സാവോപൗലോ: ഫുഡ്ബോളിനെ അതിരുകളില്ലാതെ സ്നേഹിച്ച, ലോകത്തെ ഫുട്‌ബോൾ എന്ന മായികവലയത്തിലേക്ക് വലിച്ചടുപ്പിച്ച മാന്ത്രികൻ എഡ്‌സോ അരാഞ്ചസ് ഡൂ നാസീമെന്റോ എന്ന പെലെ ചരിത്ര താളുകളിൽ മയങ്ങും. ഇതിഹാസങ്ങളുടെ ഇതിഹാസം അവസാന യാത്രക്കൊരുങ്ങുമ്പോൾ അദ്ദേഹത്തെ ഒരു നോക്കുകാണാൻ സ്കൂൾ വിദ്യാർഥികൾ മുതൽ സുപ്രീം കോടതി ജഡ്ജിമാർ വരെ ലക്ഷങ്ങളാണ്.
കളിച്ചുവളർന്ന ഇതിഹാസജീവിതത്തിലേക്ക് പന്തുതട്ടിയ മൈതാനമുറ്റത്ത്, സാന്റോസ് ക്ലബിന്റെ സ്വന്തം തട്ടകമായ ബെൽമിറോയിൽ പെലെയെ പൊതുദർശനത്തിന് വെച്ചു. ബ്രസീൽ ദേശീയ പതാകയും ഇഷ്ട ക്ലബായ സാന്റോസ് എഫ്.സി പതാകയും ചേർത്തുപുതച്ചായിരുന്നു മൈതാനത്ത് താരം കിടന്നത്. കുടുംബത്തിനും കായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർക്കും പുറമെ പ്രിയതാരത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ ലക്ഷക്കണക്കിനാളുകൾ സാന്റോസിലേക്ക് ഒഴുകിയെത്തി.


പെലെയുടെ അന്ത്യാഭിലാഷം പോലെത്തന്നെയായി മടക്കവും. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയോടെയാണ് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽനിന്ന് ഭൗതികദേഹം വില ബെൽമിറോയിലേക്ക് പൊതുദർശനത്തിനായി എത്തിച്ചത്.
ഇവിടെ ഭാര്യ മാർഷ്യയും മക്കളും അടക്കമുള്ള കുടുംബം അവസാന ചുംബനമർപ്പിച്ചു. ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ അടക്കമുള്ള പ്രമുഖരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. നെയ്മർ, വിനീഷ്യസ് ജൂനിയർ, സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് അടക്കമുള്ളവർ പുഷ്പചക്രം സമർപ്പിച്ചു.
ബെൽമിറോയിൽ 24 മണിക്കൂർ പൊതുദർശനം പൂർത്തിയാക്കി പ്രാദേശിക സമയം ഇന്ന് ഉച്ചയോടെ സംസ്‌കാരചടങ്ങുകൾക്കായി ഭൗതികദേഹം കൊണ്ടുപോകും. മൈതാനത്തുനിന്ന് പുറത്തെത്തിക്കുന്ന മൃതദേഹത്തെ അനുഗമിച്ച് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലയുമുണ്ടാകും. വിലാപയാത്ര സാന്റോസ് നഗരം വലംവച്ച ശേഷമായിരിക്കും എക്യൂമെനിക്കൽ മെമോറിയൽ നെക്രോപോളിസിൽ സ്വകാര്യ ചടങ്ങോടെ അടക്കം ചെയ്യുക. സാന്റോസിലെ സെമിത്തേരിയിലാണ് താരത്തിന് അന്ത്യനിദ്രയ്ക്കുള്ള ഇടം ഒരുക്കിയിരിക്കുന്നത്.

ലക്ഷക്കണക്കിനു ആരാധകർ അന്ത്യയാത്രയ്ക്കായി സാന്റോസിലെത്തിയിയിരുന്നു. 16,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള മൈതാനത്ത് പെലെയുടെ ചിത്രങ്ങളും പതാകകളും വഹിച്ച് ആയിരങ്ങൾ രാത്രി വൈകിയും തമ്പടിച്ചു. മണിക്കൂറുകൾ കാത്തുനിന്നാണ് പലരും അവസാന കാഴ്ച കണ്ടുമടങ്ങിയത്. ചടങ്ങ് റിപ്പോർട്ട് ചെയ്യാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 5,000 ത്തോളം മാധ്യമപ്രവർത്തകർക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് സാന്റോസ് ക്ലബിന്റെ പ്രസ് ഓഫിസ് അറിയിച്ചു.
സംസ്കാര ചടങ്ങിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ വളരെ ശാസ്ത്രീയമായ സജ്ജീകരണമാണ് പൊതുദര്‍ശനത്തിനായി ഒരുക്കിയിരുന്നത്.
2022 ഡിസംബർ 29 നാണ് ഫുട്‌ബോൾ ചരിത്രം കണ്ട എക്കാലത്തെയും വലിയ ഇതിഹാസം വിടപറയുന്നത്. 2021 മുതൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു. അർബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും താരം നേരിട്ടിരുന്നു. ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയ താരമാണ് പെലെ.

ലോകത്തുടനീളം കാൽപന്ത് മൈതാനങ്ങളെ ത്രസിപ്പിച്ച താരം കളി നിർത്തിയിട്ട് നാലര പതിറ്റാണ്ടോളമായെങ്കിലും സജീവ സാന്നിധ്യമായി മൈതാനങ്ങൾക്കു പുറത്തുണ്ടായിരുന്നു. പെലെയുടെ ചിറകിൽ മൂന്നുതവണയാണ് ബ്രസീൽ ലോകചാമ്പ്യന്മാരായത്. ചരിത്രത്തിൽ അത്രയും മികച്ച റെക്കോഡ് സ്വന്തമായുള്ള ഏക സോക്കർ താരവും പെലെ മാത്രം.
ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തെരഞ്ഞെടുത്തിരുന്നു.കൂടാതെ ഫിഫ പ്ലെയർ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളിൽ ഒരാളെന്ന നേട്ടത്തിനും പെലെ അർഹനായി. സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ 1,363 കളികളിൽനിന്ന് 1,281 ഗോളുകൾ നേടിയതിന് ഗിന്നസ് വേൾഡ് റെക്കോർഡും പെലെയുടെ പേരിലുണ്ട്.
അതിനിടയിൽ രാഷ്ട്രീയത്തിലും പെലെ ഒരു കൈ നോക്കി. 1995 മുതൽ 1998 വരെ ബ്രസീലിലെ സ്പോർട്സ് മന്ത്രി ആയിരുന്ന അദ്ദേഹം യുനെസ്‌കോ, യൂനിസെഫ് എന്നിവയുടെ അംബാസിഡർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ അമ്പാസിഡർ ആയും പെലെ പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം ലോകത്തെ മുഴുവൻ രാജ്യങ്ങളിലും ഒരു സ്‌റ്റേഡിയത്തിന് ഫുട്‌ബോൾ ഇതിഹാസം പെലെയുടെ നാമം നൽകാൻ ആവശ്യപ്പെടുമെന്ന് ഫിഫ. സാന്റോസിൽ പെലെയുടെ സംസ്‌കാര ചടങ്ങിൽ അന്തിമോപചാരമർപ്പിക്കാനെത്തിയ ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പെലെ അനശ്വരനാണ്. ഫുട്‌ബോളിന്റെ ആഗോള പ്രതീകമാണ് അദ്ദേഹം. വലിയ ദുഃഖത്തോടെയാണ് നമ്മൾ ഇവിടെ നിൽക്കുന്നത്. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാൽ, നമുക്ക് ഒരുപാട് പുഞ്ചിരികൾ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ രാജാവിന് ആദരമർപ്പിക്കുകയും ലോകത്തോടു മുഴുവൻ ഒരു നിമിഷം മൗനമാചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഇൻഫാന്റിനോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.