തിരിച്ചടിയിൽ വിറച്ച് റഷ്യ: ഉക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ 400 സൈനികര്‍ കൊല്ലപ്പെട്ടു; നിഷേധിച്ച് റഷ്യ

തിരിച്ചടിയിൽ വിറച്ച് റഷ്യ: ഉക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ 400 സൈനികര്‍ കൊല്ലപ്പെട്ടു; നിഷേധിച്ച് റഷ്യ

കീവ്: ഡൊനെറ്റ്‌സ്‌ക് മേഖലയില്‍ മിസൈല്‍ ആക്രമണത്തില്‍ 400 ഓളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു. റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്ന് കരുതുന്ന മകിവ്ക നഗരത്തിലെ കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായത്.

എന്നാല്‍ ഉക്രെയിന്റെ അവകാശവാദത്തെ എതിര്‍ത്തു. തങ്ങളുടെ 63 സൈനികര്‍ മാത്രമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കി റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. 

യുഎസ് നിര്‍മ്മിത ഹിമാര്‍സ് റോക്കറ്റ് സംവിധാനം ഉപയോഗിച്ച് റഷ്യന്‍ സൈനികര്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെ ഉക്രേനിയന്‍ സേന ആറ് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി തിങ്കളാഴ്ച പ്രസ്താവനയില്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ രണ്ട് മിസൈലുകള്‍ വെടിവച്ച് വീഴ്ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പുതുവത്സര ദിനത്തില്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് രണ്ട് മിനിറ്റിന് ശേഷം മിസൈല്‍ മകിവ്കയില്‍ പതിച്ചതായി ഡൊനെറ്റ്‌സ്‌കിന്റെ അധിനിവേശ ഭാഗങ്ങളില്‍ റഷ്യന്‍ പിന്തുണയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡാനില്‍ ബെസ്സോനോവ് പറഞ്ഞിരുന്നു. ആക്രമണം അംഗീകരിച്ചിട്ടുണ്ടെങ്കിലും മരണ സംഖ്യയുമായി ബന്ധപ്പെട്ട കണക്കുകള്‍ അവകാശപ്പെട്ടതിനേക്കാള്‍ കുറവാണെന്ന് റഷ്യ പറഞ്ഞു.

400 ഓളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉ ക്രെനിയന്‍ സൈന്യം അവകാശപ്പെടുന്നത്. ആക്രമണം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ടെലിഗ്രാമില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉക്രെനിയന്‍ ചാനലില്‍ ഉള്‍പ്പടെ ഇത് കാണിക്കുന്നുണ്ട്.

റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശത്തിനെതിരെ വിജയം കൈവരിക്കുന്നത് വരെ പോരാടുമെന്ന് ഉക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആദരമര്‍പ്പിച്ച് നടത്തിയ പുതുവത്സര പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.