ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച 2016ലെ നരേന്ദ്ര മോഡി സർക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ നിർണായക വിധി പുറപ്പെടുവിക്കുക.
58 ഹർജികളിലാണ് വിധി പറയുക. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ നാലാം തീയതി വിരമിക്കുന്ന സാഹചര്യത്തിലാണ്, കഴിഞ്ഞ മാസം ഏഴാം തിയതി വാദം പൂർത്തിയാക്കിയ കേസിൽ ഇന്ന് വിധി പറയുന്നത്.
ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍, ബി.വി. നാഗരത്‌ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
നോട്ടു നിരോധനത്തെ ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് കോടതിയില്‍ വന്നത്. സാമ്പത്തിക നയത്തിനുമേൽ കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് നോട്ടുനിരോധനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രം വാദിച്ചത്.
എന്നാൽ കോടതി കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് അതിനർഥമില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിന്റെ അനുമതിയില്ലാതെ കേന്ദ്രസർക്കാരിന് സ്വന്തംനിലയ്ക്ക് നോട്ടുകളുടെ സാധുത പിൻവലിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ മുഖ്യ വാദങ്ങളിലൊന്ന്.
ഹർജിക്കാർക്കുവേണ്ടി മുൻ കേന്ദ്രധനമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി. ചിദംബരം ഉൾപ്പെടെയുള്ളവർ വാദിച്ചു. റിസർവ് ബാങ്കിനോടുൾപ്പെടെ വിശാലമായ കൂടിയാലോചനകൾ നടത്തിയശേഷമാണ് തീരുമാനമെടുത്തതെന്നാണ് കേന്ദ്രം വാദിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.