2023 നെ വരവേല്‍ക്കാന്‍ ബുർജ് ഖലീഫയൊരുങ്ങി,അബുദബിയില്‍ 40 മിനിറ്റിന്‍റെ വെടിക്കെട്ട്

2023 നെ വരവേല്‍ക്കാന്‍ ബുർജ് ഖലീഫയൊരുങ്ങി,അബുദബിയില്‍ 40 മിനിറ്റിന്‍റെ വെടിക്കെട്ട്

ദുബായ്: പുതുവർഷത്തെ വരവേല്‍ക്കാന്‍ ദൃശ്യവിരുന്നൊരുക്കാന്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഒരുങ്ങി കഴിഞ്ഞു. യുഎഇയില്‍ വെടിക്കെട്ട് നടക്കുന്ന 45 ഓളം ഇടങ്ങളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇടമാണ് ഡൗണ്‍ടൗണ്‍. ഒന്നരലക്ഷത്തോളം പേർ പുതുവത്സരരാവില്‍ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം തിരക്ക് നിയന്ത്രിക്കാന്‍ അധികൃതർ മെട്രോ സേവനങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഡൗണ്‍ ടൗണ്‍ റോഡ് വൈകീട്ട് നാലിനും ദുബായ് മാള്‍ മെട്രോ സ്റ്റേഷന്‍ വൈകീട്ട് അഞ്ചിനും അടയ്ക്കും. അതേസമയം തന്നെ രാത്രി 12 മണിയ്ക്ക് നടക്കുന്ന വെടിക്കെട്ട് പ്രകടനം കാണാന്‍ ഉച്ചയോടെ തന്നെ ഡൗണ്‍ ടൗണ്‍ പരിസരത്ത് തമ്പടിക്കുന്നവരും നിരവധിയാണ്.

ദുബായ് മാള്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് രണ്ടുവഴികളിലായാണ് സഞ്ചാരം അനുവദിച്ചിട്ടുളളത്. ഇതിലൊന്ന് കുടുംബങ്ങള്‍ക്ക് മാത്രമായുളളതാണ്. ഇവർക്ക് ടവർ വ്യൂവിന് പിന്നിലുളള ഐലന്‍റ് പാർക്കിലാണ് വെടിക്കെട്ട് കാണാന്‍ സൗകര്യം ഒരുക്കിയിട്ടളളത്. മറ്റുളളവർക്കാകട്ടെ സൗത്ത് റിഡ്ഡിലും. ഫിനാന്‍ഷ്യല്‍ സെന്‍ററിലും സമാനമായ രീതിയിലാണ് സൗകര്യം ഒരുക്കിയിട്ടുളളത്. 

കുടുംബമായി എത്തുന്നവർക്ക് ബൊളിവാർഡിലും മറ്റുള്ളവർക്ക് സൗത്ത് എ‍ഡ്ജിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദുബായില്‍ ബുർജ് ഖലീഫ കൂടാതെ, ദുബായ് ഫ്രയിം, ബ്ലൂ വാട്ടേഴ്സ്, ജെബിആർ ദ ബീച്ച്,ബുർജ് അല്‍ അറബ് എന്നിവിടങ്ങളില്‍ രാത്രി 12 മണിക്ക് കരിമരുന്ന് പ്രയോഗമുണ്ടാകും. 

ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് ആന്‍റ് കണ്‍ട്രി ക്ലബ്, എമിറേറ്റ്സ് ഗോള്‍ഫ് ക്ലബ്, മോണ്‍‍ട്കോമെറി ഗോള്‍ഫ് ക്ലബ്, അറേബ്യന്‍ റേഞ്ചസ്, ടോപ് ഗോള്‍ഫ് എന്നീ ഗോള്‍ഫ് ക്ലബുകളിലും പാം വെസ്റ്റ് ബീച്ച്, ക്ലബ് വിസ്തമാരെ, നിക്കീ ബീച്ച് റിസോർട്ട് ആന്‍റ് സ്പാ, വണ്‍ ആന്‍റ് ഒണ്‍ലി റോയല്‍ മിറാഷ്, ജെഎ ബീച്ച് ഹോട്ടല്‍ ജബല്‍ അലി, ലെ റോയല്‍ മെറിഡിയന്‍ ബീച്ച് റിസോർട്ട്, വണ്‍ ആന്‍റ് ഒണ്‍ലി ദ പാം, സോഫി ടെല്‍ ദുബായ് ദ പാം, പലാസോ വെർസാസ്, പാർക്ക് ഹയാത്, ബള്‍ഗാരി റിസോർട്ട് , ഫോർ സീസണ്‍ റിസോർട്ട് എന്നിവിടങ്ങളിലും കരിമരുന്ന് പ്രകടനം ആസ്വദിക്കാം.

ഇത് കൂടാതെ ദുബായ് ക്രീക്ക്, അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ്, ദുബായ് പാർക്ക്സ് ആന്‍റ് റിസോർട്സ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ടൗണ്‍ സ്ക്വയർ എന്നിവിടങ്ങളിലും ബാബ് അല്‍ ഷംസ് ഡെസേടർ്ട് റിസോർട്ട്, അല്‍ ഖയ്മ ഡെസേർട്ട് ക്യാംപ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗം ആസ്വദിക്കാം.

അബുദബിയിലാകട്ടെ ഗിന്നസ് വേള്‍ഡ് റെക്കോർഡ് ലക്ഷ്യമിട്ട് 40 മിനിറ്റ് നീളുന്ന വെടിക്കെട്ടാണ് ഒരുക്കിയിട്ടുളളത്. അല്‍ വത്ബയില്‍ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് വെടിക്കെട്ട് നടക്കുക. ഇവിടെ ഡ്രോണ്‍ ഷോയും പരേഡും മറ്റ് കലാപരിപാടികളും നടക്കും.

8 കിലോമീറ്റർ നീളമുളള അബുദബി കോർണിഷിലും യാസ് ബെ വാട്ടർ ഫ്രണ്ടിലും സാദിയാത്ത് ബീച്ച് ക്ലബിലും അല്‍ മര്യാ ദ്വീപിലും വെടിക്കെട്ട് കാണാം. അലൈനില്‍ ജബല്‍ ഹഫീത്, ഹസാ ബിന്‍ സായിദ് സ്റ്റേഡിം എന്നിവിടങ്ങളില്‍ വെടിക്കെട്ടൊരുക്കിയിട്ടുണ്ട്.

ഷാർജയില്‍ ഷാർജ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി ഷാർജ വിനോദ സഞ്ചാര വകുപ്പുമായി ചേർന്ന് വിവിധ സ്ഥലങ്ങളില്‍ കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുണ്ട്. പുതുവർഷത്തെ വെടിക്കെട്ടോടെ സ്വാഗതം ചെയ്യണമെങ്കില്‍ ഷാർജയിലെ അല്‍ മജാസ് വാട്ടർ ഫ്രണ്ട്, അല്‍ നൂ ഐലന്‍റ്, ഖോർഫക്കാന്‍ ബീച്ച് എന്നിവിടങ്ങളില്‍ തമ്പടിക്കാം.
അജ്മാനില്‍ കോർണിഷിലും റാസല്‍ ഖൈമയിലെ അല്‍ മർജാന്‍ ഐലന്‍റിലും അല്‍ ഹംറ വില്ലേജിലും കരിമരുന്ന് കാണാം.

4.7 കിലോമീറ്ററിലാണ് അല്‍ മർജാന്‍ ഐലന്‍റ് മുതല്‍ അല്‍ ഹംറ വരെ വെടിക്കെട്ടൊരുക്കിയിട്ടുളളത്. 12 വയസില്‍ താഴെയുളളവർക്ക് പ്രവേശനം സൗജന്യമാണ്. മറ്റുളളവർക്ക് 10 ദിർഹമാണ് പ്രവേശന നിരക്ക്. ഫുജൈറയിലെ അംബ്രല്ലാ ബീച്ചിലും വെടിക്കെട്ട് കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.