സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി: കണ്ടെത്തിയത് തിരുവനന്തപുരത്തെ സ്വകാര്യ ഫാമില്‍; 2000 കോഴികളെയും താറാവിനെയും ഉടന്‍ കൊല്ലും

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി: കണ്ടെത്തിയത് തിരുവനന്തപുരത്തെ സ്വകാര്യ ഫാമില്‍; 2000 കോഴികളെയും താറാവിനെയും ഉടന്‍ കൊല്ലും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ അഴൂർ പഞ്ചായത്തിലെ സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ഇവിടെയുള്ള നൂറുകണക്കിന് താറാവും കോഴിയും ചത്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലായിരുന്നു രോഗം കണ്ടെത്തിയത്. 

മൂന്ന് മാസങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്ന താറാവ് കുഞ്ഞുങ്ങൾക്കും ഹൈദരാബാദിൽ നിന്ന് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങൾക്കുമാണ് രോഗം പടർന്നുപിടിച്ചത്. രോഗം കണ്ടെത്തിയ സാഹചര്യത്തിൽ നാളെ മുതൽ 2000 താറാവിനെയും കോഴിയെയും കൊല്ലും.

ഫാമിലെ താറാവിനും കോഴിക്കും അസുഖബാധയേറ്റപ്പോൾ ആദ്യം ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിശദപരിശോധനയ്ക്കായി സാമ്പിൾ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഫോർ ആനിമൽ ഡിസീസസിലും കൂടുതൽ പരിശോധനയ്ക്കായി ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി ലാബിൽ അയച്ചു. അവിടെ നിന്ന് കിട്ടിയ റിസൾട്ട് പോസിറ്റീവ് ആയതിനെത്തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിന് സമീപമുള്ള മേഖലകളിൽ കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, വില്പന എന്നിവ നിരോധിച്ചു. ഈ പഞ്ചായത്തുകളിൽ നിന്ന് പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്പന,നീക്കം എന്നിവയ്ക്കും മൂന്ന് മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും.

മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ തിങ്കളാഴ്ച മുതൽ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാകളക്ടർ ഇന്നലെ ചേർന്ന അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.

അതേസമയം പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളർത്തുപക്ഷികൾ അസ്വാഭാവികമായി കൂട്ടമായി ചത്തപോകുന്ന സാഹചര്യങ്ങളിൽ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും മൃഗസംരക്ഷണ ഓഫീസറും അറിയിച്ചു.

കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുൻപും പിൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. പക്ഷികളെ കൈകാര്യം ചെയ്‌ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപ്പെടണം. ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ടകൾ കഴിക്കരുത്. രോഗം സ്ഥീരികരിച്ച പ്രദേശത്ത് നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നിന്നും പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.