ദുബായ്: യുഎഇയില്‍ പുതുവർഷത്തില്‍ പുതിയ നിയമങ്ങളും പ്രാബല്യത്തിലായി. തൊഴില്‍ നഷ്ടപ്പെട്ടാല്‍ സാമ്പത്തിക പരിരക്ഷ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയും കമ്പനികളില്‍ സ്വദേശി വല്‍ക്കരണമുള്‍പ്പടെയുളള നിയമങ്ങളും രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. കമ്പനി ഉടമകളെയും ജീവനക്കാരനെയും ഒരുപോലെ സംരക്ഷിക്കുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി.
സ്വകാര്യമേഖലയിലെയും കമ്പനികളിലെയും ഫെഡറല്‍ സർക്കാർ വകുപ്പുകളിലെയും ജീവനക്കാർക്ക് പ്രതിമാസം 5 ദിർഹം മുതല്‍ നല്‍കി പദ്ധതിയില്‍ വരിക്കാരാകാം. തൊഴില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്‍ഷുറന്‍സ് സ്കീം നിർബന്ധമായും എടുത്തിരിക്കണമെന്ന് മാനുഷിക സ്വദേശിവല്‍ക്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
അച്ചടക്കമില്ലാത്തതിനാല്‍ ജോലി നഷ്ടപ്പെട്ടതൊഴികെയുളള ജോലിനഷ്ടങ്ങള്‍ക്ക് ഓരോ ക്ലെയിമിനും തുടർച്ചയായി മൂന്ന് മാസത്തിൽ കൂടാത്ത പരിമിത കാലയളവിലേക്ക് സ്കീം സാമ്പത്തിക ഭദ്രത ഉറപ്പ് നല്‍കുന്നു.രണ്ട് തരത്തിലുളള ഇന്‍ഷുറന്‍സാണ് ലഭ്യമാകുക. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുളളവർക്ക് മാസത്തില്‍ 5 ദിർഹം അടച്ച് ഇന്‍ഷുറന്‍സില്‍ വരിക്കാരാകാം. അല്ലെങ്കില്‍ വർഷത്തില്‍ 60 ദിർഹം അടയ്ക്കണം.
16,000 ദിർഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുളളവർ മാസം 10 ദിർഹം വീതമോ വർഷത്തില്‍ 120 ദിർഹമോ പ്രീമിയം അടയ്ക്കണം. ജീവനക്കാരാണ് ഇന്‍ഷുറന്‍സ് തുക അടയ്ക്കേണ്ടത്.അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനമാണ് ഇൻഷുറൻസ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്നുമാസം വരെയാണ് തുക ലഭിക്കുന്നത്. എന്നാല്‍ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താല്‍ പിന്നീട് തുക ലഭിക്കില്ല.
സ്മാർട്ട് ആപ്ലിക്കേഷൻ, ഇൻഷുറൻസ് പൂളിന്‍റെ ഇ-പോർട്ടൽ, കാൾ സെന്‍റർ എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാം. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുളളില്‍ ക്ലെയിമിനായി അപേക്ഷ സമർപ്പിക്കണം.
അതേസമയം രാജ്യത്തെ കമ്പനികള്‍ക്ക് മന്ത്രാലയം നിർദ്ദേശിക്കുന്ന അനുപാതത്തില്‍ സ്വദേശികളെ നിയമിക്കാനുളള നിർദ്ദേശവും പ്രാബല്യത്തിലായി. 50 ലോ അതില്‍ അധികമോ തൊഴിലാളികളുളള സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണത്തിന്‍റെ 2 ശതമാനം സ്വദേശികളെ ജനുവരി ഒന്നോടെ നിയമിക്കണമെന്നുളളതായിരുന്നു നിർദ്ദേശം.
തീരുമാനം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് പിഴ നല്‍കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചിരുന്നു. രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ ലോകമെമ്പാടുമുളള കമ്പനികളെയും നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമനിർമ്മാണങ്ങൾ പാലിക്കുന്നത് ആത്യന്തികമായി സ്വകാര്യ മേഖലയിലെ കമ്പനികളുടെയും അവരുടെ ജീവനക്കാരുടെയും താൽപ്പര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വദേശിവല്‍ക്കരണ നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് ഒരു സ്വദേശിക്ക് മാസം 6000 ദിർഹം എന്ന കണക്കില്‍ പിഴ ചുമത്തും.അതായത് വർഷത്തില്‍ ഒരു സ്വദേശിക്ക് 72,000 ദിർഹമാണ് പിഴ നല്‍കേണ്ടിവരിക. 2023 ല്‍ മാസം 6000 ദിർഹമാണ് പിഴയെങ്കില്‍ 2024 ല്‍ അത് 1000 ദിർഹം കൂടി വർദ്ധിപ്പിക്കും. 2026 ഓടെ 10,000 ദിർഹമാകും മാസം നല്‍കേണ്ട പിഴ.
2026 ഓടെ സ്വകാര്യമേഖലയില്‍ 10 ശതമാനം സ്വദേശി വല്‍ക്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്. മന്ത്രാലയം അനുശാസിക്കുന്ന രീതിയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് വിവിധ ആനുകൂല്യങ്ങളും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ മൊത്തം ജനസംഖ്യ 10 ദശലക്ഷമാണെങ്കില്‍ ഇതില്‍ 11 ശതമാനം മാത്രമാണ് സ്വദേശികള്‍. യുഎഇ പൗരന്മാരെ തൊഴില്‍ മേഖലയിലേക്ക് ആകർഷിക്കുകയെന്നുളളതാണ് സ്വദേശിവല്‍ക്കരണത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.