ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 2016 ല്‍ നടപ്പാക്കിയ നോട്ട് നിരോധനം സുപ്രീം കോടതി ശരിവച്ചു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് വിധി.
ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇവരില്‍ ജസ്റ്റിസ് ബി.വി നാഗരത്ന വിയോജിപ്പ് അറിയിച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബി.ആര്‍ ഗവായ് വായിച്ചു. എന്നാല്‍ ജസ്റ്റിസ് ബി.വി നാഗരത്‌ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു.
നോട്ട് നിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് ഗവായി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായിയുടെ വിധി പ്രസ്താവത്തില്‍ പറയുന്നു. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം.
നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു.
ജസ്റ്റിസ് ഗവായിയുടെ വിധിയില്‍ നിന്നും ഭിന്ന വിധിയാണ് ജസ്റ്റിസ് ബി.വി നാഗരത്നയുടേത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും നാഗരത്‌നയുടെ വിധിയില്‍ പറയുന്നു.
ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമ സാധുതയും പരിശോധിച്ചത്. നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
വളരെ സൂഷ്മതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടത്. വ്യാജ കറന്‍സികള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തിനുള്ള വലിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്ക് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുന്നതിന് പരിമിധികളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യാജ നോട്ടുകളും കള്ളപ്പണവും നിയന്ത്രിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി. ചിദംബരം വാദിച്ചിരുന്നു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ 2022 സിസംബര്‍ ഏഴിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കേസ് വിധി പറയാനായി മാറ്റി. 2016 നവംബര്‍ എട്ടിലെ വിജ്ഞാപനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19 എന്നിവയുടെ ലംഘനമോയെന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
വിജ്ഞാപനം നടപ്പിലാക്കിയ രീതി ഭരണഘടന വിരുദ്ധമാണോയെന്നും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ കോടതി ഇടപെടല്‍ എവിടെ വരെയാകാമെന്നും നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി ശരിയോ എന്ന വിഷയവും ബെഞ്ച് പരിഗണിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.