അമേരിക്കയിൽ ആറ് വയസുകാരൻ അധ്യാപികയെ വെടിവെച്ച സംഭവം: തോക്ക് കുട്ടിയുടെ അമ്മയുടേതെന്ന് പോലീസ്

അമേരിക്കയിൽ ആറ് വയസുകാരൻ അധ്യാപികയെ വെടിവെച്ച സംഭവം: തോക്ക് കുട്ടിയുടെ അമ്മയുടേതെന്ന് പോലീസ്

വാഷിംഗ്ടൺ: അമേരിക്കയിലെ വെർജീനിയ എലിമെന്ററി സ്കൂളിൽ ആറ് വയസുകാരൻ അധ്യാപികയെ വെടിവെച്ചത് തന്റെ അമ്മയുടെ തോക്ക് ഉപയോഗിച്ച്. കുട്ടിയുടെ അമ്മ നിയമപരമായി വാങ്ങിയ കൈത്തോക്ക് ഉപയോഗിച്ച് കുട്ടി മനപ്പൂര്‍വം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളിലെ ഒന്നാം ക്ലാസ് ക്ലാസ് മുറിയില്‍ വെച്ച് വിദ്യാർത്ഥി തന്റെ അധ്യാപികയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന് തൊട്ടുമുമ്പ് കുട്ടിയും അധ്യാപികയും തമ്മില്‍ വാക്കുതർക്കമുണ്ടായതായി വെര്‍ജീനിയയിലെ പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആദ്യം അധ്യാപിക വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോവുകയും പിന്നീട് സഹായത്തിനായി അഭ്യർത്ഥിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.


സ്കൂളിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രണ്ട് മണിക്ക് ഒരു അധ്യാപികയെ വെടിവച്ചതായി പോലീസിന് ഒരു സന്ദേശം ലഭിച്ചുവെന്നും. ഉടൻ ക്ലാസ് മുറിയിലേക്ക് പോലീസ് എത്തിയപ്പോൾ ആറുവയസുള്ള വിദ്യാർത്ഥിയെ സ്‌കൂൾ ജീവനക്കാരൻ തടഞ്ഞുനിർത്തിയ നിലയിൽ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ന്യൂപോർട്ട് ന്യൂസ് പൊലീസ് അറിയിച്ചു. 25 കാരിയായ അധ്യാപിക ആശുപത്രിയിൽ തുടരുകയാണ്. അവരുടെ കൈയിലും നെഞ്ചിന്റെ മുകൾഭാഗത്തും വെടിയേറ്റത്. നിലവിൽ ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

കുട്ടി ടീച്ചർക്ക് നേരെ ഒരു റൗണ്ട് നിറയൊഴിച്ചതായി പോലീസ് മേധാവി സ്റ്റീവ് ഡ്രൂ പറഞ്ഞു. "വെടിവെയ്പ്പ് ആകസ്മികമല്ല, അത് മനഃപൂർവ്വമായിരുന്നു" അദ്ധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 550 ഓളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ മെറ്റൽ ഡിറ്റക്ടറുകൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാ കുട്ടികളെയും പരിശോധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.

കൊച്ചുമക്കളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്ന ഒരു സ്‌ത്രീയാണ് സ്‌കൂളിന്റെ ഫ്രണ്ട് ഓഫീസിന്റെ വാതിൽപ്പടിയിൽ അധ്യാപികയെ വെടിയേറ്റ ശേഷം ആദ്യം കാണുന്നത്. "911 എന്ന നമ്പറിൽ വിളിക്കൂ, എനിക്ക് വെടിയേറ്റു" എന്ന് പറഞ്ഞ അദ്ധ്യാപിക ഉടൻ തന്നെ ബോധരഹിതയായി വീണതായി അവർ വ്യക്തമാക്കി.

കുട്ടിയുടെ കയ്യിൽ നിന്ന് ആയുധം പിടിച്ചെടുക്കാൻ അധ്യാപിക ശ്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് മറ്റൊരു രക്ഷിതാവ് പറയുന്നു. വിദ്യാർത്ഥിയുടെ ക്ലാസിൽ നിന്ന് 9 എംഎം ടോറസ് പിസ്റ്റളും കുട്ടിയുടെ ബാഗും മൊബൈൽ ഫോണും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തോക്ക് നിയമപരമായി വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നതാണെന്ന് കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായും പോലീസ് മേധാവി സ്റ്റീവ് ഡ്രൂ കൂട്ടിച്ചേർത്തു.


പോലീസ് മേധാവി സ്റ്റീവ് ഡ്രൂ

കുട്ടിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൽക്കാലിക തടങ്കൽ ഉത്തരവ് തേടുമെന്ന് പോലീസ് പറഞ്ഞു.

കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെയും പരിചാരകരുടെയും ഉടമസ്ഥതയിലുള്ള സുരക്ഷിതമല്ലാത്ത തോക്കുകള്‍ കൈവശം വയ്ക്കുകയും അബദ്ധവശാല്‍ തങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കുന്നതിനെയും കുറിച്ച് തോക്ക് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘എവരി ടൗണ്‍ ഫോര്‍ ഗണ്‍ സേഫ്റ്റി’ എന്ന അഭിഭാഷക ഗ്രൂപ്പിന്റെ ഗവേഷണം 2022ല്‍ കാണിക്കുന്നത്, 301 ആകസ്മികമായ വെടിവയ്പുകളെങ്കിലും അമേരിക്കയിൽ ഉണ്ടായി എന്നാണ്. ഇതില്‍ 133 മരണങ്ങളും 180 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അമേരിക്കൻ സീക്രട്ട് സര്‍വീസില്‍ നിന്നുള്ള 2019 ലെ റിപ്പോര്‍ട്ടില്‍ തോക്കുകള്‍ ഉപയോഗിക്കുന്ന മിക്ക സ്‌കൂള്‍ ആക്രമണകാരികള്‍ക്കും അവരുടെ വീടുകളില്‍ നിന്നാണ് ആയുധം ലഭിച്ചിട്ടുള്ളതെന്നാണ്. തോക്കുകള്‍ മാതാപിതാക്കളുടെയോ മറ്റു ബന്ധുക്കളുടെയോ ഉടമസ്ഥതയിലുള്ളതാണെന്നും കണ്ടെത്തി.

നാഷനല്‍ ഫയര്‍ആം സര്‍വേയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചുള്ള ഒരു പഠനമനുസരിച്ച്, അമേരിക്കയിലെ ഏകദേശം 4.6 ദശലക്ഷം കുട്ടികള്‍ 2021ല്‍ അണ്‍ലോക്ക് ചെയ്തതും ലോഡുചെയ്തതുമായ ഒരു തോക്കെങ്കിലും ഉള്ള ഒരു വീട്ടിലാണ് താമസിക്കുന്നത്.

മുമ്പ് മിഷിഗണിൽ 2000 ഫെബ്രുവരിയില്‍ 6 വയസ്സുള്ള കെയ്‌ല റോളണ്ടിനെ അവളുടെ സ്‌കൂളില്‍ വെച്ച് ആറു വയസുള്ള ഒരു സഹപാഠി വെടിവച്ചു കൊന്നു സംഭവം ഉണ്ടായിട്ടുണ്ട്. വെടിവെച്ച ആണ്‍കുട്ടി, കെയ്‌ലയെ ഭയപ്പെടുത്താന്‍ സ്‌കൂളിലേക്ക് തോക്ക് കൊണ്ടുവന്നതായാണ് റിപ്പോർട്ടുകൾ. ആ ദാരുണസംഭവം രാജ്യവ്യാപകമായി കൂടുതല്‍ തോക്ക് സുരക്ഷയ്ക്കുള്ള ആഹ്വാനത്തിന് കാരണമായിരുന്നു.

അന്ന് കെയ്‌ല റോളണ്ടിനെ വെടിവെച്ചുകൊന്ന 6 വയസ്സുകാരനെതിരെ കുറ്റം ചുമത്തിയിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ അയാള്‍ക്ക് പ്രായമായില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. അതേസമയം, ആറു വയസ്സുകാരനൊപ്പം വീട്ടില്‍ താമസിച്ചിരുന്ന മുതിര്‍ന്നയാള്‍ക്ക് കുട്ടിക്ക് തോക്ക് ലഭ്യമാക്കിയതിന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടു. ഇയാള്‍ ഷൂ ബോക്‌സിലാണ് തോക്ക് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.