റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്തുമസ് ആഘോഷം: ഉക്രെയ്‌നില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്തുമസ് ആഘോഷം: ഉക്രെയ്‌നില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഉക്രെയ്‌നില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായാണ് തീരുമാനം. സഭയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് റഷ്യന്‍ ഭരണകൂടം രണ്ട് ദിവസത്തെ വെടിനിര്‍ത്തലിന് നിര്‍ദേശം നല്‍കിയത്.

ജനുവരി ആറ് മുതല്‍ ഏഴ് വരെയാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ക്രിസ്മസ് ആഘോഷിക്കുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ച മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെ 36 മണിക്കൂറാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഉക്രെയ്ന്‍ ഭരണകൂടം വെടിനിര്‍ത്തലിനോട് ഇതുവരെ  പ്രതികരിച്ചിട്ടില്ല.

അതേസമയം ഡൊനെറ്റ്‌സ്‌കിലെ സൈനിക കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉക്രെയ്ന്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 63 സൈനികര്‍ കൊല്ലപ്പെട്ടത് റഷ്യയ്ക്ക് തിരിച്ചടിയായിരുന്നു. ഇതും താല്‍ക്കാലിക വെടിനിര്‍ത്തലിന് കാരണമായോ എന്നും സംശയമുണ്ട്. റഷ്യന്‍ നിയന്ത്രണത്തിലുള്ള മാക്‌വ്ക നഗരത്തിലായിരുന്നു റോക്കറ്റാക്രമണം നടന്നത്.

പത്ത് മാസം മുമ്പ് യുദ്ധം ആരംഭിച്ച ശേഷം ഉക്രെയ്ന്‍ നടത്തുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഷ്യന്‍ സൈനികര്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെ ഉക്രെയ്ന്‍ സേന ആറ് റോക്കറ്റുകള്‍ തൊടുത്തു വിട്ടതായി തിങ്കളാഴ്ച റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതില്‍ രണ്ട് മിസൈലുകള്‍ വെടിവച്ച് വീഴ്ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യോമ പ്രതിരോധ സംവിധാനം ഉക്രെയ്ന്‍ ആക്രമണത്തില്‍ തകര്‍ന്നെന്നും മൂന്ന് റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും റഷ്യന്‍ പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

അമേരിക്കന്‍ സാങ്കേതിക വിദ്യയോടുകൂടിയ ആയുധങ്ങള്‍ ഉക്രെയ്‌ന് അടുത്തയിടെ ലഭ്യമായിട്ടുണ്ട്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഉക്രെയ്ന്‍ റഷ്യക്കെതിരെ തിരിച്ചടി നടത്തിയത്. ആക്രമണത്തില്‍ പ്രദേശവാസികളില്‍ ചിലര്‍ കൊല്ലപ്പെട്ടതായും പലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.