ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം; വിശ്വാസികളുടെ തിരക്ക്

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം; വിശ്വാസികളുടെ തിരക്ക്

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ കബറിടം സന്ദര്‍ശിക്കാനും വണങ്ങാനും വിശ്വാസികളുടെ തിരക്ക്. ഞായറാഴ്ച (ജനുവരി എട്ട്) രാവിലെ ഒന്‍പതു മണി മുതലാണ് ബെനഡിക്ട് പാപ്പയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങിയത്.

വത്തിക്കാന്‍ സെന്‍ പീറ്റേഴ്‌സ് ബസിലിക്കയുടെ ഉള്ളില്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ഗ്രോട്ടോയിലെ കല്ലറയിലാണ് ബെനഡിക്ട് പതിനാറാമന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ആദ്യം അടക്കം ചെയ്ത കല്ലറയിലാണ് ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരവും അടക്കം ചെയ്തിരിക്കുന്നത്.

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ശേഷം വത്തിക്കാന്‍ ഗ്രോട്ടോയില്‍ സംസ്‌കരിച്ചിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ സെന്റ് സെബാസ്റ്റ്യന്‍ ചാപ്പലില്‍ സംസ്‌കരിച്ചിരുന്നു.



സൈപ്രസ്, സിങ്ക്, ഓക്ക് എന്നിവകൊണ്ട് നിര്‍മ്മിച്ച പേടകത്തിലാണ് എമിരിറ്റസ് മാര്‍പ്പാപ്പയുടെ ഭൗതീക ശരീരം അടക്കം ചെയ്തിരിക്കുന്നത്. ഭൗതിക ശരീരത്തോടൊപ്പം അദ്ദേഹം അണിഞ്ഞിരുന്ന പാലിയവും പോപ്പ് ആയിരിക്കെ അച്ചടിച്ച നാണയങ്ങളും മെഡലുകളും അടക്കം ചെയ്തിട്ടുണ്ട്.


വി. പത്രോസിന്റെ 264-ാമത്തെ പിന്‍ഗാമിയുടെ പേര് ഒരു വെളുത്ത മാര്‍ബിള്‍ സ്ലാബില്‍ കറുത്ത നിറത്തിലുള്ള അക്ഷരങ്ങളില്‍ കൊത്തിവച്ചിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31-ന് രാവിലെ 9.34-നാണ് പാപ്പ ഇഹലോകവാസം വെടിഞ്ഞത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ബെനഡിക്ട് പാപ്പയെ അവസാനമായി കാണാന്‍ വത്തിക്കാനിലെത്തിയത്. ലോകത്തിന്റെ ആദരം ഏറ്റുവാങ്ങി നിത്യതയിലേക്കു യാത്രയായ പാപ്പയുടെ കബറിടം സന്ദര്‍ശിക്കാനും വിശ്വാസികള്‍ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.