ന്യൂഡല്‍ഹി: കാര്‍ അപകടത്തില്‍പെട്ട് ചികിത്സയിലുള്ള ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ആറ് മാസം വിശ്രമം. പരിക്കില്‍ നിന്നും മുക്തനാകാന്‍ മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
റിഷികേഷ് എയിംസിലെ സ്‌പോര്‍ട്‌സ് ഇഞ്ച്വറി വിഭാഗം ഡോക്ടര്‍ ഖാസിം അസം ആണ് ഇക്കാര്യം പറഞ്ഞത്. കാലിന് സംഭവിച്ച ഗുരുതര പരിക്കില്‍നിന്ന് മുക്തനാകാന്‍ കുറഞ്ഞത് മൂന്ന് മാസമെടുക്കും. തുടര്‍ന്ന് പരിശീലനം ആരംഭിച്ച് ഫീല്‍ഡില്‍ ഇറങ്ങാന്‍ ആറു മാസത്തിലേറെ സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ഏപ്രില്‍-മെയ് മാസത്തില്‍ നടക്കുന്ന ഐപിഎലും ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയും പന്തിന് നഷ്ടമാകും. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ് പന്ത്. ഈ സീസണിന് പന്തിന് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിവരും.
ഫെബ്രുവരി ഒമ്പതിനാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ പന്തിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിക്കുകയും പൂര്‍ണമായി കത്തിനശിക്കുകയാണ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.