പ്രവാസികള്‍ ഏറെയുള്ള മധ്യകേരളത്തിന് പുതുവര്‍ഷ സമ്മാനം: ശബരിമല എയര്‍പോര്‍ട്ടിന് പുതുജീവന്‍; 2,570 ഏക്കര്‍ ഏറ്റെടുക്കും

പ്രവാസികള്‍ ഏറെയുള്ള മധ്യകേരളത്തിന് പുതുവര്‍ഷ സമ്മാനം: ശബരിമല എയര്‍പോര്‍ട്ടിന് പുതുജീവന്‍; 2,570 ഏക്കര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: മധ്യകേരളത്തിന് പുതുവര്‍ഷ സമ്മാനമായി ശബരിമല വിമാനത്താവളം. ഇതിനായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 307 ഏക്കര്‍ കൂടി ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റ് 2263 ഏക്കറുണ്ട്. സാമൂഹ്യാഘാത പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കും.

2020 ജൂണിലാണ് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തിന് അനുമതി അപേക്ഷ പദ്ധതി നടത്തിപ്പു ചുമതലയുള്ള കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അടക്കമുള്ളവര്‍ വിശദ പരിശോധന നടത്തി. പദ്ധതി കണ്‍സള്‍ട്ടന്റായ അമേരിക്കന്‍ കമ്പനി ലൂയിസ് ബര്‍ഗര്‍ സര്‍വീസസ് തയ്യാറാക്കിയ സാങ്കേതിക, സാമ്പത്തിക പഠന റിപ്പോര്‍ട്ട് 2022 ജൂണില്‍ കെഎസ്ഐഡിസി സമര്‍പ്പിച്ചു.

പകര്‍പ്പ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും കൈമാറി. 2022 നവംബര്‍ 11 ന് ചേര്‍ന്ന വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട സ്റ്റിയറിങ് കമ്മിറ്റി ഭൂമി ഏറ്റെടുക്കല്‍ സാധ്യതകള്‍, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ പുതിയ പദ്ധതി എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടു. ഡിസംബര്‍ 12 ന് കെഎസ്ഐഡിസി വിശദ മറുപടി ലഭ്യമാക്കിയതിന്റെ തുടര്‍ച്ചയായാണ് സാമൂഹ്യാഘാത പഠനത്തിലേക്ക് കടക്കുന്നത്.

സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ വിമാനത്താവളം പദ്ധതി പ്രാരംഭ ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരുന്നു. പ്രവാസികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും സഹായമാകുന്ന പദ്ധതി ടൂറിസത്തിനും വന്‍ വളര്‍ച്ച നല്‍കുമെന്നുമാണ് പ്രതീക്ഷ. കൊച്ചി, തിരുവനന്തപുരം തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാനും വിമാനത്താവളം സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.