപ്പെടുത്താനായത്. കുടുംബത്തെ കാണാതായതിനെതുടര്‍ന്ന് ബന്ധു നടത്തിയ അന്വേഷണത്തിലാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. അപകടം കണ്ട് പകച്ചുപോയ ബന്ധുവിന് പിന്നാലെ വന്ന ട്രക്ക് ഡ്രൈവറാണ് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്.
ശരീരത്തില്‍നിന്നു ജലാംശം വാര്‍ന്നു പോയതിനാല്‍ ഏറെ ക്ഷീണിതരായ അവസ്ഥയിലായിരുന്നു മൂന്നു കുട്ടികളും. തുടര്‍ന്ന് കുട്ടികളെ പെര്‍ത്തിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ക്രിസ്തുമസ് ദിനത്തിലെ കുട്ടികളുടെ അതിജീവനത്തിന്റെ അത്ഭുതകരമായ കഥയെന്നാണ് പോലീസും ബന്ധുക്കളും സുഹൃത്തുക്കളും സംഭവത്തെ വിശേഷിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.