ആഗോളതലത്തിൽ ഈ വർഷം 18 കത്തോലിക്കാ മിഷണറിമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ആഗോളതലത്തിൽ ഈ വർഷം 18 കത്തോലിക്കാ മിഷണറിമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വത്തിക്കാന്‍ സിറ്റി: ആഗോള തലത്തിൽ 2022 ൽ തങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 18 കത്തോലിക്കാ മിഷണറിമാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. 12 വൈദികര്‍ ഉള്‍പ്പെടെയാണ് 18 കത്തോലിക്ക മിഷണറിമാർ മരണപ്പെട്ടതെന്ന് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയ ഫൈഡ്സ്' പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ട മിഷണറിമാരില്‍ വൈദികരെ കൂടാതെ മൂന്ന് സന്യാസിനിമാരും ഒരു സമർപ്പിതനും ഒരു വൈദിക വിദ്യാർത്ഥിയും ഒരു അല്മയനും ഉള്‍പ്പെടുന്നുണ്ട്. ഈ വർഷം ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഏറ്റവും കൂടുതൽ മിഷ്ണറിമാർ കൊല്ലപ്പെട്ടത്. അവിടെ ഏഴ് വൈദികരും രണ്ട് സന്യാസിനികളും ഉള്‍പ്പെടെ ഒൻപത് മിഷണറിമാരാണ് മരണം വരിച്ചത്.

ലാറ്റിൻ അമേരിക്കയില്‍ എട്ട് മിഷണറിമാര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാല് വൈദികര്‍ ഉള്‍പ്പെടുന്നുണ്ട്. 2001 മുതൽ 2021 വരെ ലഭ്യമായ കണക്ക് പ്രകാരം ലോകത്ത് 526 കത്തോലിക്ക മിഷണറിമാരാണ് കൊല്ലപ്പെട്ടത്.

"മിഷണറി" എന്ന പദം ഉപയോഗിക്കുന്നത് സഭ ജീവിതത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്നാനമേറ്റവരെല്ലാം എന്ന വിശാലമായ അർത്ഥത്തിലാണ് എന്നും വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടവർ എന്ന അർത്ഥത്തിൽ മാത്രമല്ലെന്നും വത്തിക്കാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നു.

സഭാ പഠിപ്പിക്കുന്നതനുസരിച്ച് സ്നാനമേറ്റ എല്ലാ ക്രിസ്ത്യാനികളും സുവിശേഷവൽക്കരണത്തിന്റെ പ്രതിനിധികളാണ്. "സഭയിലെ അവരുടെ സ്ഥാനമോ വിശ്വാസത്തിലുള്ള അവരുടെ പ്രബോധന നിലവാരമോ എന്തുതന്നെയായാലും" അവർ സുവിശേഷവൽക്കരണത്തിന്റെ പ്രവര്‍ത്തകർ ആയിരിക്കുമെന്നും സഭ പഠിപ്പിക്കുന്നു.

ആഫ്രിക്കയിൽ ഒമ്പത് മിഷണറിമാർ കൊല്ലപ്പെട്ടു

ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ സാധ്യത ഏറ്റവും കൂടുതലുള്ള നൈജീരിയയിൽ നാല് പുരോഹിതന്മാർ കൊല്ലപ്പെട്ടു. സംഘർഷഭരിതമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും ഉൾപ്പെടെ മൂന്ന് മിഷണറിമാർ കൊല്ലപ്പെട്ടു.

ടാൻസാനിയയിൽ ഒരു വൈദികനും മൊസാംബിക്കിൽ മറ്റൊരു കന്യാസ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. സമീപ വർഷങ്ങളിൽ വടക്കൻ പ്രവിശ്യയായ കാബോ ഡെൽഗാഡോയിൽ സായുധ സംഘങ്ങൾ നടത്തുന്ന അക്രമം വർദ്ധിച്ചുവരികയാണ്.

യുദ്ധത്തിൽ തകർന്ന കിഴക്കൻ പ്രവിശ്യയായ ഡിആർസിയിലെ വടക്കൻ കിവുവിൽ പെറ്റൈറ്റ്സ് സോയേഴ്‌സ് ഡി ലാ പ്രസന്റേഷൻ ഡി നോട്ടർ ഡാം ഓ ടെംപിൾ ഓഫ് ബ്യൂട്ടേംബോയുടെ കോൺഗ്രിഗേഷനിലെ സിസ്റ്റർ മേരി-സിൽവി കാവുകെ വകത്സുരാക്കിയുടെ കൊലപാതകമാണ് കൊലപാതക പാരമ്പരയിലെ ഏറ്റവും പുതിയത്.

ഒക്‌ടോബർ 19 നും 20 നും ഇടയിൽ രാത്രിയിൽ മബോയ ഗ്രാമത്തിൽ ഒരു ആക്രമണത്തിനിടെയാണ് സിസ്റ്റർ കൊല്ലപ്പെട്ടത്. സിസ്റ്ററോടൊപ്പം സാധാരണക്കാരായ വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു.

സെപ്തംബർ ആറിനും ഏഴിനും ഇടയിൽ മൊസാംബിക്കൻ പ്രവിശ്യയായ നാമ്പുലയിലെ മിഷൻ ഓഫ് ചിപ്പേനിൽ വെച്ച് ആക്രമണകാരികൾ തലയ്ക്ക് വെടിവെച്ചതിനെ തുടർന്ന് ഇറ്റാലിയൻ കോംബോണി മിഷനറി സിസ്റ്റർ മരിയ ഡി കോപ്പി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ സന്യാസിനിയുടെയും ദാരുണമരണം.

അമേരിക്കയിൽ എട്ട് കൊലപാതകങ്ങൾ

ലാറ്റിനമേരിക്കൻ രാജ്യത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിൽ മൂന്ന് വൈദികരും ഒരു വൈദിക വിദ്യാർത്ഥിയും കൊല്ലപ്പെട്ടതോടെ അമേരിക്കയിലെ മിഷണറി കൊലപാതകങ്ങളുടെ ഭൂരിഭാഗവും മെക്സിക്കോയിലാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.

ഏറ്റവും അവസാനത്തെ കൊലപാതകം നടന്നത് ഡിസംബർ 27 നാണ്. അന്ന് സകാറ്റെക്കാസ് രൂപതയിലെ വൈദിക വിദ്യാർത്ഥി ജോസ് ഡോറിയൻ പിന ഹെർണാണ്ടസ് സായുധ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടു. അതിന് മാസങ്ങൾക്ക് മുൻപായിരുന്നു ജെസ്യൂട്ട് പുരോഹിതൻമാരായ 79 കാരൻ ഫാദർ ഹാവിയർ കാമ്പോസും അദ്ദേഹത്തിന്റെ സഹപ്രവർത്തകനും സുഹൃത്തുമായ 80 കാരൻ ഫാദർ ജോക്വിൻ മോറയും കൊല്ലപ്പെട്ടത്.

ജൂൺ 20 ന് ചിഹുവാഹുവ സംസ്ഥാനത്ത് മയക്കുമരുന്ന് സംഘത്തിലെ തോക്കുധാരികളുടെ വെടിയേറ്റാണ് ഇരുവരും മരണമടഞ്ഞത്. ഈ കൊലപാതകങ്ങളുടെ വാർത്ത മെക്സിക്കോയിലുടനീളം രോഷം സൃഷ്ടിച്ചു. രാജ്യത്ത് കൊലപാതകങ്ങളുടെ എണ്ണം കൂടിയതിനെ ഫ്രാൻസിസ് മാർപ്പാപ്പയും അപലപിച്ചു.

ഹോണ്ടുറാസിൽ രണ്ട് മിഷണറിമാർക്കും ബൊളീവിയ, ഹെയ്തി എന്നിവിടങ്ങളിൽ ഓരോ മിഷ്ണമാർക്കും ജീവൻ നഷ്ടപ്പെട്ടു. ജൂൺ 25 ന് പോർട്ട്-ഓ-പ്രിൻസിൽ വെച്ച് ഇറ്റാലിയൻ കന്യാസ്ത്രീ ലൂയിസ ഡെൽ'ഓർട്ടോ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടു.

കോൺഗ്രിഗേഷൻ ഓഫ് ദി ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദി ഗോസ്പൽ ഓഫ് ചാൾസ് ഡി ഫൂക്കോൾഡിൽ ഉൾപ്പെട്ട 64 വയസുകാരിയായ ഈ കന്യാസ്ത്രീ ഇരുപത് വർഷമായി ഹെയ്തിയിൽ തെരുവ് കുട്ടികൾക്കായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.

ഏഷ്യയിൽ ഒരു പുരോഹിതൻ കൊല്ലപ്പെട്ടു

ഏഷ്യയിൽ വിയറ്റ്നാമീസ് ഡൊമിനിക്കൻ വൈദികൻ കോൺ തും രൂപതയിൽ കുമ്പസാരം കേൾക്കുന്നതിനിടെ മാനസിക രോഗിയായ ഒരാളുടെ കുത്തേറ്റാണ് മരിച്ചത്.

അതേസമയം ഓഷ്യാനിയയിലും യൂറോപ്പിലും ഈ വർഷം മിഷണറി കൊലപാതകങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസമാണ്. ഫ്രാൻസിലെ മോണ്ട്‌ഫോർട്ട് മിഷനറിമാരുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായ ഫാ. ഒലിവിയർ മെയറിനെ മാനസിക പ്രശ്‌നങ്ങളുള്ള റുവാണ്ടൻ സ്വദേശിയായ ഒരു കുടിയേറ്റക്കാരൻ കൊലപ്പെടുത്തിയതാണ് യൂറോപ്പിൽ 2021 ൽ അവസാനമായി രേഖപ്പെടുത്തിയ കൊലപാതകം.

മിഷണറിമാർ

വസ്ത്രമോ ആഹാരമോ ലഭ്യമാകാത്ത അനേകം പ്രാകൃത ആചാരങ്ങളില്‍ കഴിയുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശങ്ങളിലേക്ക് കടന്നുചെല്ലുന്ന മിഷണറിമാരുടെ നിസ്തുലമായ ഇടപെടലില്‍ ആയിരങ്ങളാണ് പുതുജീവിതം ആരംഭിച്ചിട്ടുള്ളത്.

ഭരണകൂടങ്ങള്‍ പോലും അവജ്ഞയോടെ നോക്കികാണുന്ന ജനവിഭാഗങ്ങള്‍ക്ക് ഇടയിലേക്ക് കടന്നുചെല്ലുവാന്‍ മിഷണറിമാര്‍ മാത്രമേ തയാറാകുന്നുള്ളൂവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷണറി ദൗത്യത്തിനു വേണ്ടി 430 കുടുംബങ്ങളെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം ആശീര്‍വാദം നടത്തി അയച്ചിരുന്നു.

മാർപാപ്പ ആശീർവദിച്ച 430 മിഷണറി കുടുംബങ്ങളിൽ 273 കുടുംബങ്ങൾ നേരത്തെ തന്നെ മിഷണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.