ന്യൂയോർക്ക് സിറ്റിയിൽ ഏഴായിരത്തിലധികം നഴ്സുമാർ പണിമുടക്കുന്നു

ന്യൂയോർക്ക് സിറ്റിയിൽ ഏഴായിരത്തിലധികം നഴ്സുമാർ പണിമുടക്കുന്നു

ന്യൂയോർക്ക്: ശമ്പളവും സ്റ്റാഫിംഗ് നിലവാരവും സംബന്ധിച്ച കരാര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ രണ്ട് പ്രശസ്ത ആശുപത്രികളില്‍ നഴ്‌സുമാരുടെ പണിമുടക്ക്. രണ്ട് ആശുപത്രികളിലുമായി 7000 നഴ്സുമാരാണ് സമരം ചെയ്യുന്നത്. ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ അറിയിച്ചു.

ബ്രോങ്ക്‌സിലെ മോണ്ടിഫിയോർ മെഡിക്കൽ സെന്ററിലെയും മാൻഹട്ടനിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിലെയും 7,000 നഴ്‌സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നതെന്നും അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ എമർജൻസി റൂം സന്ദർശനം, പ്രസവം തുടങ്ങിയ പരിചരണത്തിൽ രോഗികൾക്ക് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.


കോവിഡ് പകർച്ചവ്യാധിക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതും ഈ വർഷത്തെ പനി സീസണും രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിലുടനീളമുള്ള ആരോഗ്യ സംരക്ഷണ മേഖലയെ സമ്മർദ്ദത്തിലാക്കി. ഇതോടെയാണ് നഴ്‌സുമാരും അവരുടെ തൊഴിലുടമകളും തമ്മിൽ പിരിമുറുക്കം വർധിച്ചതെന്നാണ് റിപ്പോർട്ട്.

തുടർന്ന് നഴ്സസ് യൂണിയനുമായുള്ള കരാർ പുതുക്കാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ആശുപത്രികളിൽ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. മറ്റ് ആശുപത്രികൾ വേതനവർധന ഉറപ്പാക്കിക്കൊണ്ട് യൂണിയനുമായി പുതിയ കരാർ ഉണ്ടാക്കിയതിനാൽ സമരം വ്യാപിക്കാനിടയില്ല.

മെച്ചപ്പെട്ട വേതനത്തിനും സ്റ്റാഫിംഗിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങളുടെ നഴ്‌സുമാര്‍ പിന്നോട്ടില്ലെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് നാന്‍സി ഹഗന്‍സ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പണിമുടക്കിയ നൂറുകണക്കിന് നഴ്‌സുമാർ രണ്ട് ആശുപത്രികൾക്കും പുറത്ത് റാലി നടത്തി.

അതേസമയം ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ മാനേജ്‌മെന്റുമായി ഒരു താല്‍ക്കാലിക കരാറിലെത്തിലെത്തിയതിനാല്‍ സമരത്തില്‍നിന്നു പിന്മാറി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷനും ആശുപത്രി മാനേജ്മെന്റും താല്‍ക്കാലിക കരാറില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.


അതിനിടെ നഴ്‌സുമാർക്ക് 19.1 ശതമാനം സംയുക്ത വേതന വർദ്ധനവ് വാഗ്ദാനം ചെയ്തതായി ആശുപത്രികൾ തിങ്കളാഴ്ച പ്രത്യേക പ്രസ്താവനകളിൽ പറഞ്ഞു. 170 ലധികം പുതിയ നഴ്സിംഗ് തസ്തികകൾ സൃഷ്ടിക്കാൻ മാനേജ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മോണ്ടെഫിയോർ മെഡിക്കൽ സെന്റർ അറിയിച്ചു.

മൂന്ന് വര്‍ഷം കാലാവധിയുള്ള കരാര്‍ പ്രകാരം എല്ലാ വര്‍ഷവും ശമ്പള വര്‍ധനയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ധാരണയായതായി യൂണിയനും വ്യക്തമാക്കി. മറ്റൊരു ആശുപത്രിയായ ഫ്ളഷിംഗ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്റര്‍ വെള്ളിയാഴ്ച നഴ്സുമാരുമായി താല്‍ക്കാലിക കരാറില്‍ എത്തിച്ചേര്‍ന്നു.

അതിനിടെ നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജോലി സ്തംഭനം മൂലം ഉണ്ടാകുന്ന ഏത് വെല്ലുവിളികളെയും നേരിടാൻ നഗരത്തിലെ ആരോഗ്യസംരക്ഷണ സംവിധാനം തയ്യാറാണെന്നും ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറഞ്ഞു.


അതേസമയം, ബ്രിട്ടനിലും നഴ്സുമാരുടെ സമരം തുടരുകയാണ്. ഇവിടെ അവസാനിപ്പിക്കുന്നതിനായി യൂണിയൻ പ്രതിനിധികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് വേതനവർധന ആവശ്യപ്പെട്ട് നഴ്സുമാരും ആംബുലൻസ് ജീവനക്കാരും സമരം ചെയ്യുന്നത്.

നഴ്സുമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. എന്നാൽ, പണപ്പെരുപ്പത്തിന്റെ പേരിലുള്ള വേതന വർധന വീണ്ടും പണപ്പെരുപ്പത്തിലേക്കു നയിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. സമരത്തിന്റെ ഭാഗമായി ഡിസംബറിൽ രണ്ട് ദിവസം പണിമുടക്കിയ നഴ്സുമാർ വരുന്ന 18 ,19 തിയതികളിൽ വീണ്ടും പണിമുടക്കുന്നുണ്ട്. അതിനു മുൻപ് ഒത്തുതീർപ്പിലെത്താനുള്ള ശ്രമത്തിലാണ് സർക്കാർ.

കൂടുതൽ വായനയ്ക്ക്...

ന്യൂയോര്‍ക്കില്‍ 8000ലേറെ നഴ്സുമാര്‍ തിങ്കളാഴ്ച്ച സമരത്തിന്; ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.