വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങി ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഇനി നിത്യതയില്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന അന്ത്യകര്‍മ ശുശ്രൂഷകള്‍ക്ക് ശേഷം മാര്‍പ്പാപ്പയുടെ മൃതദേഹം ബസിലിക്കയുടെ നിലവറയിലടക്കി. കത്തോലിക്കാ സഭയുടെ ആത്മീയ പാരമ്പര്യവും ലാളിത്യവും വിളിച്ചോതുന്ന മൃതസംസ്‌ക്കാര ചടങ്ങുകളായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടന്നത്.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ അടക്കം ചെയ്തിരുന്ന കല്ലറ തന്നെയാണ് ബെനഡിക്ട് പാപ്പയ്ക്കും ഒരുക്കിയിരുന്നത്. തന്റെ മുന്‍ഗാമിയായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ അടക്കം ചെയ്ത കല്ലറയില്‍ തനിക്കും അന്ത്യവിശ്രമ സ്ഥാനം ഒരുക്കണമെന്ന ബെനഡിക്ട് പാപ്പായുടെ അന്ത്യാഭിലാഷം പരിഗണിച്ചാണിത്. വത്തിക്കാന്‍ ഗ്രോട്ടോയില്‍ വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറ സ്ഥിതി ചെയ്യുന്നത്. ആധുനിക കാലഘട്ടത്തില്‍ ഇതാദ്യമായാണ് ഒരു എമരിറ്റസ് മാര്‍പ്പാപ്പയുടെ മൃതസംസ്‌കാരം നടക്കുന്നത്.
മൃതസംസ്‌കാര ചടങ്ങുകള്‍ക്കായി സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ എത്തിച്ച ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ ഭൗതിക ദേഹം വഹിക്കുന്ന പേടകത്തിനു സമീപം മുട്ടുകുത്തി നില്‍ക്കുന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വീന്‍
വത്തിക്കാന്‍ സമയം വ്യാഴാഴ്ച്ച രാവിലെ ഒന്‍പതരയ്ക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന്) സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ചടങ്ങുകള്‍ ആരംഭിച്ചു. ശാന്തമായ, മൂടല്‍മഞ്ഞുള്ള പ്രഭാതത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാന്‍ ചത്വരത്തില്‍ പാപ്പയെ അവസാനമായി കാണാനെത്തിയത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പരിശുദ്ധ കുര്‍ബാനയും മറ്റു ചടങ്ങുകളും. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 120 കര്‍ദിനാള്‍മാരും 400 മെത്രാന്മാരും ആയിരക്കണക്കിന് വൈദികരും സന്യസ്തരും അത്മായ വിശ്വാസികളും കബറടക്ക ശുശ്രൂഷയില്‍ ഭക്തിയോടെ പങ്കുചേര്‍ന്നു. 3700ലധികം വൈദികര്‍ ദിവ്യബലിയില്‍ പങ്കെടുത്തു. അനേക ലക്ഷം വിശ്വാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഓണ്‍ലൈനിലൂടെയും ചടങ്ങുകള്‍ വീക്ഷിച്ചു.
ദിവ്യബലിക്കിടെ ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രസംഗം അതീവഹൃദ്യവും ഹൃദയസ്പര്‍ശിയുമായിരുന്നു. 'അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു' എന്ന വചനത്തിലധിഷ്ഠിതമായിരുന്നു പ്രസംഗം.
'ദൈവത്തിന്റെ വിശ്വസ്തരായ ആളുകള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നു. യേശുവിന്റെ കല്ലറയ്ക്കരികിലെ സ്ത്രീകളെപ്പോലെ ഞങ്ങളും നന്ദിയുടെയും പ്രത്യാശയുടെയും സുഗന്ധ ലേപനവുമായി വന്നിരിക്കുന്നു, അനശ്വരമായ സ്‌നേഹം ഒരിക്കല്‍ കൂടി അവിടുത്തോട് പ്രകടിപ്പിക്കാന്‍. വര്‍ഷങ്ങളായി അവിടുന്ന് ഞങ്ങള്‍ക്ക് നല്‍കിയ ജ്ഞാനത്തോടും ആര്‍ദ്രതയോടും സമര്‍പ്പണത്തോടും കൂടി ഞങ്ങള്‍ ഈ കര്‍മങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു' - ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
രാഷ്ട്രത്തലവന്മാര്‍, രാജകുടുംബാംഗങ്ങള്‍ ഗോത്രപിതാക്കന്മാര്‍, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാര്‍, എല്ലാ ക്രൈസ്തവ സഭകളിലെയും പ്രതിനിധികള്‍, ബെനഡിക്ട് മാര്‍പാപ്പയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു.
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഫിലിപ്പ് നേരി ഫെറാവോ, ആന്റണി പൂല, സി.ബി.സി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവര്‍ സംസ്‌കാര ശുശ്രൂഷയില്‍ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.