മെല്‍ബണ്‍: ക്രൈസ്തവ വിശ്വാസത്തിന്റെ കറ പുരളാത്ത ധീര സാക്ഷിയും എളിമയുടെ ആള്‍രൂപവുമായിരുന്നു ദിവംഗതനായ ബെനഡിക്ട് പാപ്പയെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍.
മാര്‍പ്പാപ്പയാകുന്നതിനു മുമ്പും മാര്‍പ്പാപ്പ എന്ന നിലയിലും പല പ്രാവശ്യം പിതാവുമായി ഇടപഴകാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും അവിസ്മരണീയമായത് 2011 ഏപ്രില്‍ ഒന്നിന് വത്തിക്കാനില്‍ വച്ചുനടന്ന കൂടിക്കാഴ്ച്ചയായിരുന്നു. അന്നാണ് സിറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ ആദ് ലിമിന സന്ദര്‍ശനത്തിന് റോമിലെത്തി ബെനഡിക്ട് പാപ്പായെ കാണേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അന്ന് പുലര്‍ച്ചെയാണ് വര്‍ക്കി വിതയത്തില്‍ പിതാവ് ദിവംഗതനായത്. വത്തിക്കാനിലെത്തി ഈ വിവരം പാപ്പായോട് ഞാന്‍ പറയുന്നതിനു മുമ്പ് തന്നെ വര്‍ക്കി പിതാവ് മരിച്ചതിന്റെ അനുശോചനം പാപ്പ എന്നോട് ഇങ്ങോട്ട് പറയുകയുണ്ടായി.
ബിഷപ്പ് ബോസ്‌കോ പുത്തൂര്‍
അന്ന് വളരെ ഹൃദയസ്പര്‍ശിയായി അര മണിക്കൂറോളം സമയം എന്നോട് സംസാരിച്ച പാപ്പ സിറോ മലബാര്‍ സഭയെക്കുറിച്ച് ഏറെ അറിവും സഭയെ സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
മാര്‍ ബോസ്‌കോ പുത്തൂര്‍ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍ ചിത്രം)
ഡല്‍ഹിയിലും ബംഗളൂരുവിലും ഭാരതം മുഴുവനും അജപാലന ദൗത്യം വൈകാതെ ലഭിക്കുമെന്ന് അന്ന് പാപ്പ പ്രഖ്യാപിച്ചത് അതുപോലെ തന്നെ സംഭവിച്ചത് ഈ സാഹചര്യത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. നാലു മാര്‍പ്പാപ്പമാരെ നേരില്‍ കണ്ട് സംസാരിക്കാന്‍ ഈ എളിയവനായ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും എനിക്കേറ്റവും ഹൃദ്യമായി തോന്നിയത് ബെനഡിക്റ്റ് പാപ്പയുമായുണ്ടായ ഇടപഴകലാണ്. ഒരു സാധാരണക്കാരനായ എന്നെ ഏറ്റവും ആദരവോടെ അംഗീകരിക്കുന്ന, ഹൃദ്യമായി സ്വീകരിക്കുന്ന, ബഹുമാനപൂര്‍വ്വം ശ്രവിക്കുന്ന ആത്മാര്‍ത്ഥമായി പ്രതികരിക്കുന്ന, സ്‌നേഹ സമ്പന്നനായ ഒരപ്പനോടു ഇടപഴകുന്ന അനുഭവമാണ് എനിക്കുണ്ടായത്.
മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പിന്‍ഗാമിയെന്ന നിലയില്‍ സംഭവബഹുലമായ കാലഘട്ടത്തില്‍ സഭയെ ധീരമായും ശാന്തമായും നയിച്ച പിതാവേ അങ്ങേയ്ക്കു നന്ദി! 'സത്യത്തിന്റെ സഹപ്രവര്‍ത്തകന്‍' എന്ന അങ്ങയുടെ ആപ്തവാക്യം പോലെ തന്നെ അങ്ങ് സ്‌നേഹത്തില്‍ ചാലിച്ചുകൊണ്ടായിരുന്നു സത്യത്തിന് കൂട്ടുനിന്നത്. അങ്ങയുടെ ഗഹനമായ ദൈവശാസ്ത്ര പ്രബന്ധങ്ങളേക്കാള്‍ അങ്ങയുടെ വിശ്വാസ ധീരതയും എളിമയും ഞങ്ങള്‍ക്കെന്നും പ്രചോദനമാണെന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.