മരങ്ങളില്‍ പെയിന്റടിച്ച് അജ്ഞാത സ്ത്രീ; പൊലീസ് അന്വേഷണം ആരംഭിച്ചു

മരങ്ങളില്‍ പെയിന്റടിച്ച് അജ്ഞാത സ്ത്രീ; പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: കുമരകത്ത് വീടിനു സമീപത്തെ മരങ്ങളില്‍ അജ്ഞാത സ്ത്രീ എത്തി പെയിന്റ് അടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആറ്റുചിറ കുമാരി ശശിയുടെ വീടിന്റെ പിന്നിലുള്ള പുളിമരത്തിലും ഇല്ലി മരത്തിലുമാണു മഞ്ഞയും ചുവപ്പും ചേര്‍ന്നുള്ള നിറത്തിലെ പെയിന്റ് അടിച്ചത്. രണ്ടാം തവണ പെയിന്റ് അടിക്കാന്‍ എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന 10 വയസുകാരി കണ്ടതോടെ സ്ത്രീ ഓടി രക്ഷപ്പെട്ടുവെന്ന് വീട്ടുകാര്‍ പറയുന്നു.

പ്രായമായ കുമാരി ശശിക്കൊപ്പം മകള്‍ ഇന്ദുലേഖയും കൊച്ചുമകള്‍ അനുഗ്രഹയും മാത്രമാണു താമസം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പു ഒരു വീട്ടിലെ മരത്തില്‍ ഇതേ രീതിയില്‍ പെയിന്റ് കണ്ടതായും പിന്നീട് ഈ വീട്ടില്‍ മോഷണം നടന്നതായും അറിഞ്ഞതോടെ കുമാരിയും കുടുംബവും ഭീതിയിലാണ്.

രണ്ടാഴ്ച മുന്‍പാണ് ആദ്യം മരങ്ങളില്‍ പെയിന്റ് അടിച്ചത്. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ പെയിന്റ് അടിച്ചത് ആരെന്നു കണ്ടിരുന്നില്ല. മോഷണത്തിനു വേണ്ടി അടയാളപ്പെടുത്തിയത് ആകാമെന്നു കരുതി കുമാരി മരത്തില്‍ നിന്ന് പെയിന്റ് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തലയില്‍ തുണി കൊണ്ടു മൂടി മുഖം മാത്രം കാണാവുന്ന രീതിയില്‍ എത്തിയ സ്ത്രീ പെയിന്റ് അടിക്കാന്‍ ശ്രമിക്കുന്നത് കൊച്ചുമകള്‍ അനുഗ്രഹയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മുത്തശ്ശിയും അമ്മയും ജോലിക്കു പോയതിനാല്‍ അനുഗ്രഹ മാത്രമാണ് അന്ന് വീട്ടിലുണ്ടായിരുന്നുള്ളൂ.

വീടിന്റെ പിന്നില്‍ എന്തോ ശബ്ദം കേട്ടാണ് അനുഗ്രഹ നോക്കിയത്. ഈ സമയം അവിടെ ഉണ്ടായിരുന്ന സ്ത്രീ ഓടി പോകുകയുമായിരുന്നു. മരത്തില്‍ നിന്ന് ചീകിക്കളഞ്ഞ ഭാഗത്ത് തന്നെ വീണ്ടും പെയിന്റ് അടിക്കാന്‍ സ്ത്രീ എത്തിയതോടെ വീട്ടുകാര്‍ കൂടുതല്‍ ഭയത്തിലാണ്.
കുമാരിയുടെ പരാതിയില്‍ അന്വേണം ആരംഭിച്ച പൊലീസ് വീടിനു സമീപത്തെ സിസിടിവി പരിശോധിക്കാനൊരുങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.