സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കോഴിക്കോട് തിരി തെളിയും; രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കോഴിക്കോട് തിരി തെളിയും; രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും

കോഴിക്കോട്: നാളെ കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. കോഴിക്കോട് മോഡല്‍ സ്‌കൂളില്‍ രാവിലെ 10ന് മന്ത്രി വി.ശിവന്‍കുട്ടി രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുക്കും. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് കലോത്സവം അരങ്ങേറുക.

രാവിലെ 10.30ന് മാനാഞ്ചിറയില്‍ കലോത്സവ വണ്ടി എന്നപേരില്‍ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്. 11 മണിക്ക് മാനാഞ്ചിറയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി ഫ്‌ലാഷ് മോബും സംഘടിപ്പിച്ചിട്ടുണ്ട്. 

ഉച്ചയ്ക്ക് ഒന്നിന് കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനത്ത് മന്ത്രിമാരായ വി.ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും ചേര്‍ന്ന് വരവേല്‍ക്കും. രണ്ടു മണിക്കൂര്‍ കപ്പ് മാനാഞ്ചിറയില്‍ പ്രദര്‍ശനത്തിനുവയ്ക്കും. 3.30 ന് വിളംബര ജാഥ മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബിഇഎം സ്‌കൂളില്‍ അവസാനിക്കും. 4.30ന് മീഡിയ പവിലിയന്‍ ഉദ്ഘാടനംചെയ്യും.

കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. 25 വേദികളിലായി പരിപാടികള്‍ അരങ്ങേറും. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാകും കലോത്സവത്തില്‍ പങ്കെടുക്കുക. സാധാരണ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസമണുള്ളത്.

കലോത്സവം പ്രമാണിച്ച് ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കോവിഡ് ഇടവേളക്ക് ശേഷമാണ് വീണ്ടും കലോത്സവ വേദികള്‍ ഉണരുന്നത്. കലോത്സവത്തില്‍ മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി നിർദ്ദേശം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.