സിഡ്‌നി: ഐഎസ് ക്യാമ്പിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് തിരികെയെത്തിയ ന്യൂ സൗത്ത് വെയിൽസ് യുവതിക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സിറിയയിൽ പ്രവേശിക്കുകയും സ്വമേധയാ അവിടെ താമസിക്കുകയും ചെയ്തുവെന്ന കുറ്റത്തിൽ ജാമ്യം ലഭിച്ചു. സിറിയയിൽ നിന്നും ഒക്ടോബറിൽ തിരിച്ചെത്തിയ ശേഷം സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് താമസിച്ചു വരികയായിരുന്ന 31 കാരിയായ മറിയം റാഡ് വ്യാഴാഴ്ചയാണ് യംങിൽ അറസ്റ്റിലായത്.
ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസും എൻഎസ്‌ഡബ്ല്യു ജോയിന്റ് ടെററിസം ടീമിലെ എൻഎസ്‌ഡബ്ല്യു പോലീസ് ഉദ്യോഗസ്ഥരും മറിയം റാഡിന്റെ വീട്ടിലും അവരുടെ ബന്ധു താമസിക്കുന്ന സിഡ്‌നിയുടെ വടക്കുപടിഞ്ഞാറുള്ള പാർക്ക്‌ലിയയിലുള്ള വീട്ടിലും പരിശോധന നടത്തി.
എഎഫ്‌പി, എൻഎസ്‌ഡബ്ല്യു പോലീസ്, ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ, എൻഎസ്‌ഡബ്ല്യു ക്രൈം കമ്മീഷൻ എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടുന്നതാണ് എൻഎസ്‌ഡബ്ല്യു ജോയിന്റ് ടെററിസം ടീം.
ഓസ്‌ട്രേലിയയിലെ ഫെഡറൽ നിയമം ലംഘിച്ച് തീവ്രവാദ ഗ്രൂപ്പായ ഐഎസിന്റെ നിയന്ത്രണത്തിലുള്ള സിറിയയിലെ "പ്രഖ്യാപിത പ്രദേശങ്ങളിൽ" പ്രവേശിച്ചതിന് അല്ലെങ്കിൽ അവിടെ താമസിച്ചതിന് ഇവർക്കെതിരെ കുറ്റം ചുമത്തിയതായാണ് അധികൃതർ വ്യക്തമാക്കുന്നത്.,
കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. വാഗയിൽ യുവതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം വെള്ളിയാഴ്ച ഓൺലൈൻ ആയി ഗ്രിഫിത്ത് പ്രാദേശിക കോടതിയിൽ റാഡ് വിചാരണ നേരിട്ടു. തുടർന്ന് അന്ന് ജാമ്യം ലഭിച്ചതിനാൽ അവർ പാസ്‌പോർട്ട് സമർപ്പിക്കാനും നിർബന്ധിതയായി.
മറിയം റാഡിന് 12 ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലിലോ അല്ലെങ്കിൽ പുറത്തോ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ആരുമായും ബന്ധപ്പെടുന്നതിൽ നിന്ന് യുവതിയെ വിലക്കിയിട്ടുണ്ട്. കൂടാതെ തീവ്രവാദവും അതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണുകയോ വിതരണം ചെയ്യാനും ശ്രമിക്കരുത്. തോക്ക് സ്വന്തമായി സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മാർച്ച് 15 ന് മറിയം റാഡ് വീണ്ടും യംങ് ലോക്കൽ കോടതിയിൽ ഹാജരാകണം. അതേസമയം മറിയം റാഡ് കമ്മ്യൂണിറ്റിയിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും യംങിന്റെ മേൽനോട്ടം വഹിക്കുന്ന ഹിൽടോപ്സ് കൗൺസിലിന്റെ മേയർ മാർഗരറ്റ് റോൾസ് വ്യക്തമാക്കി.
2013 ലാണ് മറിയം റാഡിന്റെ ഭർത്താവ് മുഹമ്മദ് സഹബ് ഓസ്‌ട്രേലിയ വിട്ട് ഐഎസിൽ ചേരാൻ സിറിയയിലേക്ക് പോയത്. പിന്നീട് ഇയാൾക്കൊപ്പം ജീവിക്കാൻ 2014 ന്റെ തുടക്കത്തിൽ മറിയവും അവിടേക്ക് പോവുകയായിരുന്നു. ഐഎസുമായുള്ള ഭർത്താവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇവർക്ക് അറിയാമായിരുന്നുവെന്നും സംഘർഷ മേഖലയിലേക്ക് സ്വമേധയാ യാത്ര ചെയ്തിരുന്നതായും ആരോപണങ്ങളിൽ വ്യക്തമാക്കുന്നു.
സിഡ്‌നിയിലെ മുൻ ഗണിതാധ്യാപകനായ മുഹമ്മദ് സഹബ് ഭീകര സംഘടനയിൽ തുടരുകയും 2018 ൽ സിറിയയിൽ മരിച്ചതായി കരുതപ്പെടുകയും ചെയ്യുന്നു. ഐഎസിന്റെ പതനത്തിന് ശേഷം കുർദിഷ് നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലെ അൽ റോജ് ക്യാമ്പിൽ കഴിഞ്ഞ വർഷം വരെ യുവതി താമസിച്ചിരുന്നു.
ഇവരെക്കുറിച്ചുള്ള അന്വേഷണം സിറിയയിലായിരുന്നപ്പോൾ തന്നെ ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ ആരംഭിച്ചിരുന്നു. പ്രഖ്യാപിത സംഘട്ടന മേഖലകളിൽ നിന്ന് മടങ്ങിവരുന്ന ഓസ്‌ട്രേലിയൻ പൗരന്മാരെക്കുറിച്ച് സംയുക്ത തീവ്രവാദ വിരുദ്ധ സംഘം അന്വേഷണം തുടരുമെന്ന് തീവ്രവാദ സാധ്യതകൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ ഫെഡറൽ പോലീസ് കമാൻഡർ പറഞ്ഞു.
സംഘർഷ മേഖലകളിൽ തിരിച്ചെത്തിയ വ്യക്തികൾ കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന ആരോപണത്തെ തെളിവുകൾ പിന്തുണയ്ക്കുന്ന അവസരത്തിൽ ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് ആക്ടിംഗ് അസിസ്റ്റന്റ് കമ്മീഷണർ സാന്ദ്ര ബൂത്ത് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സിറിയൻ ക്യാമ്പിൽ നിന്ന് സിഡ്നിയിലേക്ക് എത്തിച്ച നാല് ഓസ്‌ട്രേലിയൻ സ്ത്രീകളിൽ ഒരാളാണ് മറിയം റാഡ്. 13 കുട്ടികളും ഇവരോടൊപ്പം സ്വദേശത്തേക്ക് തിരികെയെത്തിയിരുന്നു. മരിച്ചവരോ ജയിലിൽ കഴിയുന്നവരോ ആയ ഐഎസ് തീവ്രവാദികളെയാണ് ഈ സ്ത്രീകൾ വിവാഹം ചെയ്തിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26