തലശേരി: തലശേരി അതിരൂപതാംഗവും പ്രമുഖ ആരാധനക്രമ ദൈവശാസ്ത്രജ്ഞനുമായ ഡോ. തോമസ് മണ്ണൂരാംപറമ്പലിനെ ഫ്രാൻസിസ് മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. സീറോ മലബാർ സഭയുടെ നിലവിലുള്ള വിശുദ്ധ കുർബാനക്രമത്തിൻറെ തക്സാ (പുസ്തകം ) രൂപീകരിക്കുന്നതിൽ വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്.
പാലായിൽ മണ്ണൂരാംപറമ്പിൽ തോമസ്-മേരി ദമ്പതികളുടെ മകനായി 1942 നവംബർ 11നാണ് അദ്ദേഹം ജനിച്ചത്. എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായിരുന്ന വാഴ്ത്തപ്പെട്ട കദളിക്കാട്ടിൽ മത്തായിച്ചന്റെ മാതൃസഹോദരനാണ്.
1968 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. കുളത്തുവയൽ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും നീർവാരം, ചുണ്ടപ്പറമ്പ്, വെമ്പുവ, പുളിങ്ങോം ഇടവകകളിൽ വികാരിയായും സേവനം ചെയ്തതിനുശേഷം 1974ൽ റോമിലെ സാൻ അൻസലേം യൂണിവേഴ്സിറ്റിയിൽനിന്ന് ആരാധനക്രമത്തിൽ സീറോ മലബാർ സഭയുടെ അനാഫൊറായെ കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടി. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച്, ലാറ്റിൻ, സുറിയാനി, സ്പാനിഷ് എന്നീ ഭാഷകളിൽ അദ്ദേഹത്തിന് പാണ്ഡിത്യമുണ്ട്. 1981ൽ പഠനം പൂർത്തിയാക്കിയെത്തിയ അദ്ദേഹം സുറിയാനി ഭാഷയിലുള്ള പട്ടക്രമം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. തലശേരി മൈനർ സെമിനാരിയിലും തുടർന്ന് 1983 മുതൽ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും അധ്യാപകനായി ദീർഘകാലം പ്രവർത്തിച്ചു.
നൂറോളം പുസ്തകങ്ങളും എഴുനൂറോളം ലേഖനങ്ങളും രചിച്ചിട്ടുള്ള ഡോ. മണ്ണൂരാംപറമ്പിൽ പൗര്യസ്ത്യ സുറിയാനി ആരാധനക്രമത്തിൽ ലോകം ആദരിക്കുന്ന പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രചനയായ "സീറോ മലബാർ കുർബ്ബാനയുടെ ചരിത്രം" എന്ന പുസ്തകം ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്. സഭയുടെ വിവിധ കമ്മീഷനുകളിൽ അംഗമായിരുന്ന അദ്ദേഹം സീറോ മലബാർ ലിറ്റർജി കമ്മിറ്റിയിൽ ദീർഘകാലം സേവനം ചെയ്തു. അദ്ദേഹത്തിന്റെ നാമധേയത്തിൽ എറണാകുളം കാക്കനാട്ട് പൗര്യസ്ത്യ സുറിയാനി ആരാധനാക്രമ പഠനകേന്ദ്രം സ്ഥാപിച്ച് തന്റെ നിസ്തുലമായ അറിവ് വരും തലമുറകൾക്കായി പങ്കുവയ്ക്കുകയാണ് ഫാ.തോമസ് മണ്ണൂരാംപറമ്പിൽ .
കത്തോലിക്കാ സഭയിൽ അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകളെ മാനിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന് മോൺസിഞ്ഞോർ പദവി നൽകുന്നത്.അടുത്തു നടക്കുന്ന തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വച്ച് ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അദ്ദേഹത്തെ സ്ഥാനചിഹ്നങ്ങൾ അണിയിക്കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26