മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതിക ശരീരം വത്തിക്കാന്‍ പുറത്തുവിട്ടപ്പോള്‍
വത്തിക്കാന്‍: നിത്യതയിലേക്കു വിളിക്കപ്പെട്ട ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ലോകം. ഇന്ന് രാവിലെ ഒന്‍പതര മുതല്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കും. വ്യാഴാഴ്ചയാണ് സംസ്‌കാരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും.
സ്ഥാന ത്യാഗം ചെയ്ത ശേഷം താമസിച്ചിരുന്ന മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഇന്നു രാവിലെ ഒന്‍പതരയോടെ ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. മൂന്നു ദിവസം ബസിലിക്കയില്‍ പൊതുദര്‍ശനം ഉണ്ടാകും. പ്രാദേശിക സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴു വരെയാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 മുതല്‍ രാത്രി 11.30 വരെ) വിശ്വാസികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള സമയം.
ചുവപ്പ്, സ്വര്‍ണനിറങ്ങളിലുള്ള ആരാധനാ വസ്ത്രങ്ങള്‍ ധരിച്ച ബനഡിക്ട് പതിനാറാമന്റെ ഭൗതികശരീരത്തിന്റെ ചിത്രം വത്തിക്കാന്‍ ഇന്നലെ പുറത്തുവിട്ടു.
പോപ്പ് എമരിറ്റ്‌സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ ബസിലിക്കയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ലോകനേതാക്കളും മതനേതാക്കളും അന്ത്യോപചാരം അര്‍പ്പിക്കാനെത്തും.
കേരളത്തില്‍ നിന്ന് സിറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കും.
ബനഡിക്ട് പാപ്പായുടെ താല്‍പര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. പുതുവര്‍ഷത്തോടനുബന്ധിച്ച് ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പ്രത്യേക കുര്‍ബാനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി.
ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ വേര്‍പാടില്‍ ലോകമെങ്ങും നിന്നും അനുശോചന പ്രവാഹമാണ്. ആഴമേറിയ ദൈവശാസ്ത്ര പണ്ഡിതനെയാണ് നഷ്ടമായതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അനുസ്മരിച്ചു. പാപ്പയുടെ സഭയോടുള്ള സമര്‍പ്പണം എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി. പാപ്പയുടെ വേര്‍പാടില്‍ അഗാധമായ ദു:ഖമുണ്ടെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് പറഞ്ഞു. ചരിത്രത്തിന് മറക്കാനാവാത്ത മാര്‍പ്പാപ്പയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജി മെലനിയും മഹാനായ ഇടയനെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണും അനുസ്മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.