അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന; എലിവിഷത്തെക്കുറിച്ച് ഫോണില്‍ സെര്‍ച്ച് ചെയ്തു

 അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന; എലിവിഷത്തെക്കുറിച്ച് ഫോണില്‍ സെര്‍ച്ച് ചെയ്തു

പരിയാരം: കാസര്‍കോട് സ്വദേശിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സൂചന. എലിവിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ എലിവിഷത്തെക്കുറിച്ച് അഞ്ജുശ്രീയുടെ മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. എന്നാല്‍ രാസ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

അതേസമയം മരണത്തിലെ ദുരൂഹത അകറ്റണമെന്ന് അഞ്ജുശ്രീയുടെ കുടുംബം ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച ശേഷം അഞ്ജുശ്രീ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായി പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ കരുണാകരന്‍ പറഞ്ഞു. ഭക്ഷ്യ വിഷബാധ അല്ലെങ്കില്‍ മരണത്തിന് മറ്റ് കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ എ കുമാരന്‍ നായരുടെയും കെ അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണ് മരിച്ചത്. ഡിസംബര്‍ 31 ന് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഹോട്ടല്‍ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടല്‍ അടപ്പിച്ച് ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.