ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് യാത്രാമൊഴിയേകുന്ന ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: 'പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു' - ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മധ്യേ നല്‍കിയ സുവിശേഷ പ്രഘോഷണത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. പിതാവിന്റെ ഹിതം നിറവേറ്റി യേശു ജീവിതം പൂര്‍ത്തിയാക്കിയതിനെ ആസ്പദമാക്കിയാണ് ബെനഡിക്ട് പാപ്പയുടെ ജീവിതം ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശത്തിലൂടെ വരച്ചിട്ടത്.
കുരിശില്‍ കിടന്നുകൊണ്ട് യേശു അവസാനമായി ഉച്ചരിച്ച വാക്കുകള്‍ കര്‍ത്താവിന്റെ മുഴുവന്‍ ജീവിതത്തെയും സംഗ്രഹിച്ചതായി മാര്‍പ്പാപ്പ പറഞ്ഞു. തന്റെ മുന്‍ഗാമിയെ, പിതാവായ ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ കൈകളിലേക്ക് സമര്‍പ്പിക്കുകയും കര്‍ത്താവിനെ മുഖാമുഖം കാണുമ്പോഴുള്ള ബെനഡിക്റ്റ് പാപ്പയുടെ സന്തോഷം പൂര്‍ണമാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
'ക്ഷമയുടെയും അനുകമ്പയുടെയും രോഗശാന്തിയുടെയും കാരുണ്യത്തിന്റെയും അഭിഷേകത്തിന്റെയും അനുഗ്രഹത്തിന്റെയും കരങ്ങളായിരുന്നു കര്‍ത്താവിന്റേത്. പിതാവിന്റെ കരങ്ങളില്‍ നമ്മുടെ ആത്മാവിനെ ഭരമേല്‍പിക്കാനുള്ള യേശുവിന്റെ ക്ഷണം ഓരോ വൈദികന്റെയും തിരഞ്ഞെടുക്കപ്പെട്ടവരുടെയും ഹൃദയത്തെ പ്രചോദിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു' - പാപ്പാ ഉദ്ബോധിപ്പിച്ചു.
തന്റെ ശിഷ്യന്മാരുടെ ദുര്‍ബലമായ കൈകളില്‍ തന്നെത്തന്നെ ഏല്‍പ്പിക്കുന്ന ദൈവത്തിന്റെ അതുല്യമായ സാമീപ്യമാണ് ഇത് കാണിക്കുന്നതെന്ന് പാപ്പ പറഞ്ഞു. അതിനാല്‍ അവര്‍ക്ക് തന്റെ ജനത്തെ സ്‌നേഹത്തിലും ത്യാഗത്തിലും പരിപാലിക്കാന്‍ കഴിയും.
'യജമാനനെപ്പോലെ, ഒരു ഇടയന്‍ തന്റെ ജനത്തെ അഭിഷേകം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവും മധ്യസ്ഥതയും വഹിക്കുന്നു. പ്രത്യേകിച്ചും നന്മ വിജയിക്കാന്‍ പാടുപെടുന്ന സാഹചര്യങ്ങളിലും നമ്മുടെ സഹോദരീ സഹോദരന്മാരുടെ അന്തസിന് ഭീഷണിയാകുന്ന സന്ദര്‍ഭങ്ങളിലും.'
പൗരോഹിത്യം എന്നത് കൃതജ്ഞത നിറഞ്ഞ ഭക്തിയില്‍, കര്‍ത്താവിനെയും അവിടുത്തെ ജനത്തെയും സേവിക്കുന്നതിനുള്ള ഒരു അവസരമാണ്. ഒരു വൈദികനില്‍ നിന്നും എന്താണ് ദൈവം ആഗ്രഹിക്കുന്നതെന്ന് വിവേചിച്ചറിയാനും ദൈവത്തിന്റെ നല്ല സമയത്തിന് അനുസൃതമായി നമ്മുടെ ഹൃദയങ്ങളെയും തീരുമാനങ്ങളെയും രൂപപ്പെടുത്താനും സഭയിലെ ഓരോ വൈദികനും ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.
'ബെനഡിക്ട്, മണവാളന്റെ വിശ്വസ്തനായ സുഹൃത്തേ, അവിടുത്തെ ശബ്ദം കേള്‍ക്കുമ്പോള്‍ ഇന്നും എന്നേക്കും അങ്ങയുടെ സന്തോഷം പൂര്‍ണ്ണമാകട്ടെ' - പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു. ഒരു സഭാ സമൂഹമെന്ന നിലയില്‍ കര്‍ത്താവിനെ അനുഗമിക്കാന്‍ നാം പരിശ്രമിക്കുമ്പോള്‍ ബെനഡിക്ട് പാപ്പാ നമുക്കായി പകര്‍ന്ന വിശ്വാസത്തിന്റെ വെളിച്ചത്തില്‍ സഞ്ചരിക്കാന്‍ നമുക്ക് പരിശ്രമിക്കാം എന്ന് പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.
'ഇവിടെ ഒത്തുകൂടിയിരിക്കുന്ന പ്രിയ ദൈവജനമേ, ബെനഡിക്ട് പാപ്പാ പകര്‍ന്ന ആത്മീയ പ്രചോദനം വര്‍ഷങ്ങളായി അദ്ദേഹം ഞങ്ങള്‍ക്കു നല്‍കിയ അതേ ജ്ഞാനത്തോടും ആര്‍ദ്രതയോടും സമര്‍പ്പണത്തോടും കൂടി പിന്തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ന് ഈ നിമിഷം ഞങ്ങള്‍ ഒരുമിച്ച് പറയാന്‍ ആഗ്രഹിക്കുന്നു: പിതാവേ, അവിടുത്തെ കരങ്ങളില്‍ ഞങ്ങള്‍ അങ്ങയുടെ ആത്മാവിനെ സമര്‍പ്പിക്കുന്നു' - പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
കര്‍ത്താവില്‍ ഭരമേല്‍പിക്കുന്നതില്‍ പരസ്പരവും പ്രാര്‍ത്ഥനാപൂര്‍വ്വവുമായ പിന്തുണയുടെ പ്രാധാന്യത്തെ വിവരിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമനുമായുള്ള തന്റെ സൗഹൃദത്തിന്റെ ഓര്‍മ്മകളും ഫ്രാന്‍സിസ് പാപ്പ സന്ദേശത്തില്‍ പുതുക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.