വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സഭയ്ക്കു സമ്മാനമായി നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. പുതുവത്സര ദിനത്തിലെ പ്രഭാത കുര്‍ബാനയ്ക്ക് ശേഷമുള്ള ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ശനിയാഴ്ച രാവിലെ നിത്യതയിലേക്കു യാത്രയായ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തത്. ബെനഡിക്റ്റ് പാപ്പയ്ക്കു വേണ്ടി വാഴ്ത്തപ്പെട്ട അമ്മയുടെ മാദ്ധ്യസ്ഥം അഭ്യര്‍ത്ഥിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
പുതുവര്‍ഷത്തിന്റെ ആരംഭം, ദൈവജനനിയുടെ തിരുനാള്‍, വിശ്വശാന്തിദിനം എന്നിവ ഒരുമിച്ചുവന്ന ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ ഞായറാഴ്ച.
'സുവിശേഷത്തിനായും സഭയ്ക്കായും ഈ വിശ്വസ്ത ദാസനെ സമ്മാനമായി നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതില്‍ നമുക്ക് എല്ലാവര്‍ക്കും ഒരേ മനസോടെയും ഒരേ ആത്മാവോടെയും ഒരുമിച്ച് ചേരാം എന്നു പറഞ്ഞാണ് പാപ്പ സന്ദേശം ആരംഭിച്ചത്. ഈ പുതുവര്‍ഷാരംഭം നാം ദൈവമാതാവായി പ്രകീര്‍ത്തിക്കുന്ന പരിശുദ്ധ മറിയത്തില്‍ ഭരമേല്‍പിക്കുന്നു. കാലം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു വേണ്ടി അവളുടെ മാദ്ധ്യസ്ഥ്യം തേടാം.
'പുതുവത്സരം ആരംഭിക്കുമ്പോള്‍ മറിയം നമുക്ക് പ്രത്യാശ നല്‍കുന്നു'. ഈ ദിവസം നാം മറിയത്തെ ധ്യാനിക്കുമ്പോള്‍ അവളുടെ അനുഭവത്തില്‍ നിന്ന് നമുക്ക് എന്തു പഠിക്കാമെന്നും പുതുവര്‍ഷത്തില്‍ നമ്മുടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും സ്വയം ചോദിക്കാന്‍ പാപ്പാ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
ഇന്നത്തെ ആരാധനാ ക്രമത്തില്‍, മറിയം സംസാരിക്കുന്നില്ല എന്നു കാണാം. ഹൃദയത്തില്‍ താന്‍ അനുഭവിക്കുന്ന രഹസ്യത്തെ അവള്‍ സ്വാഗതം ചെയ്യുന്നു. മറിയത്തിന്റെ ഭാഷ മാതൃത്വമാണ്. അവള്‍ തന്റെ ശിശുവിനെ ആര്‍ദ്രതയോടെ പരിപാലിക്കുന്നു. ശിശുവിനൊപ്പം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുമ്പോഴും വിനയത്തോടെയും നിശബ്ദമായും നില്‍ക്കുന്നു. ഇതാണ് മറിയത്തിന്റെ മഹത്വം.
'ഒമ്പത് മാസക്കാലം ഗര്‍ഭപാത്രത്തില്‍ വിസ്മയകരമായ രഹസ്യമെന്ന ദാനത്തെ വഹിച്ച ശേഷം, അമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളെ നിരന്തരം ശ്രദ്ധാകേന്ദ്രമാക്കി നിര്‍ത്തുന്നു. അവര്‍ കുഞ്ഞുങ്ങള്‍ക്ക് പോഷണമേകുന്നു, കരവലയത്തിനുള്ളിലാക്കുന്നു, ആര്‍ദ്രതയോടെ തൊട്ടിലില്‍ കിടത്തുന്നു. ഈ പരിപാലനം, അത് ദൈവമാതാവിന്റെ ഭാഷയാണ്, അമ്മമാരുടെ കരുതലിന്റെ ഭാഷയാണ്.
ഈ പുതുവര്‍ഷം നല്ലതായിരിക്കാനും പ്രത്യാശ വേരുറപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, സ്വാര്‍ത്ഥമായ പ്രവൃത്തികള്‍ വെടിഞ്ഞ് പരിചരണത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷ പഠിക്കേണ്ടതുണ്ടെന്ന് മറിയത്തിന്റെ മാതൃക നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് അഹംഭാവത്തിന്റെ ഭാഷകളെ എതിര്‍ക്കുന്നു - പാപ്പ തുടര്‍ന്നു.
നാം നമ്മുടെ സ്വജീവിതം പരിപാലിക്കാനും പരസ്പരം പരിപാലിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കണം. അതായത് നമ്മുടെ ആത്മാവിനെയും ഈ ലോകത്തിലെ സൃഷ്ടികളെയും നമ്മുടെ അയല്‍ക്കാരെയും സഹായം ആവശ്യമുള്ള നമ്മുടെ സഹോദരങ്ങളെയും പരിപാലിക്കുന്നതില്‍ സമയം കണ്ടെത്തുക. നമ്മുടെ കരുതലും അനുകമ്പയും ആവശ്യപ്പെടുന്നവരെ പരിപാലിക്കുക.
ഉണ്ണിയേശുവിനോടൊപ്പമുള്ള മാതാവിനെ നോക്കുമ്പോള്‍, അവള്‍ കുഞ്ഞിനെ പരിപാലിക്കുന്നതു കാണുമ്പോള്‍, നമ്മെത്തന്നെയും മറ്റുള്ളവരെയും പരിപാലിക്കാന്‍ പഠിക്കാം. നമ്മുടെ ആന്തരിക ആരോഗ്യം, ആത്മീയ ജീവിതം, ദാനധര്‍മ്മം എന്നിവ പരിപാലിക്കാന്‍ ശ്രദ്ധയുള്ളവരായിരിക്കണമെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.
ഇന്ന് ലോക സമാധാന ദിനം ആചരിക്കുകയാണ്. ഭാവി കെട്ടിപ്പടുക്കുന്നതിന് നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ചുള്ള അവബോധം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത മാര്‍പ്പാപ്പ അടിവരയിട്ടു പറഞ്ഞു. നാം അനുഭവിക്കുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രതിസന്ധികളെ നേരിടാന്‍, പ്രത്യേകിച്ച് യുദ്ധക്കെടുതികളെ നേരിടാന്‍ ഉത്തരവാദിത്തത്തിന്റെയും അനുകമ്പയുടെയും ഐക്യദാര്‍ഢ്യം ആവശ്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു.
ആശീര്‍വ്വാദം നല്‍കിയതിനു ശേഷം, പാപ്പാ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ സന്നിഹിതരായിരുന്ന ആയിരത്തിലധികം തീര്‍ത്ഥാടകര്‍ക്ക് മാര്‍പ്പാപ്പ പുതുവത്സരാശംസകള്‍ നേര്‍ന്നു.
ഉക്രെയ്‌നില്‍ മാത്രമല്ല, ലോകമെമ്പാടും മരണവും നാശവും വിതച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ തടയാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും മാര്‍പ്പാപ്പ തന്റെ പിന്തുണ അര്‍പ്പിച്ചു.
പ്രത്യാശ നഷ്ടപ്പെടരുതെന്നും യേശുക്രിസ്തുവിലൂടെ നമുക്ക് സമാധാനത്തിന്റെ വഴി തുറന്നിട്ടിരിക്കുന്ന ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കണമെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.
'ഒരാള്‍ക്കും സ്വയം രക്ഷിപ്പെടാന്‍ കഴിയില്ലെന്ന് കോവിഡ് മഹാമാരിയുടെ അനുഭവം നമുക്ക് കാണിച്ചുതന്നു. എന്നാല്‍ നമുക്ക് ഒരുമിച്ച് സമാധാനത്തിന്റെയും വികസനത്തിന്റെയും പാത പിന്തുടരാനാകും'.
യുദ്ധം വേണ്ട! ആയുധങ്ങള്‍ വേണ്ട എന്ന മുറവിളി ലോകമെമ്പാടു നിന്നും എല്ലാ ജനങ്ങളില്‍ നിന്നും ഉയരുന്നു. വിഭവങ്ങള്‍ വികസനത്തിനും ആരോഗ്യത്തിനും നല്ല ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിനിയോഗിക്കപ്പെടട്ടെ - പാപ്പ ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.