ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24, 25, 26 തിയതികളിലായി റായ്പൂരില്‍ നടക്കും. സമ്മേളനത്തില്‍ പുതിയ പ്രവര്‍ത്തക സമിതിയെയും പാര്‍ട്ടി ഭാരവാഹികളെയും തിരഞ്ഞെടുക്കും.
മല്ലികാര്‍ജുന ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനമാണിത്. ഖാര്‍ഗെയെ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തതിന് സമ്മേളനം അംഗീകാരം നല്‍കും.
ഇരുപത്തഞ്ചംഗ പ്രവര്‍ത്തക സമിതിയാണ് തൂപീകരിക്കുക. ഇതില്‍ പാര്‍ട്ടി പ്രസിഡന്റ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്നിവര്‍ക്ക് പുറമേയുള്ളവരില്‍ നിന്ന് 12 പേരെയാണ് തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുക. ബാക്കി 11 പേരെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യും. കെ.സി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയില്‍ തുടര്‍ന്നേക്കും.
രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍ എന്നിവര്‍ കേരളത്തില്‍ നിന്നും പ്രവര്‍ത്തക സമിതിയില്‍ ഇടം തേടി രംഗത്തുണ്ട്. 25 വര്‍ഷം മുന്‍പ് കൊല്‍ക്കത്ത പ്ലീനറിയിലാണ് ഇതിനു മുന്‍പ് പ്രവര്‍ത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പ് നടന്നത്.
അതേസമയം എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗത്വം ഒഴിഞ്ഞാല്‍ ഇരുവരേയും സ്ഥിരം ക്ഷണിതാക്കളായി നിലനിര്‍ത്തിയേക്കും. പ്രസിഡന്റ് തെരരഞ്ഞെടുപ്പില്‍ ഖാര്‍ഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ ഉള്‍പ്പെടുത്തുമോ എന്നതും പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നു. കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി തുടരുമോ എന്നതും കണ്ടറിയണം.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളായതിനാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്നുള്ള ആളാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്ന സാഹചര്യത്തില്‍ ആ സംസ്ഥാനങ്ങളില്‍ നിന്നും ആരെങ്കിലും കെ.സി വേണുഗോപാലിന് പകരം വരാനിടയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.