അമേരിക്കൻ പൗരത്വം പുനസ്ഥാപിക്കണം: ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അപേക്ഷ നൽകിയതായി റിപ്പോർട്ട്

അമേരിക്കൻ പൗരത്വം പുനസ്ഥാപിക്കണം: ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അപേക്ഷ നൽകിയതായി റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അമേരിക്കൻ പൗരത്വം പുനസ്ഥാപിക്കുന്നതിന് അപേക്ഷ നൽകിയതായി റിപ്പോർട്ട്. പ്രസിഡന്റ് സ്ഥാനം നഷ്ടമായതിനു പിന്നാലെ ഒരു രാജ്യത്തും അഭയം ലഭിക്കാത്തതിനെ തുടർന്നാണ് അമേരിക്കൻ പൗരത്വം പുതുക്കാൻ രാജപക്സ അപേക്ഷ നൽകിയത്.

അതേസമയം അമേരിക്കൻ ഭരണകൂടം അപേക്ഷ പരിഗണിച്ചിട്ടില്ലെന്ന് ‘സൺഡേ ടൈംസ്’ പത്രം റിപ്പോർട്ട് ചെയ്തു. 2019 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് രാജപക്‌സെ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചത്. ശ്രീലങ്കൻ ഭരണഘടനയനുസരിച്ച് ഇരട്ട പൗരത്വമുള്ളവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ട്.

ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇക്കഴിഞ്ഞ ജൂലൈയിൽ രാജപക്സയും കുടുംബാംഗങ്ങളും രാജ്യത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് രണ്ടു മാസത്തിനു ശേഷമാണ് അദ്ദേഹം മാതൃരാജ്യത്ത് തിരിച്ചെത്തിയത്.

ശ്രീലങ്കയിൽ രൂപപ്പെട്ട അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെയാണ് എഴുപത്തിമൂന്നുകാരനായ രാജപക്സയ്ക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. തുടർന്ന് ജൂലൈ 13 ന് മാലദ്വീപിലേക്കും അവിടെ നിന്ന് സിംഗപ്പൂരിലേക്കും വിമാന മാർഗം രക്ഷപ്പെട്ടു. അതിനു ശേഷം തായ്‌ലൻഡിലും എത്തിയെങ്കിലും പിന്നീട് സെപ്റ്റംബർ രണ്ടിന് ശ്രീലങ്കയിൽ തിരിച്ചെത്തി.

അതേസമയം അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചശേഷം അതു പുനഃസ്ഥാപിച്ചു കിട്ടാനുള്ള നടപടിക്രമങ്ങൾ ചെലവേറിയും സമയമെടുക്കുന്നതുമാണ്. രാജപക്സയും കുടുംബാംഗങ്ങളും നിലവിൽ ദുബായിൽ അവധി ആഘോഷിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.