മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ കണ്ടു, കൃഷി എളുപ്പമാക്കാന്‍ യന്ത്രം തയാറാക്കിയ മിടുക്കന്‍

മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ കണ്ടു, കൃഷി എളുപ്പമാക്കാന്‍ യന്ത്രം തയാറാക്കിയ മിടുക്കന്‍

തന്റെ മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ട് കൃഷി എളുപ്പമാക്കാന്‍ ഒരു യന്ത്രം രൂപകല്‍പന ചെയ്തിരിക്കുകയാണ് അശോക് ഗോരെ എന്ന മിടുക്കന്‍. തെലുംഗാനയിലെ സൂര്യപേട്ട് ജില്ലയിലെ ഒരു കര്‍ഷക കുടുംബത്തിലെ മകനാണ് അശോക്. ചെറുപ്പം മുതല്‍ക്കെ കൃഷിയും കൃഷിരീതിയുമെല്ലാം കണ്ടു വളര്‍ന്നവന്‍. പതിനേഴ് വയസ്സാണ് അശോക് ഗോരെയുടെ പ്രായം. ഈ പ്രായത്തിലാണ് അവന്‍ തന്റെ മാതാപിതാക്കള്‍ക്ക് ജോലി എളുപ്പമാക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രത്യേക യന്ത്രം രൂപകല്‍പന ചെയ്തത്. അശോകിന്റെ മാതാപിതാക്കള്‍ക്ക് മാത്രമല്ല എല്ലാ കര്‍ഷകര്‍ക്കും ഏറെ സഹായകരമാണ് ഈ യന്ത്രം.

പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ അശോക് കിട്ടുന്ന സമയങ്ങളെല്ലാം ഫലപ്രദമായി വിനിയോഗിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷിപ്പണി എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഒരു മള്‍ട്ടി പര്‍പ്പസ് ടൂള്‍ ആണ് ഈ മിടുക്കന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. തന്റെ വീടിനോട് ചേര്‍ന്നുള്ള പതിനേഴോളം കര്‍ഷകര്‍ക്ക് ഈ ഒരു യന്ത്രം ഉപകാരപ്രദമാകും എന്നാണ് അശോക് പറയുന്നത്. ഈ ടൂള്‍ ഉപയോഗിച്ച് നെല്ല് കൊയ്യാനും ശേഖരിക്കാനും വേര്‍തിരിക്കാനും സാധിക്കും. നെല്ലിനു പുറമെ മുളകിനും പരുത്തി വിത്തിനുമെല്ലാം ഗുണഗരമാണ് ഈ ഉപകരണം.

ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ചാണ് അശോക് ഈ യന്ത്രം തയാറാക്കിയിരിക്കുന്നത്. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞതും മറ്റു അറിവുകളും ഒക്കെ പ്രയോജനപ്പെടുത്തിക്കൊണ്ടായിരുന്നു യന്ത്രത്തിന്റെ രൂപകല്‍പന. പഴയ ഒരു സൈക്കിളിന്റെ ടയര്‍, ഉപേക്ഷിക്കപ്പെട്ട ഇരുമ്പു കഷ്ണങ്ങള്‍, ബോള്‍ട്ടുകള്‍ എന്നിവയൊക്കെയാണ് പ്രധാനമായും യന്ത്രം തയാറാക്കാന്‍ ആവശ്യമായി വന്നത്. നിരവധി കര്‍ഷകര്‍ക്ക് അശോക് ഈ ഉപകരണം നിര്‍മിച്ചു നല്‍കുന്നുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.