സിഡ്‌നി: ഓസ്‌ട്രേലിയയിലെ ജനസംഖ്യ ഒരു ദശാബ്ദത്തിനുള്ളിൽ കോവിഡ്-19 മഹാമാരിക്ക് മുമ്പ് പ്രവചിച്ചതിനേക്കാൾ ഗണ്യമായി കുറയാൻ സാധ്യത. സെന്റർ ഫോർ പോപ്പുലേഷന്റെ 2022 ലെ ജനസംഖ്യ സംബന്ധമായ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് പകർച്ചവ്യാധി രാജ്യത്തെ ജനസംഖ്യയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാത്രമല്ല പകർച്ചവ്യാധി രൂക്ഷമായതിന് പിന്നാലെ ഓസ്‌ട്രേലിയൻ അതിർത്തികൾ അടച്ചതോടെ രാജ്യത്തേക്കുള്ള കുടിയേറ്റവും കുത്തനെ കുറഞ്ഞുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പകർച്ചവ്യാധിയെ തുടർന്ന് 2033 ഓടെ ജനസംഖ്യയുടെ കാര്യത്തിൽ പൂർണ്ണമായ വീണ്ടെടുക്കൽ കൈവരിക്കാനാകില്ല.
ഓസ്‌ട്രേലിയയിൽ താമസിക്കുന്നവരുടെ ജനസംഖ്യ 2021 ജൂൺ 30 ന് 25.7 ദശലക്ഷമായിരുന്നു. അതിൽ നിന്ന് 2033 ജൂൺ 30 ഓടെ 29.9 ദശലക്ഷമായി ഉയരുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. 2020-21 ലെ 0.1 ശതമാനത്തിൽ നിന്ന് 2022-23 ൽ 1.4 ശതമാനമായുള്ള വർധനയാണ് വാർഷിക ജനസംഖ്യാ വളർച്ചയിൽ സെന്റർ ഫോർ പോപ്പുലേഷൻ പ്രതീക്ഷിക്കുന്നത്. പിന്നീട് 2024-25 മുതൽ ജനസംഖ്യയിൽ ക്രമാനുഗതമായ കുറവ്.
അങ്ങനെ 2033 ഓടെ 1.2 ശതമാനത്തിലെത്തുക. അതായത് ഈ കാലയളവിൽ ഓസ്‌ട്രേലിയയിൽ താമസിക്കുന്നവരുടെ ജനസംഖ്യ 29.9 ദശലക്ഷം ആയി ഉയരും. 2060 ആകുമ്പോഴേക്കും ജനസംഖ്യ 39.2 ദശലക്ഷമായി വർധിക്കും. അതുപോലെ 2020-21 ൽ ശരാശരി 38.4 പ്രായമുള്ള ആളുകളാണ് ഭൂരിപക്ഷമെങ്കിൽ 2033 ആകുമ്പോൾ അത് 40.1 വയസുള്ളവരിലേക്ക് ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരം ഒരു മാറ്റം രാജ്യത്ത് ഓരോ മേഖലയിലും കൂടുതൽ വിദഗ്ദ്ധരായ തൊഴിലാളികൾ ഉണ്ടാകാൻ സഹായിക്കും.
സിഡ്‌നി ഇനി രാജ്യത്തെ ഏറ്റവും വലിയ നഗരമാകില്ല
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളായ സിഡ്‌നിയും മെൽബണും ഏതാണ് കൂടുതൽ മികച്ചത് എന്ന വിഷയത്തിൽ വർഷങ്ങളായി ഏറ്റുമുട്ടാറുണ്ട്. എന്നാൽ 2031-32 ആകുമ്പോഴേക്കും സിഡ്‌നിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ നഗരമെന്ന സ്ഥാനം മെൽബൺ ഏറ്റെടുക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
അതേസമയം മറ്റ് സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും അപേക്ഷിച്ച് സൗത്ത് ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും പഴയ നിലയിൽ ജനസംഖ്യ വളർച്ച തുടരും. നിലവിൽ നിയന്ത്രങ്ങൾ എല്ലാ മാറി കുടിയേറ്റം തുടരുന്നതിനാൽ സംസ്ഥാനങ്ങളും പ്രദേശങ്ങളും ജനസംഖ്യാ വളർച്ചയുടെ മുൻകാലത്തെ അവസ്ഥയിലേക്ക് തന്നെ പതിയെ മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ നിലവിൽ ജനസംഖ്യാ വളർച്ച ഒരേപോലെ തുടരുമെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
കോവിഡിനിടെ ജനനനിരക്കിൽ വർധന ഉണ്ടായില്ല
ഓസ്‌ട്രേലിയയിൽ കോവിഡിനിടെ ജനനനിരക്കിൽ വർധന ഉണ്ടായില്ല എന്ന വസ്തുത ചിലരെ ആശ്ചര്യപ്പെടുത്തിയേക്കാം. എന്നാൽ സെന്റർ ഫോർ പോപ്പുലേഷന്റെ പ്രസ്താവന അനുസരിച്ച് കോവിഡ് കാലത്തെ അടച്ചുപൂട്ടലുകളും മറ്റും ജനനനിരക്കിനെ കാര്യമായി ബാധിച്ചില്ല.
രാജ്യത്ത് കഴിഞ്ഞ 60 വർഷമായി ജനനനിരക്ക് സാവധാനത്തിൽ കുറയുന്ന പ്രവണതയാണുള്ളത്. അത് തുടരാനും സാധ്യതയുണ്ടെന്ന് പ്രസ്താവനയിൽ വിശദീകരിക്കുന്നു. 2021-22 ൽ ആകെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.66 കുട്ടികൾ എന്നതാണ്. അതിൽ നിന്നും 2030-31 ആകുമ്പോഴേക്കും ഒരു സ്ത്രീക്ക് 1.62 കുട്ടികൾ എന്ന നിലയിൽ കുറയും.
കോവിഡിന് ശേഷം ഓസ്‌ട്രേലിയയുടെ അതിർത്തികൾ തുറന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം രാജ്യത്തേക്ക് വീണ്ടും വേഗത്തിൽ പുനരാരംഭിച്ചു. പക്ഷേ അത് ഒരിക്കലും പകർച്ചവ്യാധി സമയത്ത് നഷ്ടപ്പെട്ട ജനസംഖ്യാ വളർച്ചയെ പൂർണ്ണമായും വീണ്ടെടുക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
ഓസ്‌ട്രേലിയയിൽ ഇതുവരെ മറ്റ് വികസിത രാജ്യങ്ങളെപ്പോലെ കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങൾ വലിയ സ്വാധീനം ചെലുത്തിയിരുന്നില്ല. എങ്കിലും കഴിഞ്ഞ വർഷം കോവിഡ് ബാധിതരുടെ എണ്ണവും രോഗബാധിതരുടെ മരണനിരക്കും ഉയർന്നു. ഇത് 2021-23 മുതൽ ആയുർദൈർഘ്യത്തിൽ ഹ്രസ്വകാല ഇടിവിന് കാരണമാകുന്നു. എന്നാൽ അതിനുശേഷം മഹാമാരിക്ക് മുമ്പ് പ്രവചിച്ച അതേ നിരക്കിൽ ആയുർദൈർഘ്യം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.