സിസ്റ്റൈൻ ചാപ്പലിൽ 13 കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകി ഫ്രാൻസിസ് മാർപ്പാപ്പ

സിസ്റ്റൈൻ ചാപ്പലിൽ 13 കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകി ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: കർത്താവിന്റെ ജ്ഞാനസ്നാന തിരുനാളിൽ ഫ്രാൻസിസ് മാർപ്പാപ്പ 13 കുഞ്ഞുങ്ങൾക്ക് മൈക്കലാഞ്ചലോയുടെ സിസ്റ്റൈൻ ചാപ്പൽ ഒരുക്കിയ പ്രൗഢഗംഭീരമായ പശ്ചാത്തലത്തിൽ മാമോദീസ നൽകി. കുഞ്ഞുങ്ങളെ കത്തോലിക്കാ സഭയിലേക്ക് കൊണ്ടുവന്നതിന് അവരുടെ മാതാപിതാക്കളോട് പാപ്പ നന്ദി പറയുകയും ചെയ്തു.

മാമോദീസയിലൂടെ കത്തോലിക്കാ സഭയുടെ ഭാഗമായ ഈ കുഞ്ഞുങ്ങൾ, തങ്ങൾ സ്വീകരിച്ച പാതയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അവരുടെ മാതാപിതാക്കൾക്ക് ഉണ്ടെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു. അവരുടെ കുട്ടികളെ സിസ്റ്റൈൻ ചാപ്പലിലേക്ക് കൊണ്ടുവന്നതിനും അവരെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിച്ചതിനും നന്ദി പറയുന്നുവെന്നും പാപ്പ വ്യക്തമാക്കി.

തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പ മാതാപിതാക്കളെയും കുഞ്ഞുങ്ങളുടെ തലതൊട്ടപ്പനും അമ്മയുമാകാൻ എത്തിയവരെയും അവരുടെ മാമോദീസയെക്കുറിച്ച് കുട്ടികളോട് സംസാരിക്കാനും അതിന്റെ വാർഷികം ആഘോഷിക്കാനും ക്രിസ്ത്യാനികളാകാനുള്ള കൃപയ്ക്ക് ദൈവത്തിന് നന്ദി പറയാനും ക്ഷണിച്ചു.

"നിങ്ങളുടെ കുട്ടികളെ അവരുടെ മാമോദീസ തീയതി പഠിപ്പിക്കുക, അത് ജന്മദിനം പോലെയാണ്, കാരണം ജ്ഞാനസ്നാനത്തോടെ നാം ക്രിസ്തീയ ജീവിതത്തിലേക്ക് പുനർജനിക്കുന്നു" പാപ്പ പറഞ്ഞു.

ചെറിയവരായിരിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കാൻ മാർപ്പാപ്പ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു. കാരണം പ്രാർത്ഥനയാണ് ജീവിതത്തിലുടനീളം ശക്തി നൽകുന്നത്. നല്ല സമയങ്ങളിൽ ദൈവത്തിന് നന്ദി പറയാനും മോശമായ സമയങ്ങളിൽ ശക്തി കണ്ടെത്തുന്നതിനും പ്രാർത്ഥന സഹായിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.

പ്രത്യേകിച്ച് എപ്പോഴും കുഞ്ഞുങ്ങളോട് അടുത്തിരിക്കുന്ന മാതാവിനോട് പ്രാർത്ഥിക്കാൻ അവരെ പഠിപ്പിക്കണം. കാരണം "അമ്മമാർ അങ്ങനെയാണ്, ആ സാന്നിധ്യം മഹത്തരമാണ്" പാപ്പ വ്യക്തമാക്കി.

ചാപ്പലിനുള്ളിൽ ആയിരിക്കുമ്പോൾ കുഞ്ഞുങ്ങളെ കരയാൻ അനുവദിക്കണമെന്നും അവർക്ക് വിശന്നാൽ മുലയൂട്ടാൻ മടിക്കേണ്ടതില്ലെന്നും അവർ വളരെയധികം ചൂട് അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ നിർദേശിച്ചു.

അതിലേറെ പ്രധാനമായി "അവർ ക്രിസ്ത്യാനികളാകാൻ പഠിക്കട്ടെ" എന്നും പാപ്പ ആഹ്വാനം ചെയ്തു.

“ഇന്ന് ഒരു തിരുന്നാൾ ദിനമാണ്. നിങ്ങളുടെ കുഞ്ഞുങ്ങളെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്ന മനോഹരമായ ഒരു ക്രിസ്തീയ യാത്രയുടെ തുടക്കത്തിന്റെ തിരുന്നാൾ. അവർക്ക് മാമോദീസ നൽകാനുള്ള നിങ്ങളുടെ തീരുമാനത്തിന് നന്ദി!” മാർപ്പാപ്പ ഉപസംഹരിച്ചു.

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാളിൽ സിസ്റ്റൈൻ ചാപ്പലിൽ വത്തിക്കാൻ ജീവനക്കാരുടെ കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകുന്ന പാരമ്പര്യം 1981 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് സ്ഥാപിച്ചത്.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.