ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനായി വീട്ടിലെത്തിക്കും

 ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനായി വീട്ടിലെത്തിക്കും

ആലപ്പുഴ: അന്തരിച്ച കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മങ്കൊമ്പിലെ വീട്ടില്‍ എത്തിക്കും.

ആദ്യം എന്‍എസ്എസ് കരയോഗം ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടു പോകുക. സഹോദരങ്ങള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ എത്തിച്ചേരും.
മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ബീയാറിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് 2.40നു ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

സോപാന സംഗീതകാരന്‍ മങ്കൊമ്പ് മായാസദനത്തില്‍ പരേതനായ മങ്കൊമ്പ് ബാലകൃഷ്ണപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് ബി.രാജേന്ദ്രപ്രസാദ് എന്ന ബീയാര്‍ പ്രസാദ്. നാടകാഭിനയത്തിലൂടെയും നാടകരചനയിലൂടെയുമാണ് കലാരംഗത്തെത്തിയത്. പിന്നീട് ടിവി അവതാരകനും ചലച്ചിത്ര ഗാനരചയിതാവുമായി.

അറുപതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് അദ്ദേഹം സിനിമാ ഗാനരചയിതാവായത്. കിളിച്ചുണ്ടന്‍ മാമ്പഴം, ജലോത്സവം, വെട്ടം, സീതാകല്യാണം, പാതിരാമണല്‍, സ്വര്‍ണം, വീരാളിപ്പട്ട്, ബംഗ്ലാവില്‍ ഔത, ഹായ്, ക്യാംപസ്, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, വാമനപുരം ബസ് റൂട്ട്, മഹാസമുദ്രം, ഇവര്‍, ലങ്ക, ഒരാള്‍, കുഞ്ഞളിയന്‍ തുടങ്ങിയ സിനിമകള്‍ക്കാണ് ബീയാര്‍ പ്രസാദ് ഗാനങ്ങളെഴുതിയത്.

കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ബീയാര്‍ പ്രസാദ് 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.