വാത്സല്യനിധിയായ മുത്തച്ഛന്‍, ആത്മീയ മാര്‍ഗദര്‍ശി; ബെനഡിക്ട് പാപ്പയെക്കുറിച്ചുള്ള ഓര്‍മകളില്‍ ഫ്രാന്‍സിസ് മാർപ്പാപ്പ

വാത്സല്യനിധിയായ മുത്തച്ഛന്‍, ആത്മീയ മാര്‍ഗദര്‍ശി; ബെനഡിക്ട് പാപ്പയെക്കുറിച്ചുള്ള ഓര്‍മകളില്‍ ഫ്രാന്‍സിസ് മാർപ്പാപ്പ

വത്തിക്കാന്‍ സിറ്റി: വ്യാഴാഴ്ച്ച ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെടുക്കുമ്പോള്‍ ഓര്‍മകളുടെ കടലിരമ്പുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മനസില്‍. ആത്മീയ മുന്‍ഗാമി എന്നതിലുപരി തന്റെ മുത്തച്ഛനെപ്പോലെയോ കുടുംബാംഗത്തെപ്പോലെയോ ആണ് ബനഡിക്ട് പാപ്പയെന്നാണ് ഫ്രാന്‍സിസ് പാപ്പ എപ്പോഴും വിശേഷിപ്പിച്ചിരുന്നത്. അതില്‍ വാത്സല്യവും കൃതജ്ഞതയും ബഹുമാനവുമെല്ലാം നിറഞ്ഞുനിന്നു.

അധികാരമേറ്റതു മുതല്‍ തന്റെ മിക്ക സന്ദേശങ്ങളിലും ബെനഡിക്ട് പാപ്പയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെ ആദരവോടെയും വാത്സല്യത്തോടെയും വാചാലനാകുമായിരുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പുതുവത്സരച്ചടങ്ങിനു നേതൃത്വം നല്‍കിയ ഫ്രാന്‍സിസ് പാപ്പ, പരിധിയില്ലാതെ ബെനഡിക്ട് പാപ്പ ചൊരിഞ്ഞ ദയയും കരുണയും വിശ്വാസത്തിന്റെ സാക്ഷ്യവും അനുസ്മരിച്ചു.

'ദയയെക്കുറിച്ച് പറയുമ്പോള്‍, ഈ നിമിഷത്തില്‍, എന്റെ ചിന്ത നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ബെനഡിക്റ്റ് മാര്‍പ്പാപ്പയിലേക്കാണ് പോകുന്നത്. ഏറ്റവും കുലീനനും ദയാലുവായ ഒരു വ്യക്തിയായിരുന്നു പിതാവ്. ഈ വേര്‍പാട് എന്നെ വികാരഭരിതരാകുന്നു. പിതാവിനെ സഭയ്ക്കും ലോകത്തിനും നല്‍കിയതിന് ദൈവത്തിനു നന്ദി. ബെനഡിക്റ്റ് പാപ്പ പ്രകടിപ്പിച്ച വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും സാക്ഷ്യത്തിന് നന്ദി പറയുന്നു.

ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍, സഭയുടെ നന്മയ്ക്കായി പിതാവ് സഹിച്ച ത്യാഗങ്ങളുടെ മൂല്യവും മധ്യസ്ഥതയുടെ ശക്തിയും ദൈവത്തിന് മാത്രമേ അറിയൂ' - ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

അര്‍ജന്റീന ആര്‍ച്ച് ബിഷപ്പ് ബെര്‍ഗോഗ്ലിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി സ്ഥാനമേറ്റപ്പോള്‍ തന്നെ ബെനഡിക്റ്റ് പാപ്പയെ അഭിസംബോധന ചെയ്തായിരുന്നു ആദ്യ വാക്കുകള്‍.

'കര്‍ത്താവിന്റെ അനുഗ്രഹത്തിനും പരിശുദ്ധ മാതാവിന്റെ കരുതലിനുമായി എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന് വേണ്ടി പ്രാര്‍ത്ഥിക്കാം'. എന്നു പറഞ്ഞാണ് അന്ന് പ്രസംഗം ആരംഭിച്ചത്.

2014 ഒക്ടോബര്‍ 27-ന് പാപ്പല്‍ അക്കാദമി ഓഫ് സയന്‍സസില്‍ നടന്ന ഒരു ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ തന്റെ മുന്‍ഗാമിയെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.

'ശക്തിയിലും ബൗദ്ധിക ഉള്‍ക്കാഴ്ചയിലും മഹത്തായത്, ദൈവശാസ്ത്ത്രിലുള്ള മഹത്തായ സംഭാവന, സഭയോടും സദ്ഗുണത്തിലും മതബോധത്തിലും മഹത്തായത്, മനുഷ്യരോടുമുള്ള സ്നേഹത്തില്‍ മഹത്തായ മാതൃക'.

2013 ജൂലൈ 28-ന്, ബ്രസീലിലേക്കുള്ള അപ്പസ്‌തോലിക യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍, ബെനഡിക്റ്റ് പാപ്പയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പ്രതികരിച്ചു.

'പിതാവ് ഒരു ദൈവപുരുഷനാണ്, എളിമയും പ്രാര്‍ത്ഥനയുമുള്ള മനുഷ്യനും. പിതാവ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. രാജിവച്ചപ്പോള്‍, അത് എനിക്ക് മുന്നിലെ മഹത്വത്തിന്റെയും വിശുദ്ധിയുടെയും വിനയത്തിന്റെയും ഉദാഹരണമായിരുന്നു. ഒരു മഹാനു മാത്രമേ ഇത് ചെയ്യാന്‍ കഴിയുകയുള്ളൂ'.

'ബെനഡിക്റ്റ് പാപ്പയുടെ സാമീപ്യം നമ്മുടെ മുത്തച്ഛന്‍ വീട്ടില്‍ ഉള്ളതുപോലെയാണ്. ഏറെ ബുദ്ധിമാനായ മുത്തച്ഛന്‍. സഭ നേരിട്ട വലിയ പ്രശ്നത്തെക്കുറിച്ച് പിതാവിനോട് സംസാരിക്കാന്‍ ചെന്നപ്പോള്‍, അവിടുന്ന് വളരെ ലാളിത്യത്തോടെ എല്ലാം പറഞ്ഞുതന്നു'.

ബെനഡിക്റ്റ് പാപ്പ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.
വത്തിക്കാനിലെ മാത്തര്‍ എക്ലേസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു ബെനഡിക്റ്റ് പാപ്പ നിത്യതയിലേക്കു വിളിക്കപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.