മെൽബൺ: ഓസ്‌ട്രേലിയയിൽ എക്സ്ബിബി.1.5 എന്ന് വിളിക്കപ്പെടുന്ന കൊവിഡ് വൈറസിന്റെ പുതിയ വക ഭേദം കണ്ടെത്തി. ഈ വകഭേദം കോവിഡിന്റെ തീവ്രവ്യപനത്തിന് കാരണമാകും എന്നതിനാൽ രാജ്യത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
മുമ്പ് അമേരിക്കയിൽ കണ്ടുവന്നിരുന്ന വകഭേദത്തെയാണ് ഇപ്പോൾ ഓസ്ട്രേലിയയിലും സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ എക്സ്ബിബി.1.5 മറ്റ് ഉപ വകഭേദങ്ങളെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ്. വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വകഭേദം അമേരിക്കയിൽ ഉടനീളം അതിവേഗം വ്യാപിച്ചു. ഇപ്പോൾ ഓസ്‌ട്രേലിയയിലും ഇത്തരത്തിലുള്ള വളരെ കുറച്ച് കേസുകൾ ഉയർന്നുവരുന്നിട്ടുണ്ട്.
ഇതുവരെ, ഓസ്‌ട്രേലിയയിൽ എക്‌സ്ബിബി.1.5 ന്റെ എട്ട് കേസുകൾ കണ്ടെത്തി. എക്‌സ്ബിബി.1.5 ലെ ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡാറ്റ കാണിക്കുന്നത് ജനുവരി 3 വരെയുള്ള കണക്കനുസരിച്ച് ഓസ്‌ട്രേലിയയിൽ ഈ വകഭേദത്തിന്റെ സാന്നിധ്യം 1 ശതമാനത്തിൽ താഴെ മാത്രമാണ്.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കോവിഡ് സാങ്കേതിക മേധാവി മരിയ വാൻ കെർഖോവ് ഈ വകഭേദത്തെ "ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പ്രസരണം ചെയ്യാവുന്ന ഉപ വകഭേദം" എന്നാണ് വിശേഷിപ്പിച്ചത്. എങ്കിലും മറ്റ് തരത്തിലുള്ള കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് ഇതുവരെ സൂചനകളൊന്നുമില്ല. മാത്രമല്ല ഇതിന്റെ ആഘാതം എത്രത്തോളം രൂക്ഷമാകുമെന്ന് അറിയാൻ മതിയായ രേഖകളും ഇതുവരെ ലഭ്യമായിട്ടില്ല.
പുതിയ ഉപവകഭേദത്തെ താൻ 'എക്സ്ട്രാ ബാഡ് ബോയ്' എന്ന് വിശേഷിപ്പിക്കുമെന്നും സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ റോബർട്ട് ബൂയ് വ്യക്തമാക്കി. പുതിയ വകഭേദം എക്കാലത്തെയും മോശമായ വേരിയന്റ് ആണെന്ന വിലയിരുത്തലുകൾ ഉണ്ടെങ്കിലും ഇത് മുൻപുണ്ടായിരുന്നതിനേക്കാൾ അപകടശേഷി കുറഞ്ഞതാണെന്നാണ് പ്രൊഫസർ റോബർട്ട് ബൂയുടെ വിലയിരുത്തൽ.
വ്യാപന ശേഷി കൂടുതലാണെങ്കിലും എക്സ്ബിബി.1.5 മറ്റ് വകഭേദങ്ങളെ പോലെ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എന്താണ് എക്സ്ബിബി.1.5 ഉപ വകഭേദം?
ബിഎ.2.10 എന്നും അറിയപ്പെടുന്ന എക്സ്ബിബി.1.5 വകഭേദം നിലവിലുള്ള ബിഎ.2 ഒമിക്രോൺ ഉപ വകഭേദത്തിൽ നിന്ന് പരിണമിച്ച് ഉണ്ടായതാണ്. ഈ വകഭേദത്തിലൂടെ വീണ്ടും വൈറസ് ബാധയേൽക്കാൻ (റീഇൻഫെക്ഷൻ) സാധ്യത കൂടുതലാണെന്ന് ഒക്ടോബറിൽ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്.
ഈ വകഭേദത്തിന്റെ ഉത്ഭവമായ എക്സ്ബിബി.1 ന് "നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കാൻ ഇത് പ്രാപ്‌തമാക്കുന്നതിന്" സമാനമായ പരിവര്‍ത്തനത്തിനുള്ള കഴിവ് ഉണ്ടെന്നാണ് സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റിയിലെ ബയോസ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് എപ്പിഡെമിയോളജി ചെയർ പ്രൊഫസർ അഡ്രിയാൻ എസ്റ്റെർമാൻ വ്യക്തമാക്കുന്നത്.
എക്സ്ബിബി.1.5 എവിടെയാണ് വ്യാപിക്കുന്നത്?
ഇതുവരെ 25 ലധികം രാജ്യങ്ങളിൽ എക്സ്ബിബി.1.5 കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും കേസുകൾ വർദ്ധിക്കുകയാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) പ്രവചനങ്ങൾ അനുസരിച്ച്, അമേരിക്കയിൽ ഉടനീളം രോഗം അതിരൂക്ഷമായി പടരാൻ ഇത് കാരണമായി.
ഒക്ടോബറിൽ ന്യൂയോർക്കിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഇത് അമേരിക്കയിലുടനീളം അതിവേഗം പടരുകയാണ്. അമേരിക്കയിലെ 40 ശതമാനത്തിലധികം കോവിഡ് കേസുകളും ഇപ്പോൾ എക്സ്ബിബി.1.5 കാരണമാണ്. സിഡിസിയിൽ നിന്നുള്ള രേഖകൾ അനുസരിച്ച് കഴിഞ്ഞ ആഴ്‌ച വകഭേദം മൂലമുള്ള രോഗികളുടെ എണ്ണം മുൻ ആഴ്‌ചയിൽ നിന്ന് ഇരട്ടിയായി.
അമേരിക്കയിൽ ഡിസംബർ 24 വരെയുള്ള ആഴ്ച ആകെ കേസുകളുടെ 21.7 ശതമാനം മാത്രമായിരുന്നു എക്‌സ്ബിബി.1.5 സാന്നിധ്യം. മിനസോട്ട സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. മൈക്കൽ ഓസ്റ്റർഹോം ഇതിനെ "ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും മോശം വകഭേദം" എന്നാണ് വിശേഷിപ്പിച്ചത്.
ആശങ്കപ്പെടേണ്ടതുണ്ടോ?
ഓസ്‌ട്രേലിയയിൽ വകഭേദം കൂടുതൽ വ്യാപിക്കാത്ത നിലവിലുള്ള ഘട്ടത്തിൽ അമിതമായി ആശങ്കപ്പെടേണ്ടതില്ലല്ലെന്ന് ഡീക്കിൻ സർവകലാശാലയിലെ എപ്പിഡെമിയോളജി അസോസിയേറ്റ് പ്രൊഫസർ ഹസൻ വാലി പറഞ്ഞു.
എന്നാൽ കോവിഡ് ഇപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന ഒന്നാണ്. അതിനാൽ രോഗബാധിതരാകാതിരിക്കാനുള്ള പ്രതിവിധികൾ കഴിയുന്നതെല്ലാം ചെയ്യുണം. ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഓസ്‌ട്രേലിയയിൽ ഇത് മറ്റൊരു തരംഗത്തിന് കാരണമാകുമെന്ന് പ്രൊഫസർ എസ്റ്റെർമാൻ വ്യക്തമാക്കി. എന്നാൽ മുൻകാല രോഗബാധകളിൽ നിന്നും വാക്‌സിനേഷനിൽ നിന്നും നമുക്ക് ഉയർന്ന പ്രതിരോധശേഷി കൈവന്നിട്ടുണ്ട്. അതിനാൽ ഇത് ബിഎ.2 അല്ലെങ്കിൽ ബിഎ.4/5 തരംഗങ്ങളെപ്പോലെ മോശമാകാൻ സാധ്യതയില്ലെന്നും പ്രൊഫസർ എസ്റ്റെർമാൻ വിശദീകരിക്കുന്നു.
വാക്സിനുകൾ ഫലപ്രദമോ?
എക്സ്ബിബി.1.5 നെതിരെ വാക്സിൻ ഫലപ്രദമാണോ എന്നതിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.
വൈറസിൻറ രൂപമാറ്റം വളരെ വേഗത്തലായിരുന്നുവെന്നും വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് ഇതുവരെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെന്നും പ്രൊഫസർ ബൂയ് പറഞ്ഞു. വാക്‌സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ അടുത്ത ഏതാനും ആഴ്ചകളിൽ പുറത്തുവരുമെന്നും പ്രൊഫസർ ബൂയ് വ്യക്തമാക്കി.
മറ്റ് ഒമിക്രോൺ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, എക്സ്ബിബി.1.5 ന് ഉയർന്ന പുനർവ്യാപന സാധ്യതയുണ്ടെന്ന് നവംബറിൽ ലോകാരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനു മുൻപു കോവിഡ് വന്നവർക്കാണു രോഗബാധയ്ക്കു സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്. അതായത്,കോവിഡ് തുടങ്ങിയ 2020 ജനുവരി 30 മുതൽ ഓമിക്രോൺ സ്ഥിരീകരിച്ച 2021 അവസാനം വരെ പോസിറ്റീവായവരാണു റിസ്‌ക് വിഭാഗത്തിൽ ഉള്ളത്.
എങ്ങനെ സ്വയം സുരക്ഷിതരാകാം?
ഓസ്ട്രേലിയക്കാർ പ്രായോഗിക ബുദ്ധിയോടെയുള്ള സമീപനമാണ് പുതിയ വകഭേദത്തിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ടതെന്ന് പ്രൊഫസർ ബൂയ് അഭിപ്രായപ്പെട്ടു.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുക. ആരോഗ്യപരമായി ദുർബല വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെങ്കിൽ നാലാമത്തെ ഡോസ് എടുക്കുക. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ജി.പിയുമായി സംസാരിക്കുക. കൊവിഡ് പരിശോധന നടത്തുക. കൊവിഡ് പൊസിറ്റീവ് ആണെങ്കിൽ, ആൻറിവൈറൽ തെറാപ്പി സ്വീകരിക്കുക.
ഓസ്‌ട്രേലിയയിൽ, കൊവിഡ് വൈറസിനെതിരെയുള്ള ഓറൽ ആൻറിവൈറൽ ചികിത്സ മരുന്നുകളായ പാക്സ്ലോവിഡ്, ലഗേവ്രിയോ എന്നിവ ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ് സ്കീമിൽ (PBS) ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡികെയർ കാർഡുള്ളവർക്ക് മരുന്നുകൾ സബ്‌സിഡിയോടെ ലഭ്യമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.