ജറുസലേമില്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ നിരവധി കല്ലറകള്‍ തകര്‍ത്ത നിലയില്‍; അപലപിച്ച് സഭാ നേതാക്കള്‍

ജറുസലേമില്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ നിരവധി കല്ലറകള്‍ തകര്‍ത്ത നിലയില്‍; അപലപിച്ച് സഭാ നേതാക്കള്‍

ജറുസലേം: ജറുസലേമിലെ ചരിത്രപ്രസിദ്ധമായ ക്രിസ്ത്യന്‍ സെമിത്തേരിയിലെ നിരവധി കല്ലറകള്‍ തകര്‍ത്ത നിലയില്‍. സംഭവത്തില്‍ രണ്ട് പേരെ ഇസ്രായേല്‍ പോലീസ് അറസ്റ്റ് ചെയ്തു. ജറുസലേമിലെ സീയോന്‍ പര്‍വതത്തിലെ പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിലെ കല്ലറകളാണ് കഴിഞ്ഞ ഞായറാഴ്ച്ച വികൃതമാക്കപ്പെടുകയും മറിഞ്ഞുകിടക്കുന്ന നിലയിലും കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് നശിപ്പിക്കപ്പെട്ട നിലയില്‍ മുപ്പതോളം ശവക്കല്ലറകളാണ് പൊലീസ് കണ്ടെത്തിയത്. രണ്ട് യുവാക്കള്‍ സെമിത്തേരിയില്‍ കയറി കല്ലറകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കല്ലറകള്‍ നശിപ്പിച്ചതായി സംശയിക്കുന്നവരുടെ പേര് ഇസ്രായേല്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവര്‍ പതിനെട്ടും പതിനാലും വയസുള്ളവരാണെന്നും മധ്യ ഇസ്രായേലില്‍ താമസിക്കുന്നവരാണെന്നും അറിയിച്ചു. സിസിടിവി കാമറയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ജൂതന്മാര്‍ ധരിക്കുന്ന തൊപ്പിയും തൊങ്ങലുകളുള്ള മത വസ്ത്രങ്ങളുമാണ് പ്രതികള്‍ അണിഞ്ഞിരിക്കുന്നത്. തീവ്ര വലതു പക്ഷ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്നവരാണ് സംഭവത്തിനു പിന്നിലെന്നാണു പോലീസ് നിഗമനം.

കല്‍ക്കുരിശുകള്‍ ഇടിക്കുന്നതും കല്ലറുകള്‍ തകര്‍ക്കുകയും കല്ലറകള്‍ക്ക് മുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

170 വര്‍ഷത്തിലേറെ പഴക്കമുള്ള സെമിത്തേരിയില്‍ സായുധ സേനയിലെ പ്രമുഖരെയും പുരോഹിതന്മാരെയുമാണ് അടക്കിയിരിക്കുന്നത്.

സംഭവം നഗരത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. മതപരമായ സ്ഥലങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യമിടുന്നത് ആശങ്കാജനകമാണെന്ന് യു.എസ് എംബസിയുടെ പലസ്തീന്‍ കാര്യ ഓഫീസ് പറഞ്ഞു.

ആരു നടത്തുന്നതായാലും മത കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ജറുസലേം എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള നഗരമായിരിക്കണം - ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആക്രമണം നിന്ദ്യമായ പ്രവൃത്തിയാണെന്നും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. യുകെയിലെ ചീഫ് റബ്ബി എഫ്രേം മിര്‍വിസും ബ്രിട്ടീഷ് കോണ്‍സുലേറ്റും സംഭവത്തെ അപലപിച്ചു.

ദശാബ്ദങ്ങളായി നീണ്ടുനില്‍ക്കുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടയില്‍ ജറുസലേമിലെ ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ കുറ്റകൃത്യമാണിതെന്ന് ജറുസലേമിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.