അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം; ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്.പി

അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം; ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്.പി

കാഞ്ഞങ്ങാട്: കാസര്‍കോഡ് കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും ശരീരത്തില്‍ വിഷത്തിന്റെ അംശമുണ്ടെന്നുമുള്ള പോസ്റ്റുമോര്‍ട്ടം പ്രാഥാമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് സൂപ്രണ്ട് വൈഭവ് സക്സേനയുടെ പ്രതികരണം.

ചില പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ അത് രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടറുടെ നിഗമനങ്ങളുമായി ഒത്തുപോകുന്ന തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ജുശ്രീയുടെ മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടര്‍ന്നുള്ള ഹൃദയ സ്തംഭനം ആണെന്നാണ് സര്‍ജന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ അടക്കമുള്ള ആന്തരീകാവയങ്ങള്‍ പൂര്‍ണമായും തകരാറിലായിരുന്നെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലും അഞ്ജുശ്രീയ്ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി പറയുന്നില്ല. പെണ്‍കുട്ടി കുഴിമന്തി വാങ്ങിയ ഹോട്ടലില്‍ നിന്ന് അന്നേ ദിവസം 120 പേര്‍ ബിരിയാണി വാങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളില്ലെന്നും ഹോട്ടല്‍ വൃത്തിഹീനമായിരുന്നില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.