കൊള്ളയടിക്കപ്പെട്ട ഓർമകൾ തിരികെയെത്തുന്നു: അമേരിക്കൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന പുരാതന ഈജിപ്ഷ്യൻ 'ഗ്രീൻ കഫീൻ' രാജ്യത്തിന് തിരികെ നൽകി

കൊള്ളയടിക്കപ്പെട്ട ഓർമകൾ തിരികെയെത്തുന്നു: അമേരിക്കൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന പുരാതന ഈജിപ്ഷ്യൻ 'ഗ്രീൻ കഫീൻ' രാജ്യത്തിന് തിരികെ നൽകി

വാഷിംഗ്ടൺ: അമേരിക്കൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന പുരാതന ഈജിപ്ഷ്യൻ സാർക്കോഫാഗസ് (കല്ലുകൊണ്ട് നിർമ്മിച്ച ശവപ്പെട്ടി) ഈജിപ്തിലേക്ക് തിരികെ നൽകി. 2.9 മീറ്റർ (9.5 അടി) നീളമുള്ള "പച്ച നിറത്തിലുള്ള ശവപ്പെട്ടി" (ഗ്രീൻ കഫീൻ) 664 ബിസി മുതൽ 332 ബിസി വരെ വ്യാപിച്ചുകിടക്കുന്ന അവസാന രാജവംശ കാലഘട്ടത്തിലെ അങ്കെൻമാറ്റ് എന്ന പുരോഹിതന്റേതായിരുന്നു.

വടക്കൻ ഈജിപ്തിലെ അബു സർ നെക്രോപോളിസിൽ നിന്ന് ആഗോള തലത്തിൽ കലാസൃഷ്‌ടികൾ കൊള്ളയടിക്കുന്ന ഒരു ശൃംഖല ഈ സാർക്കോഫാഗസ് മോഷ്ടിക്കുകയും 2008 ൽ ജർമ്മനി വഴി അമേരിക്കയിലേക്ക് കടത്തുകയും ചെയ്തു. തുടർന്ന് 2013 ൽ ഹൂസ്റ്റൺ മ്യൂസിയം ഓഫ് നാച്ചുറൽ സയൻസിന് ഒരു കളക്ടർ ഇത് കൈമാറി.


പിന്നീട് വർഷങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് സാർക്കോഫാഗസിനെ തിരിച്ചയക്കാൻ അമേരിക്ക തീരുമാനിച്ചത്. ഇത് പ്രകാരം തിങ്കളാഴ്ച കെയ്‌റോയിൽ നടന്ന ചടങ്ങിൽ അമേരിക്കൻ നയതന്ത്രജ്ഞർ സാർക്കോഫാഗസ് ഔദ്യോഗികമായി ഈജിപ്തിന് കൈമാറുകയും ചെയ്തു. ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി, ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ഇസ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

"പുരാവസ്തു സംരക്ഷണത്തിലും സാംസ്കാരിക പൈതൃക സംരക്ഷണത്തിലും അമേരിക്കയും ഈജിപ്തും തമ്മിലുള്ള സഹകരണത്തിന്റെ നീണ്ട ചരിത്രത്തിന്റെ പ്രതീകമാണ് ഈ ചടങ്ങ്" എന്ന് ഈജിപ്തിലെ അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് ഡാനിയൽ റൂബിൻസ്റ്റൈൻ പറഞ്ഞു.

കടത്തിയ പുരാവസ്തുക്കൾ വീണ്ടെടുക്കാനുള്ള ഈജിപ്തിന്റെ കഠിനമായ ശ്രമങ്ങളാണ് സാർക്കോഫാഗസിന്റെ തിരിച്ചുവരവ് കാണിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ഇസയും വ്യക്തമാക്കി.


ഒരു മില്യൺ ഡോളറിലധികം (830,000 പൗണ്ട്) വിലമതിക്കുന്ന ഗ്രീൻ കോഫിൻ, പുരാവസ്തുക്കൾ കടത്തുന്നവരുടെ ഒരു ബഹുരാഷ്ട്ര ശൃംഖല ഈജിപ്തിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയതാനെന്ന് സെപ്റ്റംബറിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് വിശദീകരിച്ചിരുന്നു.

2019 ൽ ഈജിപ്തിലേക്ക് തിരികെ കൊണ്ടുവന്ന "സ്വർണ്ണ നിറത്തിലുള്ള ശവപ്പെട്ടി" കടത്തിയതും ഇതേ ശൃംഖല തന്നെയായിരുന്നു. രാജവംശത്തിന്റെ അവസാന കാലഘട്ടത്തിൽ നിന്നുള്ള പാ-ഡി-സേനയുടെ ഈ ശവക്കല്ലറ 2020 ൽ അമേരിക്ക ഈജിപ്തിന് കൈമാറിയിരുന്നു. മാത്രമല്ല ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നിന്ന് കഴിഞ്ഞ വർഷം കൈമാറപ്പെട്ട അഞ്ച് വസ്തുക്കളും ഈ ശൃംഖല വഴി കടത്തിയവയാണ്.


2021 ൽ രാജ്യത്തേക്ക് കടത്തിയതോ ജറുസലേമിൽ വിൽപനയ്ക്ക് കണ്ടെത്തിയതോ ആയ 95 പുരാവസ്തുക്കൾ ഈജിപ്തിന് തിരികെ നൽകിയിരുന്നു.

കൂടാതെ കഴിഞ്ഞ മാസം റിപ്പബ്ലിക് ഓഫ് അയർലൻഡിലെ ഒരു സർവ്വകലാശാല ഒരു സാർക്കോഫാഗസ്, മമ്മി ചെയ്ത മനുഷ്യ അവശിഷ്ടങ്ങൾ, കനോപിക് ജാറുകൾ എന്നിവ ഈജിപ്തിലേക്ക് കൊണ്ടുപോകാൻ പദ്ധതിയിടുന്നതായി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.