ഓസ്‌ട്രേലിയയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു: നാല് മരണം; മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിൽ

ഓസ്‌ട്രേലിയയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു: നാല് മരണം; മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിൽ

സിഡ്നി: ഓസ്‌ട്രേലിയയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിയിടിച്ചതിനെ തുടർന്ന് നാല് പേർ തൽക്ഷണം മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് വിനോദ സഞ്ചാര മേഖലയിലെ വടക്കന്‍ ബീച്ചിലെ സീ വേള്‍ഡ് തീം പാര്‍ക്കിന് സമീപമായിരുന്നു സംഭവം.

സംഭവസമയം 13 പേരാണ് രണ്ട് ഹെലികോപ്റ്ററുകളിലുമായി ഉണ്ടായിരുന്നത്. ആറ് പേരുടെ പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം.


ഒരു ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ഹെലികോപ്റ്റർ പറന്നുയരാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ എന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ ചീഫ് കമ്മീഷണർ വ്യക്തമാക്കി.

ഒരു ഹെലികോപ്റ്റര്‍ സുരക്ഷിതമായി ഒരു മണല്‍ത്തീരത്ത് ഇറക്കി. എന്നാല്‍ രണ്ടാമത്തെ ഹെലികോപ്റ്റര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും തകര്‍ന്ന ഹെലികോപ്റ്ററിലെ യാത്രക്കാരാണ്.


നിരവധി പെലീസ് -റെസ്ക്യൂ സംഘങ്ങൾ സംഭവസ്ഥലത്തെത്തി ഉടൻ രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു. ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിമുട്ടിയ ശേഷം തകർന്ന് മണൽ തിട്ടയിലേക്ക് വീഴുകയായിരുന്നുവെന്ന് ക്വീൻസ്ലാൻഡ് പൊലീസ് ഇൻസ്പെക്ടർ ഗാരി വോറെൽ വ്യക്തമാക്കി.

തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കടൽത്തീരത്തോട് ചേർന്ന് കിടക്കുന്ന ചിത്രങ്ങൾ ഉദ്യോഗസ്ഥർ പുറത്ത് വിട്ടു. കൂടാതെ ഒരു ഹെലികോപ്റ്റർ മണൽ തിട്ടയിലേക്ക് വീഴുന്നതിന്റെയും അതിന്റെ റോട്ടറുകൾ അൽപ്പം അകലെയായി വീണുകിടക്കുന്നതിന്റെയും ദൃശ്യങ്ങൾ കാലിഫോർണിയ ന്യൂസ് വാച്ച് പുറത്തുവിട്ടിട്ടുണ്ട്.


സംഭവത്തില്‍ തീം പാര്‍ക്കിലെ ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനിയായ സീ വേള്‍ഡ് ഹെലികോപ്‌റ്റേഴ്‌സ് അനുശോചിച്ചു. അപകടവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും കമ്പനിയുടേതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പ്രതികരണത്തിനില്ല എന്നാണ് കമ്പനിയുടെ നിലപാട്.

https://twitter.com/CANews_Watch/status/1609773126849822722


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26