എത്യോപ്യൻ ഭരണകൂടവും ടിഗ്രേയുമായുള്ള സമാധാന കരാറിനെ അഭിനന്ദിച്ച് രാജ്യത്തെ ബിഷപ്പുമാർ

എത്യോപ്യൻ ഭരണകൂടവും ടിഗ്രേയുമായുള്ള സമാധാന കരാറിനെ അഭിനന്ദിച്ച് രാജ്യത്തെ ബിഷപ്പുമാർ

വത്തിക്കാൻ സിറ്റി: എത്യോപ്യൻ ഗവൺമെന്റും ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (ടിപിഎൽഎഫ്) തമ്മിൽ നവംബർ 2 ന് ആരംഭിച്ച സമാധാന പ്രക്രിയ എല്ലാ എത്യോപ്യക്കാരുടെയും ആഗ്രഹമാണെന്ന് എത്യോപ്യയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സിബിസിഇ). സിബിസിഇയുടെ വാർഷിക ഓർഡിനറി അസംബ്ലിയുടെ സമാപനത്തിൽ പുറത്തിറക്കിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇരുകൂട്ടരും തമ്മിലുള്ള "ശാശ്വതമായ ശത്രുത അവസാനിപ്പിക്കുന്നതിനുള്ള" സമീപകാല കരാറിനെ എത്യോപ്യയിലെ കത്തോലിക്കാ ബിഷപ്പുമാർ സ്വാഗതം ചെയ്തു. ഒപ്പം രാജ്യത്ത് ശാശ്വതവും എക്കാലത്തും നിലനിൽക്കേണ്ടതുമായ സമാധാനത്തിനായി "ഉത്സാഹത്തോടെ" പ്രവർത്തിക്കുന്നത് തുടരാൻ എല്ലാ പങ്കാളികളോടും അഭ്യർത്ഥിക്കുകയും ചെയ്തു.

വടക്കൻ എത്യോപ്യയിൽ വീണ്ടും യുദ്ധം പുനരാരംഭിച്ചതിനെതിരെ ബിഷപ്പുമാർ രംഗത്തെത്തിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയുമാണ് യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചതെന്നും സമാധാനത്തിന് മുൻഗണന നൽകണമെന്നും എത്യോപ്യൻ ബിഷപ്പുമാർ രാജ്യത്തെ ഇരുപാർട്ടികളോടും ആവശ്യപ്പെട്ടു.


"ഇനി യുദ്ധം വേണ്ട' എന്ന തലക്കെട്ടിലുള്ള അപ്പീലിൽ "എല്ലാ കക്ഷികളോടും ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനത്തിലേക്ക് മടങ്ങാനും സംഭാഷണത്തിനും രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിന് മുൻഗണന നൽകാനും' ബിഷപ്പുമാർ അഭ്യർത്ഥിച്ചിരുന്നു.

എത്യോപ്യയിൽ ശാശ്വത സമാധാനത്തിനുള്ള കരാർ

ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കുകയും 2.5 ദശലക്ഷത്തിലധികം ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തുകൊണ്ട് വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ച ടിഗ്രേയിലെ രണ്ട് വർഷത്തെ സംഘർഷം അവസാനിപ്പിക്കാൻ ആഫ്രിക്കൻ യൂണിയന്റെ (എയു) മധ്യസ്ഥതയിൽ തയ്യാറാക്കിയ സമാധാന കരാർ നവംബർ രണ്ടിന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് ഒപ്പുവച്ചത്.

ടിഗ്രേയിൽ ടിഗ്രേയിൽ ഭരണഘടനാ ക്രമം പുനസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പരിവർത്തന നടപടികൾ നടപ്പിലാക്കുന്നതിനും രാഷ്ട്രീയ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ചുമതലകൾ, അനുരഞ്ജനം, സത്യം, രോഗശാന്തി എന്നിവ ഉറപ്പാക്കുന്നതിനുള്ള പരമ്പരാഗത നീതിന്യായ വ്യവസ്ഥ തുടങ്ങിയവയുടെ പരിവർത്തന നടപടികൾ നടപ്പിലാക്കുന്നതിനും കരാർ പ്രകാരം ടിപിഎൽഎഫും എത്യോപ്യൻ ഭരണകൂടവും സമ്മതിച്ചു. 2020 നവംബറിലാണ് ടൈഗ്രേയിൽ യുദ്ധം ആരംഭിച്ചത്.

എല്ലാ എത്യോപ്യക്കാരുടെയും അഭിലാഷം

ഡിസംബർ 22 ന് മെക്കാനിസയിൽ നടന്ന വാർഷിക ഓർഡിനറി അസംബ്ലിയുടെ സമാപനത്തിലാണ് എത്യോപ്യയിലെ കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് ഈ സമാധാന കരാറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.


"എത്യോപ്യയിലെ സംഘർഷവും യുദ്ധവും അവസാനിപ്പിക്കാൻ എല്ലാ എത്യോപ്യക്കാരുടെയും പ്രാർത്ഥനയും ആഗ്രഹവുമായിരുന്നു നിലവിലെ നടപടി. കരാറിന്റെ പ്രവർത്തനക്ഷമതയും ശാശ്വതമായ സമാധാനവും ഉറപ്പാക്കാൻ എല്ലാ പങ്കാളികളോടും അവരുടെ ഉത്തരവാദിത്തങ്ങൾ ഉത്സാഹത്തോടെ നിർവഹിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു" പ്രസ്താവനയിൽ ബിഷപ്പുമാർ വ്യക്തമാക്കി.

എല്ലാ ഇരകൾക്കും സഹായം നൽകണം

യുദ്ധത്തിന്റെ ഇരകളായ എല്ലാവർക്കും കരാർ നടപ്പാക്കുന്നതിന്റെ ഭാഗമായി മാനുഷിക സഹായ വിതരണം ചെയ്യണം. സഭ ഇതിനകം തന്നെ ഈ ശ്രമത്തിൽ സംഭാവന ചെയ്യുന്നുണ്ടെന്നും ബിഷപ്പുമാർ പരാമർശിച്ചു. കൂടാതെ രാജ്യത്തെ എല്ലാ ദുരിതബാധിത പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് കടുത്ത വരൾച്ച അനുഭവിക്കുന്ന തെക്കും കിഴക്കും ജനങ്ങൾക്കുള്ള പിന്തുണ തുടരാനും സന്ദേശത്തിൽ ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കൊലപാതകങ്ങൾ, നാടുകടത്തൽ, ആളുകളെ പീഡിപ്പിക്കൽ, സ്വത്തുക്കൾ നശിപ്പിക്കൽ എന്നിവയിൽ "ദുഃഖവും ഉത്കണ്ഠയും" പ്രകടിപ്പിച്ച ബിഷപ്പുമാർ ഏത് തർക്കവും സമാധാനപരമായ മാർഗങ്ങളിലൂടെയും സംവാദത്തിലൂടെയും പരിഹരിക്കാൻ" വിശ്വാസികളോട് ആഹ്വാനം ചെയ്തു.


വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും കൂടുതൽ യുവാക്കളായ എത്യോപ്യക്കാരെ കുടിയേറാൻ പ്രേരിപ്പിക്കുകയോ മോശം വേതനം ലഭിക്കുന്ന ജോലികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയോ ചെയ്യുന്നുവെന്ന് സിബിസിഇ സൂചിപ്പിക്കുന്നു.

അതിനാൽ, ജോലി ചെയ്യാനും തങ്ങളേയും തങ്ങളുടെ കുടുംബത്തേയും സംരക്ഷിക്കാനുമുള്ള പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ ഭരണകൂടവും മറ്റ് ഉത്തരവാദിത്വപ്പെട്ടവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സന്ദേശത്തിൽ അഭ്യർത്ഥനയുണ്ട്.

കൂടാതെ എത്യോപ്യൻ പൗരന്മാരെ ദ്രോഹിക്കുന്നതും "സ്വാർത്ഥ മനോഭാവത്തിന്റെ ഫലമായി പടരുന്ന" രാജ്യവ്യാപകമായ അഴിമതിയെയും ബിഷപ്പുമാർ അപലപിക്കുന്നു.

അതിനിടെ സമാധാന ഉടമ്പടി നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഉന്നതതല ഫെഡറൽ പ്രതിനിധി സംഘത്തെ ഡിസംബർ 26 ന് ടിഗ്രേയിലേക്ക് അയച്ചതായി എത്യോപ്യൻ സർക്കാർ അറിയിച്ചിരുന്നു. സർക്കാരിന്റെ പ്രസ്താവന അനുസരിച്ച് "സമാധാന ഉടമ്പടി ശരിയായ പാതയിലാകുന്നതിനും പുരോഗമിക്കുന്നതിനുമുള്ള സാക്ഷ്യപ്പെടുത്തലാണ് ഈ നടപടി"

എത്യോപ്യയിലെ രണ്ട് വർഷത്തെ യുദ്ധം

2020 നവംബർ നാലിനാണ് ടിഗ്രേയിലെ എത്യോപ്യൻ സൈനിക താവളത്തിന് നേരെ ടിപിഎൽഎഫ് നടത്തിയ ആക്രമണത്തിനുള്ള പ്രതികരണമായി മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.


തുടർന്ന് പോരാട്ടത്തിൽ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് വേഗത്തിൽ തന്നെ തങ്ങളുടെ വിജയം വിളംബരം ചെയ്തു. എന്നാൽ അംഹാര, അഫാർ, ഒറോമിയ സംസ്ഥാന പ്രദേശങ്ങൾ ഉൾപ്പെടെ എത്യോപ്യയിലെ മറ്റ് പ്രദേശങ്ങളിലേക്കും വംശീയ പൗരസേനയെയും അയൽ രാജ്യമായ എറിട്രിയയിൽ നിന്നുള്ള സൈനികരെയും ഉൾപ്പെടുത്തി പോരാട്ടം വ്യാപകമായ സംഘർഷത്തിലേക്ക് നീങ്ങി.

ടിഗ്രേ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ദരിദ്രരായ ആളുകളിലേക്ക് സഹായമെത്തിക്കാൻ സർക്കാർ ഈ വർഷമാദ്യം നടപ്പിലാക്കിയ അഞ്ച് മാസത്തെ ദുർബലമായ വെടിനിർത്തൽ ജനങ്ങൾക്ക് അൽപ്പം ആശ്വാസം നൽകി. എന്നാൽ ഓഗസ്റ്റിൽ വീണ്ടും ആരംഭിച്ച യുദ്ധത്തിൽ ഡ്രോണുകളും ഷെല്ലുകളും വിവേചനരഹിതമായി സാധാരണക്കാരെയും ആക്രമിക്കുകയും പട്ടിണിയിലായവർക്ക് നൽകി വന്നിരുന്ന മാനുഷിക സഹായം വിതരണം പൂർണ്ണമായും തടയുകയും ചെയ്തു.

ടിഗ്രേയിൽ നിന്ന് എറിട്രിയൻ സൈന്യത്തെ പിൻവലിക്കണം 

നവംബർ രണ്ടിന് ഒപ്പുവച്ച സമാധാന ഉടമ്പടി പ്രകാരം ടിഗ്രേയിൽ നിന്ന് എറിട്രിയൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുക എന്നതാണ് കരാർ വിജയിക്കുന്നതിന്റെ പ്രധാന താക്കോൽ. ആയുധങ്ങൾ വെച്ച് കീഴടങ്ങുന്നതിന് മുമ്പ് സൈന്യത്തെ പിൻവലിക്കൽ ഒരു പ്രധാന മുൻവ്യവസ്ഥയാണെന്ന് ടിപിഎൽഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

യൂറോപ്യൻ യൂണിയനും അമേരിക്കൻ ഭരണകൂടവും ഇതേ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. ടി‌പി‌എൽ‌എഫിനെതിരെ എത്യോപ്യൻ സർക്കാരിനെ പിന്തുണച്ച് ടിഗ്രേയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ എറിട്രിയൻ സൈന്യം എത്യോപ്യൻ അതിർത്തി കടന്നിരുന്നു.

1999 ൽ എറിത്രിയയ്ക്ക് എത്യോപ്യയുമായി വർഷങ്ങൾ നീണ്ടുനിന്ന അതിർത്തി തർക്കം നിലനിന്നിരുന്നു. 2018 ൽ തർക്കമുള്ള അതിർത്തി പട്ടണമായ ബാദ്‌മെ എറിത്രിയയ്ക്ക് കൈമാറാൻ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് സമ്മതിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായത്.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.